സ്വതന്ത്രമായ മാധ്യമപ്രവർത്തനം നല്ലതോ ചീത്തയോ ആകാം. പക്ഷേ, സ്വതന്ത്രമല്ലാത്ത മാധ്യമ പ്രവർത്തനം ചീത്തയല്ലാതെ മറ്റൊന്നുമാകില്ലെന്ന ആൽബേർ കാമുവിന്റെ വാക്കുകൾ മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ മുന്നറിയിപ്പായി കാണാറുണ്ട്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ അപമാനകരമായ നിലയിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. 180 രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടിൽ 161-ാം സ്ഥാനമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യക്കുള്ളത്. വെറും 19 രാജ്യങ്ങളാണ് ഇന്ത്യയെക്കാൾ മോശമായിട്ടുള്ളത്. എന്നിട്ടും, നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സമൂഹത്തിനും വ്യക്തിജീവിതത്തിനുമൊന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നു കരുതി സ്വസ്ഥമായിരിക്കാൻ നാം പരിശീലിച്ചുകഴിഞ്ഞോ? അതല്ലേ, നഷ്ടപ്പെടുന്ന മാധ്യമസ്വാതന്ത്ര്യത്തെക്കാൾ അപകടം?
മാധ്യമപ്രവർത്തനം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നു വ്യക്തമാക്കിയത് ആഗോള മാധ്യമ കൂട്ടായ്മയായ ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ (ആർഎസ്എഫ്) പുറത്തിറക്കിയ മാധ്യമ സ്വാതന്ത്ര്യ സൂചികയിലാണ്. മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യമുള്ള 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. കഴിഞ്ഞ വർഷത്തെ 157-ാം സ്ഥാനത്തുനിന്ന് നില മെച്ചപ്പെടുത്തി പാക്കിസ്ഥാൻ 150-ാം സ്ഥാനത്തെത്തിയപ്പോൾ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 161-ലേക്ക് തരം താഴ്ന്നിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളായ നോർവേ, അയർലണ്ട്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. ഫ്രാൻസിലെ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എല്ലാ വർഷവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിംഗ് പുറത്തിറക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചനാ പദവിയുള്ള ആർഎസ്എഫ് മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ്. ലോക രാഷ്ട്രങ്ങൾക്കു സ്വീകാര്യമായ റിപ്പോർട്ടിൽ അപാകതയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്നതിനു പകരം അതു തങ്ങൾ അംഗീകരിക്കുന്നില്ലെന്നും വിശ്വാസ്യയോഗ്യമല്ലെന്നുമാണ് കേന്ദ്ര വാർത്താ വിതരണ വകുപ്പു മന്ത്രി അനുരാഗ് താക്കൂർ ഇതിനു മുന്പത്തെ റിപ്പോർട്ട് പുറത്തുവന്നയുടനെ പാർലമെന്റിൽ പറഞ്ഞത്.
ആഗോള റിപ്പോർട്ടുകളും ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലെന്നപോലെ പ്രതിസന്ധി നേരിടുകയാണെന്നു പറയുന്പോഴും കേന്ദ്രം കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകാൻ പോലും മടിക്കുന്ന പ്രധാനമന്ത്രി തന്റെ ഏകപക്ഷീയ സന്ദേശമായ ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണ പരിപാടിയുടെ 100-ാമത്തെ എപ്പിസോഡ് ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. അത്തരം പ്രചാരണങ്ങളെ അപ്രസക്തമാക്കിയിരിക്കുകയാണ് മാധ്യമസ്വാതന്ത്യ റിപ്പോർട്ട്. വിമർശിക്കുന്നവരെയും പ്രതിപക്ഷത്തെയും കേൾക്കാൻ മടിക്കുന്നതിന്റെ അനിവാര്യമായ പതനത്തെ ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം തടഞ്ഞതും തുടർന്ന് ബിബിസിക്കെതിരേ സർക്കാർ തലത്തിലുണ്ടായ പ്രതികരണങ്ങളും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളുമൊക്കെ ലോകം കണ്ടതാണ്. ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഫയൽ ചെയ്ത അപകീർത്തി കേസിൽ ഡൽഹി കോടതി ബിബിസിക്കു സമൻസ് അയച്ചിട്ടുമുണ്ട്.
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പത്രങ്ങൾക്കും ചാനലുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമൊക്കെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ രഹസ്യമല്ല. അടിയന്തരാവസ്ഥക്കാലത്തൊഴിച്ചാൽ അത്തരം മാധ്യമനിയന്ത്രണ ശ്രമങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടുമില്ല. ദേശീയ വാർത്താ മാധ്യമങ്ങളെ പരോക്ഷമായെങ്കിലും നിയന്ത്രണത്തിലാക്കിയതിനു പിന്നാലെ, പ്രാദേശിക വാർത്തകൾ സംപ്രേഷണം ചെയ്യണമെങ്കിൽ കേബിൾ ടിവി ചാനലുകൾ പ്ലാറ്റ്ഫോം സർവീസുകൾ (പിഎസ്) എന്ന നിലയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിർദേശിച്ചത് മാസങ്ങൾക്കു മുന്പാണ്. അതിനു തൊട്ടുമുന്പ്, കഴിഞ്ഞ ഒക്ടോബറിൽ സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ 2021ലെ ഐടി ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഇതനുസരിച്ച്, നിയന്ത്രണങ്ങളുടെ പേരിലുള്ള അപ്പീലുകളിൽ അന്തിമമായ തീരുമാനം സർക്കാരിൽ നിക്ഷിപ്തമായി. മറ്റൊന്ന് ‘ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ’ എന്ന പേരിൽ കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഭേദഗതിയാണ്. ഇത്തരം നിയന്ത്രണങ്ങളെല്ലാം പരസ്പര പൂരകങ്ങളാണ്. വിമർശനങ്ങളെ അവഗണിച്ച്, പാർട്ടി അണികളുടെയും അനുഭാവികളുടെയും അന്ധമായ പിന്തുണയിൽ അഭിരമിക്കുന്നവർ ജനാധിപത്യത്തിന്റെ ചുവരിലുള്ള യാഥാർഥ്യത്തിന്റെ കണ്ണാടി പൊട്ടിക്കുകയാണ്.
സ്വതന്ത്രമായ മാധ്യമപ്രവർത്തനം നല്ലതോ ചീത്തയോ ആകാം. പക്ഷേ, സ്വതന്ത്രമല്ലാത്ത മാധ്യമ പ്രവർത്തനം ചീത്തയല്ലാതെ മറ്റൊന്നുമാകില്ലെന്ന ആൽബേർ കാമുവിന്റെ വാക്കുകൾ മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവർ മുന്നറിയിപ്പായി കാണാറുണ്ട്. മറ്റെല്ലാ സ്വാതന്ത്ര്യത്തെയും പ്രതിഫലിപ്പിക്കുന്ന മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ കണ്ണാടിയാണ്, പൊട്ടിക്കരുത്.