ഇസ്തിരിയിട്ട ഉടുപ്പിൽ മുള്ളിയ മരപ്പട്ടിയെപ്പോലും സഹിക്കാനാവാത്ത മുഖ്യമന്ത്രി തിരിച്ചറിയണം, വന്യജീവി ആക്രമണത്തിൽ ഏതു നിമിഷവും പ്രാണൻ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ കഴിയുന്ന മലയോരജനതയുടെ വേദന. നിങ്ങളുടെ തേച്ചുമടക്കിയ ഷർട്ടിൽ ഇത്തിരി മൂത്രം വീണപ്പോൾ ആകെ അസ്വസ്ഥതയും പരാതിയുമായി. ജനങ്ങൾ അനുഭവിക്കുന്ന കാട്ടുമൃഗശല്യത്തിന്റെ നൂറിലൊന്നുപോലും മന്ത്രിമാർക്കു സഹിക്കാനാവില്ല.
വന്യജീവി ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നതു തടയാനാവാതെ വേണ്ടതു വനംവകുപ്പ് ചെയ്തുകൊള്ളുമെന്നു ലാഘവത്തോടെ പറഞ്ഞ മുഖ്യമന്ത്രി, മന്ത്രിമന്ദിരത്തിലെ കേവലം മരപ്പട്ടിശല്യത്തെക്കുറിച്ച് വ്യാകുലപ്പെടുന്നു. മന്ത്രിമന്ദിരങ്ങൾ നവീകരിക്കാൻ അരക്കോടിക്കടുത്തുള്ള തുകയ്ക്കു ഭരണാനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് പരാമർശം.
ക്ലിഫ് ഹൗസിലെ മരപ്പട്ടിശല്യം കാരണം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നുവയ്ക്കാനോ കഴിയാത്ത അവസ്ഥയാണത്രേ. അതായത്, ജനങ്ങൾ അനുഭവിക്കുന്ന കാട്ടുമൃഗശല്യത്തിന്റെ നൂറിലൊന്നുപോലും മന്ത്രിമാർക്കു സഹിക്കാനാവില്ല.
ഇസ്തിരിയിട്ട ഉടുപ്പിൽ മുള്ളിയ മരപ്പട്ടിയെപ്പോലും സഹിക്കാനാവാത്ത മുഖ്യമന്ത്രി തിരിച്ചറിയണം, വന്യജീവി ആക്രമണത്തിൽ ഏതു നിമിഷവും പ്രാണൻ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ കഴിയുന്ന മലയോരജനതയുടെ വേദന. നിങ്ങളുടെ തേച്ചുമടക്കിയ ഷർട്ടിൽ ഇത്തിരി മൂത്രം വീണപ്പോൾ ആകെ അസ്വസ്ഥതയും പരാതിയുമായി.
മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ അനുവദിച്ചു. ആ ഉടയാത്ത ഷർട്ടിന്റെ വിലയെങ്കിലും ലക്ഷക്കണക്കിനു മലയോരനിവാസികളുടെ ജീവനും സ്വത്തിനും കൊടുത്തിരുന്നെങ്കിൽ കേരളത്തിന്റെ തീരാദുരിതമായ വന്യജീവി ആക്രമണത്തിനു പണ്ടേ പരിഹാരമായേനെ. വന്യജീവികളുടെ ആക്രമണം ഭയക്കാതെ സുരക്ഷിതകേന്ദ്രങ്ങളിലിരിക്കുന്ന അധികാരികളും ഉദ്യോഗസ്ഥരും കപട മൃഗസ്നേഹികളുമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്നു ദീപിക പലതവണ ചൂണ്ടിക്കാണിച്ചിരുന്നു.
അതു ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. മരപ്പട്ടിയല്ല, കൊന്നു കൊലവിളി നടത്തുന്ന കാട്ടാനയും കടുവയും പുലിയുമൊക്കെയാണു സർ, ജനങ്ങളെ ഭയപ്പെടുത്തുന്നത്. നികുതിപ്പണംകൊണ്ടു തീർത്ത ബംഗ്ലാവുകളല്ല, നഷ്ടകൃഷിയിൽനിന്നു ബാക്കിവച്ചും വായ്പയെടുത്തും പണിത വീടുകളാണ് ആനകൾ തകർക്കുന്നത്. ലക്ഷങ്ങളുടെ തൊഴുത്തിൽ നേരന്പോക്കിനു വളർത്തുന്നവയെയല്ല, ജീവനോപാധിയായ ആടിനെയും പശുവിനെയുമൊക്കെയാണ് വന്യജീവികൾ തിന്നുതീർക്കുന്നത്.
പൂന്തോട്ടങ്ങളല്ല, അന്നന്നത്തെ അപ്പത്തിനുവേണ്ടിയുള്ള കൃഷിയിടങ്ങളാണ് അവ ചവിട്ടിമെതിക്കുന്നത്. മലയോരങ്ങളിൽ വീഴുന്നതു മൂത്രമല്ല, ചോരയാണു സർ. ഇനിയെങ്കിലും യാഥാർഥ്യം മനസിലാക്കി ജനങ്ങളുടെ കഷ്ടതയ്ക്കു പരിഹാരമുണ്ടാക്കൂ.
കാടുനിറഞ്ഞ് നാട്ടിലെത്തിയ മൃഗങ്ങളെ മറ്റു രാജ്യങ്ങളിലെന്നപോലെ കൊന്നു നിയന്ത്രിക്കുകയല്ലാതെ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തിയാൽ മരപ്പട്ടിയെ തടയാനാകുമോ? അങ്ങനെയാണെങ്കിൽ ജനങ്ങൾക്കും വന്യജീവികളിൽനിന്നു സംരക്ഷണം ലഭിക്കുന്ന വീടുകൾ പണിതുകൊടുത്തുകൂടേ? കേന്ദ്ര-സംസ്ഥാന മന്ത്രിമാരെയോ വീട്ടുകാരെയോ ഒന്നും വന്യജീവികൾ കൊന്നിട്ടില്ല.
കാട്ടുപന്നിയും പോത്തും കുരങ്ങും മയിലുമൊന്നും അവരുടെ കൃഷി നശിപ്പിച്ചിട്ടില്ല. അവർ അധ്വാനിച്ചുണ്ടാക്കിയ സന്പത്തൊന്നും വന്യജീവികളാൽ ഇല്ലാതായിട്ടില്ല. അതുകൊണ്ട്, ജനങ്ങളുടെ ‘ദെണ്ണം’ അറിയാനും വയ്യ. കഴിഞ്ഞ എട്ടു വർഷത്തിനിടെ ആയിരത്തിനടുത്ത് മനുഷ്യർ കൊല്ലപ്പെട്ടപ്പോൾ ഉണ്ടാകാത്തത്ര ദൈന്യതയോടെയുള്ള പ്രതികരണമാണ് ക്ലിഫ് ഹൗസിൽ മരപ്പട്ടി മുള്ളിയപ്പോൾ മുഖ്യമന്ത്രിക്കുണ്ടായത്. മരപ്പട്ടി വാസമുറപ്പിച്ച ആദ്യവീടല്ല ക്ലിഫ് ഹൗസ്.
കേരളത്തിലങ്ങോളമിങ്ങോളം നഗര, ഗ്രാമ വേർതിരിവില്ലാതെ ഓഫീസുകളിലും വീടുകളിലും അവയുടെ ശല്യം പതിവാണ്. മരപ്പട്ടി മാത്രമല്ല, കീരിയും മുള്ളൻപന്നിയും ഉടുന്പും വിഷപ്പാമ്പുകളുമെല്ലാം ചേർന്ന ക്ഷുദ്രജീവികൾ സംസ്ഥാനത്ത് പെരുകിയിരിക്കുകയാണ്. ഇവയൊക്കെ ഇപ്പോൾ മുഖ്യമന്ത്രി അടക്കമുള്ള നഗരവാസികൾക്കും വലിയ ശല്യമായിത്തീർന്നിരിക്കുന്നു.
ഇവയെ നിയന്ത്രിക്കാൻ വീടുകൾ പുതുക്കിയതുകൊണ്ടാവില്ല, കൊന്നു നിയന്ത്രിക്കുകതന്നെ വേണം. നാടു നിറഞ്ഞുനിൽക്കുന്ന തെരുവുപട്ടികളും അവയിലെ പേപ്പട്ടികളുമാണ് മറ്റൊരു ദുരന്തം. പ്രയോജനമില്ലാത്തതിനാൽ ജനങ്ങളിപ്പോൾ ഇതേക്കുറിച്ച് സർക്കാരിനോടു പരാതി പറയാറോ കോടതികളെ സമീപിക്കാറോ ഇല്ല.
മുൻ മന്ത്രി ആന്റണി രാജു പറഞ്ഞത്, പഴക്കമുള്ള മന്ത്രിമന്ദിരങ്ങൾ പലതും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെങ്കിലും നവീകരിച്ചാൽ സ്വന്തം പേരിൽ വലിയ കണക്ക് വരുന്നത് വിവാദമാകുമെന്ന ഭയമാണ് പലർക്കുമെന്നാണ്. ഇത്ര ഗതികേടിലാണെങ്കിൽ, മരപ്പട്ടിശല്യമുള്ള നിങ്ങളുടെ മാളികകൾ വന്യജീവിഭീതിയിൽ കഴിയുന്നവർക്കു കൈമാറൂ.
ഒരറ്റകുറ്റപ്പണിയും വേണ്ട. എന്നിട്ടു വനാതിർത്തികളിലെ അവരുടെ ‘സുരക്ഷിത’ വീടുകളിലേക്കു നിങ്ങൾ പോകൂ, കുടുംബസമേതം. പിന്നെയാർക്കും പരാതിയില്ലല്ലോ. കാട്ടുമൃഗങ്ങളാൽ കൊല്ലപ്പെടുന്ന ജനങ്ങളെ രക്ഷിക്കാനാകാത്തവർ മരപ്പട്ടിയെ കണ്ട് പേടിച്ചു കരയുന്പോൾ മറ്റെന്തു പറയാനാണ്?