കൂടുതൽ വിളവും പ്രതിരോധശേഷിയുമുള്ള സ്വാമിനാഥന്റെ പരീക്ഷണവയലുകളെ കർഷകർക്ക് അവഗണിക്കാനായില്ല. അവർ അതിവേഗം മാറിച്ചിന്തിച്ചു. ഇന്ത്യ പട്ടിണിയുടെ കണ്ണീർപ്പാടങ്ങളിൽനിന്നു കരകയറുകയായിരുന്നു.
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും പോലെ കേവലമൊരു ഭക്ഷ്യോത്പാദന സംരംഭം മാത്രമല്ല; 60 ശതമാനം ജനങ്ങളുടെ ഉപജീവന സുരക്ഷയുടെ നട്ടെല്ലുകൂടിയാണ്' -ഇന്നലെ അന്തരിച്ച ഡോ. എം.എസ്. സ്വാമിനാഥൻ എന്ന വിഖ്യാത കൃഷിശാസ്ത്രജ്ഞന്റെ വാക്കുകളാണിത്. നീണ്ടുപരന്നുകിടക്കുന്ന കൃഷിയിടങ്ങൾ മാത്രമല്ല, ഉദയാസ്തമയങ്ങളെ ഗൗനിക്കാതെ, അതിന്റെ മുക്കിലും മൂലയിലും ഓടിനടക്കുന്ന കൃഷിക്കാരനെയും തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. കർഷകന്റെ ഉപജീവനസുരക്ഷയുടെ നട്ടെല്ലു തകർന്ന കാലത്ത് ഡോ. എം.എസ്. സ്വാമിനാഥനെപ്പോലെ ഒരാൾ പടിയിറങ്ങിപ്പോകുന്നത് എത്ര വലിയ നഷ്ടമാണ്!
രാജ്യത്തെ 70 ശതമാനം ആളുകളും കൃഷിയിടങ്ങളിൽനിന്നു കയറാതെ പണിയെടുക്കുന്പോഴും ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. വരൾച്ചയും പ്രളയവും ക്ഷാമവും പട്ടിണിമരണവും ആവർത്തിച്ചുകൊണ്ടിരുന്നു. 1943ലെ ബംഗാൾ ക്ഷാമകാലത്ത് ജനങ്ങൾ പട്ടിണികിടന്നു മരിക്കുന്നത് സ്വാമിനാഥൻ നേരിട്ടു കണ്ടു.
ഇന്ത്യൻ കാർഷികവേദിയിലെ ഇത്തരം ദുരന്തപര്യവസായിയായ സ്ഥിരം നാടകങ്ങൾക്കു തിരശീലയിടാനുള്ള ചിന്തയാണ് സ്വാമിനാഥനെന്ന മനുഷ്യസ്നേഹിയായ കൃഷിശാസ്ത്രജ്ഞനെ ഹരിതവിപ്ലവത്തിന്റെ പിതാവാക്കിയത്. ആറു പതിറ്റാണ്ടു പിന്നിട്ട കഥയാണ്: അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചുള്ള സ്വാമിനാഥന്റെ പ്രവർത്തനങ്ങൾ വഴിത്തിരിവായി. അത്യുത്പാദനശേഷിയുള്ള മെക്സിക്കൻ ഗോതന്പിനങ്ങളെ ഇന്ത്യൻ പരിസ്ഥിതിക്ക് അനുകൂലമാംവിധം ജനിതകമാറ്റം വരുത്തി പഞ്ചാബിലെ വയലേലകളിൽ വിതച്ചു.
നൂറുമേനിയായിരുന്നു വിളവ്. പക്ഷേ, പരന്പരാഗത വിത്തിനങ്ങൾ മാറ്റാൻ കർഷകർ തയാറായില്ല. പിന്മാറാതിരുന്ന സ്വാമിനാഥൻ ചെറിയ വയലുകളിൽ പരീക്ഷണാർഥം വിതച്ചും കൊയ്തും കർഷകരെ കാണിച്ചുകൊടുത്തു. കൂടുതൽ വിളവും പ്രതിരോധശേഷിയുമുള്ള സ്വാമിനാഥന്റെ പരീക്ഷണവയലുകളെ കർഷകർക്ക് അവഗണിക്കാനായില്ല. അവർ അതിവേഗം മാറിച്ചിന്തിച്ചു. പട്ടിണിയുടെ കണ്ണീർപ്പാടങ്ങളിൽനിന്ന് ഇന്ത്യ കരകയറുകയായിരുന്നു.
പട്ടിണിക്കെതിരേ വിപ്ലവത്തിനിറങ്ങിയ കൃഷിശാസ്ത്രജ്ഞനെ ഇന്ത്യക്കു പുറത്തുള്ളവരും ശ്രദ്ധിച്ചു. 1999ൽ ടൈം മാഗസിൻ, ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഡോ.എം.എസ്. സ്വാമിനാഥനെ തെരഞ്ഞെടുത്തു. ഭട്നഗർ അവാർഡ്, മഗ്സസെ അവാർഡ്, ഐക്യരാഷ്ട്ര സമിതി ഭക്ഷ്യകോൺഗ്രസ് അധ്യക്ഷപദവി, വേൾഡ് ഫുഡ് പ്രൈസ്, ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് പുരസ്കാരം, കേരള ശാസ്ത്ര പുരസ്കാരം, പദ്മശ്രീ, പദ്മഭൂഷൺ തുടങ്ങി നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
1925ൽ തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ച എം.എസ്. സ്വാമിനാഥന്റെ തറവാട് ആലപ്പുഴയിലെ മങ്കൊന്പിലായിരുന്നു. തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്കു കുടിയേറിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഡോ. എം.കെ. സാംബശിവനും പാർവതി തങ്കമ്മാളും മാതാപിതാക്കൾ. ഗാന്ധിജിയുടെ അനുയായി ആയിരുന്ന പിതാവ് മരിക്കുന്പോൾ സ്വാമിനാഥന് 11 വയസായിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളജിൽ സുവോളജിയിൽ ബിരുദമെടുത്തു.
1949ൽ ദില്ലി അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സൈറ്റോ ജനറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി. കേംബ്രിജ് ഉൾപ്പെടെയുള്ള വിദേശ സർവകലാശാലകളിലും പഠിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് തലവൻ, കേന്ദ്ര കാർഷിക മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി, ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിദേശ തൊഴിലവസരങ്ങൾ നിരസിച്ച് 1954ലാണ് ഇന്ത്യയിലെത്തിയത്.
എല്ലാ വേനലവധിക്കാലത്തും മങ്കൊന്പിലെ വീട്ടിൽ ചെലവഴിച്ച ദിവസങ്ങൾ തന്നിലെ കാർഷിക ശാസ്ത്രജ്ഞനെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചെന്ന് അദ്ദേഹം പറയുമായിരുന്നു. കുട്ടനാടിന്റെയും ഇടുക്കിയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് അദ്ദേഹം തയാറാക്കിയ പാക്കേജുകൾ പൂർണമായി നടപ്പിലാക്കിയിരുന്നെങ്കിൽ കേരളത്തിന്റെ മുഖച്ഛായതന്നെ മാറിയേനെ.
കൃഷിയിൽ നൂതന കണ്ടുപിടിത്തങ്ങൾ നടത്തിയതുകൊണ്ടു മാത്രമല്ല സ്വാമിനാഥൻ മഹാനായത്. അദ്ദേഹം കാർഷികമേഖലയെ രാജ്യത്തിന്റെ നയങ്ങളുമായി ചേർത്തുവച്ച് നിരീക്ഷിച്ചു. "സാങ്കേതികവിദ്യക്ക് വിളവും ഉത്പാദനവും മെച്ചപ്പെടുത്താൻ കഴിയും, എന്നാൽ സർക്കാർ നയത്തിനു മാത്രമേ കർഷകരുടെ വരുമാനം ഉയർത്താൻ കഴിയൂ’ എന്നു പറയാൻ അദ്ദേഹത്തിനു കഴിഞ്ഞത് അതുകൊണ്ടാണ്.
കുതിച്ചുയരുന്ന കർഷക ആത്മഹത്യകളിലും ചെറുതും വലുതുമായ ഓരോ കർഷകസമരങ്ങളിലും സംഭരണവില കിട്ടാൻ നാടാകെ ഓടിനടക്കുന്ന കർഷക ആകുലതകളിലും ആ വാക്കുകളുടെ അർഥമുണ്ട്. കാർഷികമേഖലയ്ക്കുവേണ്ടി കഴിവുള്ളതെല്ലാം ചെയ്തിട്ടാണ് സ്വാമിനാഥൻ യാത്രയാകുന്നത്. പക്ഷേ, സർക്കാരുകൾ ചെയ്യേണ്ടതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ബാക്കിയുണ്ട്.