മയക്കുമരുന്നിനടിമയായിത്തീർന്ന ഒരധ്യാപകന്റെ കുത്തേറ്റു മരിച്ച യുവ ഡോക്ടർ വന്ദന കേരളത്തിന്റെ കണ്ണീർത്തുള്ളിയായിരിക്കുന്നു. ഏകമകൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖവും പരിഹരിക്കാനാവാത്ത നഷ്ടവും മനുഷ്യത്വമുള്ള എല്ലാ മനുഷ്യരുടേതുമാണ്. അക്രമാസക്തനായ രോഗിയെ കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തുണ്ടായ സുരക്ഷാ വീഴ്ചയാണ് പോലീസുകാരുൾപ്പെടെ നാലു പേർക്കു പരിക്കേൽക്കുന്നതിലും ഡോക്ടറുടെ മരണത്തിലും കലാശിച്ചെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഇതു ഡോക്ടർമാർക്കെതിരേ രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ആക്രമണമായി ചിത്രീകരിക്കുന്നതു തെറ്റായ നിരീക്ഷണമായേക്കും. കാരണം, ഡോക്ടറായതുകൊണ്ടോ പോലീസുകാരായതുകൊണ്ടോ അല്ല അവർ പ്രതിയുടെ ആക്രമണത്തിന് ഇരയായത്. ലഹരിക്കടിമയായ പ്രതിയുടെ കുറ്റവാസനയും അക്രമാസക്തിയുമാണ് ആക്രമണ കാരണമെന്നു കരുതേണ്ടിയിരിക്കുന്നു. ഡോക്ടർമാർക്കെതിരേയോ പോലീസുകാർക്കെതിരേയോ ഉള്ള ആക്രമണം എന്നതിലുപരി നാടിനെ വിഴുങ്ങിയിരിക്കുന്ന ലഹരിയുടെ പൈശാചിക മുഖമായിട്ടാണ് ഇതിനെ കാണേണ്ടത്.
കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഡോക്ടർ വന്ദന ദാസ് കുത്തേറ്റു മരിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരധ്യാപകനാണ് പ്രതിയെന്നത് ഞെട്ടലുളവാക്കുന്നതാണ്. വീട്ടിൽ നടത്തിയ അതിക്രമങ്ങൾക്കിടെ കാലിൽ പരിക്കേറ്റ സന്ദീപെന്ന വ്യക്തിയെ പൊലീസും ബന്ധുക്കളും ചേർന്നാണ് പുലർച്ചെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചത്.
പ്രകോപനമൊന്നുമില്ലാതെ ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കിയ പ്രതി പോലീസിനെയും ഹോംഗാർഡിനെയും ഡോക്ടറെയുമുൾപ്പെടെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും നിരവധിത്തവണ ആഴത്തിൽ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഒപ്പമുണ്ടായിരുന്നിട്ടും ആക്രമണം തടയാനായില്ലെന്നത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്. അക്രമാസക്തനായ അധ്യാപകനെ വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. ആ സമയത്ത് അയാൾ ശാന്തനായിരുന്നതിനാലാണ് തങ്ങൾ പുറത്തിറങ്ങിയതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നിന് അടിമയായി സമനിലതെറ്റിയ നിലയിലുള്ള ഒരാൾ താത്കാലികമായി ശാന്തത പ്രകടിപ്പിച്ചാലും ഏതു നിമിഷവും പഴയപടിയാകാമെന്ന സാമാന്യബോധം പോലീസിനില്ലാതെ പോയത് അപഹാസ്യമായി. ഒരു ജീവൻ വിലയായി കൊടുക്കേണ്ടിവന്ന വിവരക്കേട്!
ഇക്കഴിഞ്ഞ ഏപ്രിൽ 29ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതികൾ ഡോക്ടറെയും മറ്റു ജീവനക്കാരെയും ആക്രമിച്ചത് വാർത്തയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരനും പരിക്കേറ്റിരുന്നു. ലഹരിമരുന്നിന് അടിമയായവർ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾകൊണ്ട് നാട്ടിൽ പൊറുതിമുട്ടിയിരിക്കുകയാണ്.
പ്രേക്ഷകരുടെ ആരാധനാ പാത്രങ്ങളായ സിനിമാ നടന്മാർ ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും പരസ്യമായ മയക്കുമരുന്നുപയോഗം നടത്തുന്നതു വാർത്തയിലിടം പിടിച്ചിട്ടു നാളേറെയായെങ്കിലും നടപടിയൊന്നുമില്ല. ഇന്നലെ കൊട്ടാരക്കരയിൽ നടന്ന സംഭവത്തെയും കേരളത്തിലെ മയക്കുമരുന്നുപയോഗത്തിന്റെ അനിയന്ത്രിതമായ അനന്തരഫലമായി കൂടി കാണേണ്ടതുണ്ട്. ഡോക്ടറെന്നോ പോലീസെന്നോ ബന്ധുക്കളെന്നോ തിരിച്ചറിയാനുള്ള വകതിരിവൊന്നും മയക്കുമരുന്നു ക്രിമിനലുകൾക്ക് ഉണ്ടാവില്ല. അത്തരം ക്രിമിനലുകളുടെ എണ്ണം ദിനംപ്രതി കേരളത്തിൽ വർധിക്കുകയാണ്. ഇതു ഡോക്ടർമാരുടെയും പോലീസുകാരുടെയും മാത്രം ജീവനു ഭീഷണിയായ കാര്യമല്ല. ഡോ. വന്ദനയുടെ ദാരുണാന്ത്യം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ദുഃഖവുമല്ല. രോഗിയെന്നോ ഡോക്ടറെന്നോ വ്യത്യാസമില്ലാതെ കേരളമാകെ ഈ വാർത്തയുടെ ദുഃഖഭാരത്തിലും ഭീഷണിയിലുമാണ്.
ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ നിയമനിർമാണം വൈകരുത്. കാഷ്വാലിറ്റികളിലെങ്കിലും പോലീസ് സാന്നിധ്യമുണ്ടാകണം. കുറ്റവാളികളെ ചികിത്സിക്കാൻ എത്തിക്കുന്പോൾ നിശ്ചിത മാനദണ്ഡങ്ങളും കൈവിലങ്ങ് പോലെയുള്ള മുൻകരുതലുമുണ്ടാകണം. അതിലേറെ പ്രധാനമാണ് കേരളത്തിലെ ലഹരി മാഫിയയെ അടിച്ചമർത്തണം എന്നത്.
നാടാകെ മയക്കുമരുന്ന് പിടികൂടുന്നുണ്ടെങ്കിലും നാട്ടിലൊരിടത്തും ഇതിനു ക്ഷാമമില്ല എന്നതാണ് യാഥാർഥ്യം. മയക്കുമരുന്ന് ഏതൊരു വ്യക്തിയെയും അധഃപതനത്തിന്റെ പടുകുഴിയിലാഴ്ത്തും എന്നതിന്റെ ഉദാഹരണമാണ്, ഡോ. വന്ദന കൊലക്കേസിലെ പ്രതി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ നടത്തിയിട്ടുള്ള അധ്യാപകൻകൂടിയാണെന്ന വസ്തുത. കുട്ടികളെ നേർവഴിക്കു നടത്തുന്ന അധ്യാപകർക്കെല്ലാം ഇയാൾ അപമാനവുമായിരിക്കുന്നു. ഈ കേസ് ഹൃദയഭേദകം മാത്രമല്ല, മയക്കുമരുന്നിനെതിരേയുള്ള മുന്നറിയിപ്പുകൂടിയാണ്.