മാവോയിസ്റ്റ് ചിന്തകൾ വായിക്കുന്നതും ഇന്റർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്യുന്നതും യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്നും അതിന്റെ പേരിൽ കുറ്റം ചാർത്തുന്നത് മൗലികാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. നാഗ്പുർ സെൻട്രൽ ജയിലിൽനിന്നു വിട്ടയച്ചെങ്കിലും പോളിയോ ബാധിച്ച് 90 ശതമാനം തളർന്ന അദ്ദേഹം ജയിലിൽ കിടന്നത് എട്ടു വർഷത്തോളമാന്നതു തിരിച്ചെടുക്കാനാവില്ല.
ആദിവാസി അവകാശ പ്രവർത്തകനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ ജീവനെടുത്ത ഭരണകൂടഭീകരതയുടെ നുണാകേവിൽനിന്ന് സായിബാബയെ കോടതി പുറത്തെത്തിച്ചിരിക്കുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നവരെയും കുടുക്കുന്ന കരിനിയമങ്ങളുടെ വഴുവഴുക്കുന്ന ഇരുണ്ട ജയിലുകളിൽ മനുഷ്യർ ഈവിധം നരകിക്കുന്നത് എത്ര ഭയാനകമാണ്! സിനിമയല്ല ജീവിതം.
അധികാരം വേട്ടയാടിയ മനുഷ്യാവകാശ പ്രവർത്തകരുടെ നിലവിളി ജനാധിപത്യത്തിന്റെ വിനോദകേന്ദ്രങ്ങളിൽ മറഞ്ഞിരിക്കുന്ന മരണക്കയങ്ങളിൽനിന്നും ഉയരുന്പോൾ പ്രതിപക്ഷ, മാധ്യമ, മനുഷ്യാവകാശ ബോയ്സും ഗേൾസുമൊക്കെ നിസഹായരാകുകയാണ്. പക്ഷേ, സായിബാബയെ മോചിപ്പിച്ച കോടതിവിധി, അധികാരത്തിന്റെ നുണക്കോട്ടകളിലേക്കു നൂഴ്ന്നിറങ്ങുന്ന നീതിയുടെ വടം ദ്രവിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലാണ്.
മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ച് എട്ടു വർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന ജി.എൻ. സായിബാബയെ ഇക്കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോൾ പ്രസ്താവിച്ചത്, അദ്ദേഹത്തിന്റെ ജയിൽവാസം നീതിയുടെ പരാജയമായിരുന്നു എന്നാണ്.
2014ൽ അറസ്റ്റ് ചെയ്യപ്പെടുകയും 2017ൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്ത അദ്ദേഹത്തിനെതിരേയുള്ള മാവോയിസ്റ്റ് തീവ്രവാദബന്ധ ആരോപണങ്ങൾക്കു തെളിവില്ലെന്നു കോടതി കണ്ടെത്തി. ഡൽഹി യൂണിവേഴ്സിറ്റിയിലെ രാംലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രഫസറായിരുന്ന സായിബാബയെ സിപിഐ (മാവോയിസ്റ്റ്), റവലൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് എന്നിവയുമായുള്ള ബന്ധം ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
2022ൽ ഹൈക്കോടതി വിട്ടയച്ചെങ്കിലും മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീലിൽ സുപ്രീംകോടതി വിധി റദ്ദാക്കി. വീണ്ടും വാദം കേട്ടാണ് ഹൈക്കോടതി മോചിപ്പിച്ചത്. അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയുള്ള മുന്നേറ്റങ്ങളിൽ ഭാഗഭാക്കായിരുന്നെങ്കിലും കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
മാവോയിസ്റ്റ് ചിന്തകൾ വായിക്കുന്നതും ഇന്റർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്യുന്നതും യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്നും അതിന്റെ പേരിൽ കുറ്റം ചാർത്തുന്നത് മൗലികാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. നാഗ്പുർ സെൻട്രൽ ജയിലിൽനിന്നു വിട്ടയച്ചെങ്കിലും പോളിയോ ബാധിച്ച് 90 ശതമാനം തളർന്ന അദ്ദേഹം ജയിലിൽ കിടന്നത് എട്ടു വർഷത്തോളമാണെന്നതു തിരിച്ചെടുക്കാനാവില്ല.
പക്ഷേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെടുകയും കൃത്രിമ തെളിവുകളുണ്ടാക്കി ജാമ്യം കൊടുക്കാതിരുന്നതിനാൽ ജയിലിൽ നരകിച്ചു മരിക്കുകയും ചെയ്ത കത്തോലിക്കാ വൈദികൻ സ്റ്റാൻ സ്വാമിയുമായി താരതമ്യപ്പെടുത്തുന്പോൾ സായിബാബ ഭാഗ്യവാനാണ്.
തമിഴ്നാട്ടിലെ തൃശിനാപ്പള്ളി സ്വദേശിയായിരുന്ന ഈശോസഭാ വൈദികൻ സ്റ്റാന്‍ സ്വാമി ഭീമ-കൊറേഗാവ് കേസില്‍ തീവ്രവാദ ബന്ധമാരോപിക്കപ്പെട്ട് 2020ല്‍ അറസ്റ്റിലാകുകയും 2021ല്‍ ജയിലിൽ മരിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ആദിവാസികള്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരേയും കോര്‍പറേറ്റ് താത്പര്യങ്ങള്ക്കെതിരേയും അദ്ദേഹം നിലകൊണ്ടു. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി വിചാരണ പോലുമില്ലാതെ തടവില്‍ പാര്‍പ്പിക്കപ്പെടുന്ന ആദിവാസി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിനു നിയമപോരാട്ടങ്ങള്‍ നടത്തി. ഒടുവില്‍ അതേ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു തടവിലാക്കപ്പെട്ട അദ്ദേഹം 83-ാമത്തെ വയസിൽ മരിച്ചു.
തനിക്കെതിരേയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും കംപ്യൂട്ടറിൽ ആരോ തിരുകിക്കയറ്റിയതാണെന്നുമൊക്കെ അദ്ദേഹം വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടു. ഒരു ഫലവുമുണ്ടായില്ല. ജാമ്യം പോയിട്ട്, പാർക്കിൻസൺസ് രോഗബാധിതനായിരുന്ന അദ്ദേഹത്തിനു വെള്ളം കുടിക്കാനൊരു സ്ട്രോ പോലും കൊടുത്തില്ല.
പക്ഷേ, അദ്ദേഹത്തിന്റെ മരണത്തിനുശേഷം അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ് സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പിന്റെ ഫോറന്‍സിക് പരിശോധനാഫലം പുറത്തുവിട്ടു. ലാപ്ടോപ്പിലുണ്ടായിരുന്നതും എന്‍ഐഎ അദ്ദേഹത്തിനെതിരേ ഉപയോഗിച്ചതുമായ 44 രേഖകള്‍ അദ്ദേഹമറിയാതെ ഹാക്കര്‍മാർ നിക്ഷേപിച്ചതാണെന്നായിരുന്നു വെളിപ്പെടുത്തല്‍.
കേസില്‍ അറസ്റ്റിലായ റോണ വില്‍സന്റെ ലാപ്ടോപ്പില്‍ 30ഉം സുരേന്ദ്ര ഗാഡ്ലിംഗിന്റേതില് 14ഉം രേഖകള്‍ പ്ലാന്റ് ചെയ്തിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒന്നിനുമില്ല എന്‍ഐഎയ്ക്കു മറുപടി. സ്റ്റാൻ സ്വാമിയെന്ന മനുഷ്യസ്നേഹിയായ വൈദികനെ കോടതിക്കുപോലും രക്ഷിക്കാനാവാതെപോയ ഭരണകൂടഭീകരതയുടെ ഇരുട്ടറയിൽനിന്നാണ് പ്രഫസർ സായിബാബയെ രക്ഷപ്പെടുത്തിയിരിക്കുന്നത്.
സ്റ്റാൻ സ്വാമിക്കു കൊടുക്കാതിരുന്ന നീതി സായിബാബയ്ക്കു കൊടുക്കാൻ കോടതിക്കു കഴിഞ്ഞു. മാവോയിസ്റ്റ്, തീവ്രവാദ ബന്ധങ്ങളാരോപിച്ച് ജയിലുള്ളവരെല്ലാം നിരപരാധികളാകണമെന്നില്ല. പക്ഷേ, എല്ലാവരും അപരാധികളുമായിരിക്കില്ല.
കരിനിയമങ്ങളുടെ ഇരുട്ടറകളിൽ കുടുക്കപ്പെട്ട നിരപരാധികളുടെ നിലവിളി കേൾക്കണമെങ്കിൽ നാം കൂടുതൽ കാതോർക്കേണ്ടതുണ്ട്.തീർച്ചയായും, ഭരണകൂടഭീകരത നുണകൾ വേവിക്കുന്ന സാത്താന്റെ അടുക്കളയ്ക്കു പുറത്ത് നാം കാവലിരിക്കേണ്ടിയിരിക്കുന്നു. രക്ഷാപ്രവർത്തനം സാധ്യമാണ്.