അധ്യാപകരുടെ നിയന്ത്രണവും ഇല്ലാതായിരിക്കുന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട മാസങ്ങളാണിത്. രസകരവും ആരോഗ്യപ്രദവും ക്രിയാത്മകവുമായ അവധിക്കാലം കുട്ടികൾക്ക് ഉറപ്പാക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനുമൊക്കെ ഉത്തരവാദിത്വമുണ്ട്.
വീണ്ടുമൊരു അവധിക്കാലം അതിന്റെ ആഘോഷങ്ങളെല്ലാം പുറത്തെടുത്തു തുടങ്ങി. പക്ഷേ, അപ്രതീക്ഷമായി കടന്നുവരാനിടയുള്ള ദുരന്തങ്ങളെ അകറ്റി നിർത്താൻ ചില മുൻകരുതലുകൾ ഇല്ലെങ്കിൽ കളി കാര്യമാകും. കുട്ടികളുടെ മുങ്ങിമരണങ്ങളും അപകടമരണങ്ങളും അവധിക്കാലത്തു വർധിക്കും.
കായംകുളം കായലിൽനിന്ന് മൂന്നു വിദ്യാർഥികളുടെ ചേതനയറ്റ മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ നെഞ്ചുപൊട്ടിയ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും അടക്കാനാവാത്ത നൊന്പരം അത് അടിവരയിട്ടു പറയുന്നു. ജലാശയങ്ങളിൽ കുളിക്കാനിറങ്ങിയവരും ഇരുചക്രവാഹനങ്ങളിൽനിന്നു വീണവരുമൊക്കെ മരണത്തെ പുൽകിയ വാർത്തകൾ കൂടുകയാണ്. മയക്കുമരുന്നിന്റെ വലകളിൽ കുരുങ്ങാനുള്ള സാധ്യതകളുമേറെ. ഈ അവധിക്കാലം ആപത്തുകാലമാകരുത്; കരുതിയിരിക്കണം.
കായംകുളം ചൂളത്തെരുവിൽ എൻടിപിസിയുടെ സോളാർ പാനൽ കാണാൻ എത്തിയ മൂന്നു വിദ്യാർഥികളാണ് കായലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മൂന്നു കുടുംബങ്ങളെ കണ്ണീർക്കയത്തിലാക്കിയാണ് എട്ടാം ക്ലാസ് വിദ്യാർഥികളായിരുന്ന മൂന്നു പേരും മരിച്ചത്. കഴിഞ്ഞ മാസമാണ് അടിമാലിയിൽനിന്ന് ഇടുക്കി മാങ്കുളത്ത് വിനോദയാത്രയ്ക്കെത്തിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്ത് വർഷം തോറുമുള്ള ശരാശരി മുങ്ങിമരണം 1500 ആയിരുന്നു. എന്നാൽ, 2021ൽ ഇത് രണ്ടായിരമായി ഉയർന്നു. കഴിഞ്ഞ വർഷം ഫയർഫോഴ്സ് മാത്രം കൈകാര്യം ചെയ്തത് 960 അപകടങ്ങളാണ്. അതിൽ 557 പേർ മരിച്ചു.
238 പേരും 30 വയസിൽ താഴെയുള്ളവരാണ്. അതിലേറെയും ആൺകുട്ടികൾ. മുങ്ങിമരണങ്ങളുടെ ഏതു കാലത്തെ കണക്കെടുത്താലും മരിക്കുന്നവരിൽ 95 ശതമാനവും നീന്തലറിയാവുന്നവരാണ് എന്നുകൂടി തിരിച്ചറിയണം. നീന്തലറിയാവുന്നതുകൊണ്ടു മാത്രം വെള്ളത്തിൽ മുങ്ങിയുള്ള മരണം ഒഴിവാക്കാനാവില്ല. അപരിചിതമായ ജലാശയങ്ങളിൽ ഒളിച്ചിരിക്കുന്ന മരണത്തെ തിരിച്ചറിയാനും രക്ഷപ്പെടാനും ആർക്കും പ്രത്യേകിച്ച് കുട്ടികൾക്കു സാധിക്കില്ല. വിദ്യാർഥികൾപോലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചശേക്ഷം കുളിക്കാനിറങ്ങുന്നത് വർധിച്ചിട്ടുണ്ട്. അവർക്ക് അമിതമായ ആത്മവിശ്വാസമുണ്ടെങ്കിലും അതിനനുസരിച്ച് ശരീരം പ്രവർത്തിക്കില്ല. ജലാശയങ്ങളുടെ ആകർഷണീയത കൗമാരക്കാർക്ക് പലപ്പോഴും അവഗണിക്കാനാവില്ല. പക്ഷേ, പാറകളും ചതുപ്പും അടിയൊഴുക്കും ചുഴിയുമൊക്കെ അതിലെ മൂടിവയ്ക്കപ്പെട്ടിരിക്കുന്ന മരണക്കെണികളാണ്.
മുങ്ങിമരണങ്ങളിലേറെയും അപരിചിതമായ സ്ഥലങ്ങളിലെ ജലാശയങ്ങളിലാണ്. വിനോദയാത്രയിലോ ബന്ധുവീട് സന്ദർശന സമയത്തോ കൂട്ടുകാർക്കൊപ്പമുള്ള കുളിക്കാൻ പോക്കിലോ ആണ് അവ സംഭവിക്കാറുള്ളത്. കടലിൽ മുങ്ങിമരിക്കുന്നതും വർധിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം കടലിന്റെയും തിരമാലകളുടെയും സ്വഭാവത്തിൽ പ്രവചിക്കാനാവാത്ത വ്യതിയാനങ്ങളുണ്ടാക്കും. കൗമാര പ്രായക്കാരുടെ സാഹസികതകളാണ് പലപ്പോഴും അപകടത്തിനു വഴിവയ്ക്കുന്നത്. സംഘം ചേർന്നു കുളിക്കാൻ പോകുന്പോൾ ഒപ്പമുള്ളത് അതേ പ്രായത്തിലുള്ളവരായിരിക്കും. അപകട സാധ്യതകളെക്കുറിച്ച് അത്ര വേവലാതിയൊന്നും ഇക്കൂട്ടർക്കുണ്ടാവില്ല.
കൂടുതൽ സമയം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും കൂടുതൽ ദൂരം നീന്താൻ ശ്രമിക്കുന്നതും മറ്റുള്ളവരെ കാണിക്കാൻ ഇല്ലാത്ത കഴിവുകൾ പുറത്തെടുക്കുന്നതുമൊക്കെ പ്രായത്തിന്റെ സ്വാഭാവികതകളാണ്. മാതാപിതാക്കൾ ഒപ്പമില്ലെങ്കിൽ കുട്ടികളുടെ സുരക്ഷിതത്വത്തിൽ ശ്രദ്ധയുള്ള മുതിർന്ന മറ്റാരെങ്കിലും ഉണ്ടാകണം. അവധിക്കാലത്ത് നീന്തൽ പഠിപ്പിക്കുന്നതു നല്ലതാണ്. അപസ്മാരവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ളവർ നീന്താനിറങ്ങുന്പോൾ മുൻകരുതലെടുക്കണം. നീന്തലിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലാത്തവർ മുങ്ങിത്താഴുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം പിടിച്ചു കയറാൻ കയറോ നീണ്ട മരക്കന്പോ പോലെയുള്ളവ നീട്ടിക്കൊടുക്കുകയാണു വേണ്ടത്. വിജനമായതോ അപരിചിതമായ സ്ഥലങ്ങളിലോ രാത്രിയിലോ കുളിക്കാനിറങ്ങരുത്.
ഇരുചക്രവാഹനങ്ങൾ മൂലമുള്ള അപകടങ്ങളും വർധിക്കുകയാണ്. അവധിയായതിനാൽ രാവിലെ വീട്ടിൽനിന്നിറങ്ങുന്ന കുട്ടികൾ പലപ്പോഴും കൂട്ടുകാരുടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും വാഹനമോടിക്കാൻ പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ പതിവാണ്. മയക്കുമരുന്നു പിടിച്ചെന്ന വാർത്തകൾ എന്നുമുണ്ടെങ്കിലും പിടിക്കാത്തത് അതിലേറെയാണെന്നു വ്യക്തം. പോലീസ് എത്ര പിടിച്ചെടുത്താലും ആവശ്യക്കാർക്ക് ‘സാധനം’ കിട്ടാൻ പഞ്ഞമില്ല. കളിക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്നു പോകുന്നവരുടെ പുത്തൻകൂട്ടുകാർ ആരൊക്കെയെന്നോ പഴയ കൂട്ടുകാരുടെ തനിനിറമെന്തെന്നോ മാതാപിതാക്കളിലേറെയും അറിയുന്നില്ല.
അധ്യാപകരുടെ നിയന്ത്രണവും ഇല്ലാതായിരിക്കുന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട മാസങ്ങളാണിത്. രസകരവും ആരോഗ്യപ്രദവും ക്രിയാത്മകവുമായ അവധിക്കാലം കുട്ടികൾക്ക് ഉറപ്പാക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനുമൊക്കെ ഉത്തരവാദിത്വമുണ്ട്. മധ്യവേനൽ അവധിക്കു വീട്ടിലുള്ള മക്കളെല്ലാം പുതിയ അധ്യയന വർഷത്തിൽ സ്കൂളിലെത്താൻ ജീവനോടെയുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം.