നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങൾ മുണ്ടു മുറുക്കിയുടുത്തു കൃത്യമായ നികുതി നൽകുന്നതുകൊണ്ടാണ് രാജ്യത്തെ വികസന പദ്ധതികൾ മുന്നോട്ടുപോകുന്നത്. സന്പന്നരും സിനിമാതാരങ്ങളു മൊക്കെ സുഖജീവിതവും നികുതിവെട്ടിപ്പും ഒരുപോലെ മുന്നോട്ടു
കൊണ്ടുപോകുന്നുമുണ്ട്.
കുടിശിക കൃത്യമായി പിരിക്കാതെ ജനങ്ങൾക്കുമേൽ പുതിയ നികുതി ഏർപ്പെടുത്തി സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ഏതു സർക്കാരിന്റെയും കെടുകാര്യസ്ഥതയാണ്. നിർഭാഗ്യവശാൽ, കേരളം ഭരിക്കുന്നവരും അത്തരമൊരു വിമർശനം നേരിടേണ്ടി വന്നു. തുടർന്നു ചരക്കു സേവന നികുതി (ജിഎസ്ടി) വകുപ്പ് സർക്കാർ പുനഃസംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ, നികുതിവെട്ടിപ്പു കണ്ടെത്താനായി രൂപീകരിച്ച ഇന്റലിജൻസ് വിഭാഗത്തിൽ അഴിമതിയുടെ പേരിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുമുണ്ടെന്നാണ് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. സർക്കാരിന്റെ അറിവില്ലാതെ ഇത്തരം ഉന്നത നിയമനങ്ങൾ നടക്കുമെന്നു കരുതാനാവില്ല. ഇനി അറിയാതെയാണ് നിയമനമെങ്കിൽ അതു തിരുത്തേണ്ടതല്ലേ?
ഓപ്പറേഷൻ മൂൺ സ്റ്റാർ എന്ന പേരിൽ സംസ്ഥാനത്തെ 33 ഹോട്ടലുകളിൽ ജിഎസ്ടി വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പു കണ്ടെത്തിയിരുന്നു. എന്നാൽ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളെത്തുടർന്ന്, ക്രമക്കേടു കണ്ടെത്തിയ ഫയലുകളിൽപോലും തുടർനടപടികൾ ഉണ്ടായില്ലെന്നു ദീപിക കഴിഞ്ഞ നാലിനു റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, പിഴയീടാക്കാതെ മുക്കിയ ഫയലുകളിൽ പരിശോധന നടത്താൻ ഇന്റലിജൻസ് വിഭാഗത്തിനു നിർദേശം നൽകിയെന്നത് നല്ല കാര്യമാണ്. എന്നാൽ, നികുതിവെട്ടിപ്പു കണ്ടെത്താനായി രൂപീകരിച്ച ഇന്റലിജൻസ് വിഭാഗത്തിൽ പോലും ആരോപണവിധേയരായ ഉദ്യോഗസ്ഥരുണ്ടെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ക്രമക്കേടും അവിഹിത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരും ജിഎസ്ടി ഇന്റലിജൻസിൽ ഉൾപ്പെട്ടിരിക്കുന്നു. നികുതിപിരിവിനെയും സർക്കാരിന്റെ പ്രതിച്ഛായയെയും ബാധിക്കുമെന്നറിയാമായിട്ടും എന്തുകൊണ്ടാണ് ഇത്തരം ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനങ്ങളിലെത്താനാകുന്നത്?
ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കേണ്ട വാണിജ്യ കേന്ദ്രം ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരേയും നിലവിൽ വിജിലൻസ് അന്വേഷണം നടന്നുവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള വകുപ്പുതല വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് വിജിലൻസ് അധികൃതർ കഴിഞ്ഞ സെപ്റ്റംബർ 17നു കത്തു നൽകിയെങ്കിലും വിവരങ്ങൾ രണ്ടുദിവസം മുന്പുവരെ ജിഎസ്ടി വകുപ്പു കൈമാറിയിട്ടില്ലെന്നാണു സൂചന. ഭരണാനുകൂല സർവീസ് സംഘടനയുടെ ഭാരവാഹികൂടിയായ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ സ്വാധീനമാണ് വിജിലൻസ് അന്വേഷണത്തെപോലും വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
ജിഎസ്ടി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് ജനുവരി 10നാണ്. ടാക്സ് പേയർ സർവീസസ്, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്നു ശ്രേണിയിലായി വകുപ്പിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടുമെന്നും നികുതി വരുമാനം ചോർച്ചയില്ലാതെ പിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്കടുക്കാൻ പുനഃസംഘടന ഉപകരിക്കുമെന്നുമാണ് ധനമന്ത്രി പറഞ്ഞത്. 24 ഡെപ്യൂട്ടി കമ്മീഷണർമാരുടെയും 380 അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരുടെയും തസ്തികകൾ പുതുതായി സൃഷ്ടിച്ചു. 31 ടാക്സ് പേയർ ഡിവിഷനും 94 ടാക്സ് പേയർ യൂണിറ്റും ഏഴ് ഓഡിറ്റ് സോണും 41 ഇന്റലിജൻസ് യൂണിറ്റും 47 എൻഫോഴ്സ്മെന്റ് യൂണിറ്റും നിലവിൽ വരികയും ചെയ്തു. ഇന്റലിജൻസ് വിഭാഗത്തിന്റെ ഉന്നതശ്രേണിയിലാണ് വിജിലൻസ് ആന്ഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അഴിച്ചുപണികൊണ്ട് എന്താണു പ്രയോജനം?
ജിഎസ്ടിയിൽ തട്ടിപ്പു നടക്കുന്നതു കേരളത്തിൽ മാത്രമല്ല. രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 719 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അന്വേഷണത്തിൽ, 22,300-ലധികം വ്യാജ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് കഴിഞ്ഞ നവംബറിൽ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവർ വീണ്ടും രക്ഷപ്പെടുന്ന സ്ഥിതി അപൂർവമാണ്. സാന്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന കേരളത്തിൽ അതു സംഭവിക്കാൻ പാടില്ല. ഹോട്ടലുടമകൾ മാത്രമല്ല, പരിശോധന നടത്തിയാൽ വൻകിട ബിസിനസുകാരിൽ പലരും പിടിയിലാകും. കഴിഞ്ഞ ജനുവരിയിൽ, 12 സിനിമാ നടന്മാർ നികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു.
പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങൾ മുണ്ടു മുറുക്കിയുടുത്തു കൃത്യമായ നികുതി നൽകുന്നതുകൊണ്ടാണ് രാജ്യത്തെ വികസനപദ്ധതികൾ മുന്നോട്ടുപോകുന്നത്. സന്പന്നരും സിനിമാതാരങ്ങളുമൊക്കെ സുഖജീവിതവും നികുതിവെട്ടിപ്പും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായമില്ലെങ്കിൽ ഒരു നികുതി വെട്ടിപ്പും സാധ്യമല്ല. കേരളത്തിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഈ തട്ടിപ്പിനു കൂട്ടുനിൽക്കില്ലെന്നു തീരുമാനിക്കുമോ എന്ന ഒരൊറ്റ ചോദ്യമേ പ്രസക്തമായിട്ടുള്ളു.