പൂക്കളം നിറയുന്ന വിലക്കയറ്റം!
വിലക്കയറ്റം എന്ന ദുരനുഭവം ജനങ്ങളെ മാസങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. അധരവ്യായാമങ്ങൾക്കപ്പുറത്ത് ഇതിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയാതെ ഭരണകൂടം ഏതാണ്ട് നിസഹായാവസ്ഥ എന്നു തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറിക്കൊണ്ടിരിക്കുന്നു.
സമൃദ്ധിയുടെ ഉത്സവം വറുതിയുടെ വറചട്ടിയിൽ ആഘോഷിക്കേണ്ടിവരുമോ? ഓണം പടിവാതിലിൽ എത്തിനിൽക്കേ പല കുടുംബങ്ങളെയും അലട്ടുന്നത് ഈ ചോദ്യമാണ്. മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുങ്ങുന്പോൾ വിലക്കയറ്റം അതിന്റെ പാരമ്യത്തിലേക്കു കുതിക്കുകയാണ്. പ്രത്യേകിച്ച് ഭക്ഷ്യവിപണിയിൽ.
സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വിലക്കയറ്റംകൊണ്ടു പൂക്കളം തീർക്കുന്ന ഓണക്കാലമായിരിക്കും മലയാളിയെ കാത്തിരിക്കുന്നത്. അവശ്യസാധന വിപണിയിലും മറ്റും വിലക്കയറ്റം എന്നത് പുതിയ കാര്യമല്ല. അത് ഇടയ്ക്കൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യം തന്നെയാണ്.
ചില സീസണുകളിൽ ചില ഉത്പന്നങ്ങൾക്ക് അനിയന്ത്രിതമായി വില കയറുന്നതു വിപണി പലതവണ ദർശിച്ചിട്ടുണ്ട്. ഇങ്ങനെ വില കയറുന്ന അവസരങ്ങളിൽ ഭരണകൂടങ്ങൾ ഫലപ്രദമായി ഇടപെടുകയും വില പിടിച്ചുനിർത്തുകയും ചെയ്യും. പല കാരണങ്ങൾകൊണ്ട് വിലക്കയറ്റം ഉണ്ടാകാം, പൂഴ്ത്തിവയ്പ്, കൃഷിനാശം, ഇന്ധനവില തുടങ്ങി വിപണിയിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ഘടകങ്ങൾ പലതാണ്.
ഇതു യഥാവിധി തിരിച്ചറിഞ്ഞ് ഭരണകൂടങ്ങൾ ഇടപെടുന്പോഴാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുന്നത്. അതിനു ചിലപ്പോൾ പൂഴ്ത്തിവയ്പുകാർക്കെതിരേ നടപടി വേണ്ടിവരും. ക്ഷാമമാണെങ്കിൽ അന്താരാഷ്ട്ര വിപണികളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. ഇങ്ങനെ ഫലപ്രദമായ ഇടപെടലിലൂടെ ഏതാനും ആഴ്ചകൾക്കുള്ളിൽ വിലക്കയറ്റത്തെ വരുതിയിലാക്കുന്ന മാനേജ്മെന്റ് വൈഭവം നമ്മുടെ ഭരണകൂടങ്ങൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തവണത്തെ വിലക്കയറ്റത്തിൽ കാര്യങ്ങൾ അല്പംകൂടി വ്യത്യസ്തമാണോ എന്ന ആശങ്ക വർധിപ്പിക്കുന്നതാണ് നിലവിലെ വിപണിസാഹചര്യം. ആഴ്ചകൾകൊണ്ടു പിടിച്ചുകെട്ടാൻ പറ്റിയിരുന്ന വിലക്കയറ്റം, പ്രത്യേകിച്ച് അവശ്യസാധന വിപണിയിൽ അതിന്റെ എല്ലാ നിയന്ത്രണ ചരടുകളെയും പൊട്ടിച്ചുകൊണ്ട് മാസങ്ങളായി മുകളിലേക്കുതന്നെ പോകുന്നതാണ് കാണുന്നത്. വിലക്കയറ്റം എന്ന ദുരനുഭവം ജനങ്ങളെ മാസങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. അധരവ്യായാമങ്ങൾക്കപ്പുറത്ത് ഇതിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയാതെ ഭരണകൂടം ഏതാണ്ട് നിസഹായാവസ്ഥ എന്നു തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറിക്കൊണ്ടിരിക്കുന്നു.
വിലക്കയറ്റത്തിൽ നാളുകളായി ജനം നട്ടംതിരിയുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് അടിവരയിട്ടുകൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകളും പുറത്തുവന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം പതിനഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ജൂണിൽ 4.81 ശതമാനമായിരുന്ന ഉപഭോക്തൃ വിലസൂചിക ജൂലൈയിൽ 7.44 ശതമാനമായി. അഞ്ചു മാസംകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവദനീയ പരിധിയായ ആറ് മറികടന്നു. പച്ചക്കറി വില റോക്കറ്റ് പോലെ കയറിയത് പണപ്പെരുപ്പത്തിൽ പ്രധാന ഘടകമായി വർത്തിച്ചുവെന്നും തക്കാളിവിലയിലുണ്ടായ കുതിപ്പ് ഇതിന് ഇന്ധനം പകർന്നെന്നും വിലയിരുത്തലുണ്ട്.
പച്ചക്കറികളുടെ വില വാർഷികാടിസ്ഥാനത്തിൽ 0.93 ശതമാനത്തിൽനിന്ന് 37.34 ശതമാനത്തിലേക്കാണ് കുതിച്ചത്. എന്നാൽ, വിലവർധന പച്ചക്കറിയിൽ മാത്രമൊതുങ്ങിനിന്നില്ല എന്നതാണ് വാസ്തവം. ഭക്ഷ്യ, പാനീയങ്ങളുടെ വില 4.63ൽനിന്ന് 10.57 ശതമാനത്തിലേക്കും ധാന്യങ്ങളുടെ വില 12.71ൽനിന്ന് 13.04 ശതമാനത്തിലേക്കും കഴിഞ്ഞ മാസം കൂടി. ജൂലൈയിലെ കണക്കുകളാണ് പുറത്തുവന്നതെങ്കിലും ഓഗസ്റ്റിലും കാര്യങ്ങൾ കൂടുതൽ വഷളായതല്ലാതെ മാറ്റമൊന്നും കാണുന്നില്ല.
കേരളത്തെ സംബന്ധിച്ച് ഓണം വാങ്ങൽ - വില്പന ഉത്സവകാലം കൂടിയാണ്. എത്ര ഞെരുക്കമാണെങ്കിലും ഓണദിനങ്ങൾ സമൃദ്ധമായി കടന്നുപോകണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ കൊള്ളലാഭം ലക്ഷ്യമിടുന്നവരും രംഗത്തിറങ്ങും. ഇതൊക്കെ എല്ലാ ഓണക്കാലത്തും സംഭവിക്കുന്നതാണ്. ഇക്കൊല്ലവും അതിനു മാറ്റമുണ്ടാകാനിടയില്ല.
എന്നാൽ, ഇത്തരം ശക്തികളുടെ വിളയാട്ടത്തിനു വിപണിയെ വിട്ടുകൊടുക്കാതെ സംരക്ഷിച്ചിരുന്നത് സർക്കാർ ഇടപെടലുകളായിരുന്നു. പ്രത്യേകിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള സപ്ലൈകോയും കൺസ്യൂമർഫെഡും അടക്കമുള്ള ഏജൻസികൾ അവശ്യസാധനങ്ങൾ വിലക്കുറവിൽ വിപണിയിലെത്തിച്ചാണ് ഇത്തരം ശക്തികൾക്കു മൂക്കുകയർ ഇട്ടിരുന്നത്. എന്നാൽ, ഓണത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്പോഴും അത്തരമൊരു ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരിന് ഇനിയും ആയിട്ടില്ല.
സർക്കാരിന്റെ കടുത്ത സാന്പത്തിക പ്രതിസന്ധി മൂലം സപ്ലൈകോയ്ക്കു കൊടുക്കാനുള്ള പണം ഇതുവരെ കൈമാറാൻ കഴിഞ്ഞിട്ടില്ല. വിതരണക്കാർക്കു വൻതുക കുടിശിക ആയതോടെയാണ് സപ്ലൈകോയിൽ ക്ഷാമം തുടങ്ങിയത്. 3,000 കോടിയുടെ കുടിശികയാണുള്ളത്. അതിനാൽ വിതരണക്കാർ സാധനങ്ങൾ നല്കാതെ വന്നതോടെയാണ് പ്രശ്നം വഷളായത്.
സുവർണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്ന സപ്ലൈകോ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. സപ്ലൈകോയിൽ സാധനങ്ങളെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിലക്കയറ്റത്തിനു ജനം ഇരയാകുന്നതു കാണേണ്ടിവരും. കാരണം, കഴിഞ്ഞ തവണത്തെപ്പോലെയുള്ള ഓണക്കിറ്റ് വിതരണവും ഇക്കൊല്ലമുണ്ടാകില്ല.
ഏഴു ലക്ഷം പേർക്കു മാത്രമാകും കിറ്റ് ലഭിക്കുക. പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ള പണം എത്രയും വേഗം കണ്ടെത്തി നൽകി വിപണിയിൽ ഇടപെടുകയെന്ന ഉത്തരവാദിത്വം സർക്കാർ അടിയന്തരമായി നിർവഹിക്കണം. അല്ലെങ്കിൽ കാണം വിറ്റാലും കണ്ണീരോണമായിരിക്കും ഫലം.