ഇത്രമാത്രം മലിനമാക്കപ്പെടുന്ന പെരിയാറിനെ ആശ്രയിച്ച് വാട്ടര്‍ അഥോറിറ്റിക്ക് ആലുവയിലും ചൊവ്വരയിലുമായി രണ്ടു ബൃഹത്തായ കുടിവെള്ള ശേഖരണ, സംസ്കരണ, വിതരണ പദ്ധതികളുണ്ട്. കൊച്ചി നഗരത്തിലേതുള്‍പ്പടെ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെത്തുന്നത് ഇതിലൂടെയാണ്.
പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉത്ഭവവും ജലത്തില്‍നിന്ന്. എന്നാൽ, ശുദ്ധജലത്തിന്റെ വിലയറിയാത്ത നെറികെട്ടവരായി നാം മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പെരിയാറിൽ കാണുന്നത്.
പർവതനിരയുടെ പനിനീരെന്ന് മലയാളി ഹൃദയംതൊട്ടു വിളിക്കുന്ന പെരിയാറിലേക്ക് ഇരുട്ടിന്റെ മറവിൽ ഒഴുക്കിവിട്ടത് എന്തെല്ലാം തരം കൊടിയ വിഷങ്ങളാണെന്നുപോലും ആർക്കുമറിയില്ല. ചത്തുപൊന്തിയ മത്സ്യങ്ങളുടെ ഭീകരാവസ്ഥ വെളിവാക്കുന്നത് വെള്ളം വിഷലിപ്തമായി എന്നുതന്നെയാണ്. ആദ്യമായല്ല ഇത്തരത്തിൽ പെരിയാറിലേക്ക് വിഷമൊഴുക്കുന്നത്.
എത്രയോ വർഷമായി ഇതു തുടരുന്നു. എന്തൊരു ക്രൂരതയാണിത്? ആരുടെ പിൻബലത്തിലാണ് ഈ സാമൂഹ്യദ്രോഹികൾ നാടിനെ വെല്ലുവിളിക്കുന്നത്? മത്സ്യങ്ങളെ മാത്രമാണോ ഇതു ബാധിക്കുക? എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 56 ലക്ഷം ജനങ്ങളാണ് കുടിവെള്ളത്തിനായി നേരിട്ടും അല്ലാതെയും പെരിയാറിനെ ആശ്രയിക്കുന്നത്.
ഇത്രമാത്രം ജനങ്ങളെ വിഷം കുടിപ്പിക്കാൻ ധൈര്യം കാണിക്കുന്ന ജനദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കെല്പുള്ള ഒരു ഭരണസംവിധാനം ഇന്നാട്ടിൽ ഇല്ലാതെപോകുന്നുവെന്നത് അത്യന്തം ഖേദകരമാണ്. തിങ്കളാഴ്ച രാത്രിയോടെ വീണ്ടും പെരിയാർ മലിനമാക്കപ്പെട്ടിരിക്കുന്നു. പുഴയില്‍നിന്ന് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാവുകയും ഇന്നലെ രാവിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുകയുമായിരുന്നു.
കോതാട്, ചേരാനെല്ലൂര്‍ മേഖലയിലെ പെരിയാറിന്റെ കൈവഴിയില്‍ രാസമാലിന്യങ്ങള്‍ വലിയ തോതില്‍ കലര്‍ന്നതോടെയാണ് പെരിയാറില്‍ വീണ്ടും മത്സ്യക്കുരുതിയുണ്ടായത്. ഏലൂരിലെയും എടയാറിലെയും വ്യവസായശാലകളില്‍നിന്നു പുറംതള്ളുന്ന രാസമാലിന്യം വലിയതോതില്‍ പെരിയാറിലേക്ക് ഒഴുകിയെത്തിയെന്നാണ് മത്സ്യകര്ഷകരുംപ്രദേശവാസികളും ആരോപിക്കുന്നത്.
പാതാളം ബണ്ട് മുതല്‍ പനമ്പുകാട് വരെയുള്ള ഭാഗങ്ങളില്‍ മത്സ്യം വളർത്തുന്ന പത്തിലധികം കർഷകരുടെ കൂടുകളിലെ മത്സ്യം മുഴുവൻ ചത്തു. ആയിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളാണ് ചത്തുപൊങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്കുണ്ടായിരിക്കുന്നത്. ഇതാദ്യമായല്ല പെരിയാർ വിഷമയമാകുന്നത്.
2015ല്‍ 46 തവണ ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയില്‍ ചുവപ്പ്, ബ്രൗണ്‍, കറുപ്പ് നിറങ്ങളില്‍ പെരിയാര്‍ ഒഴുകിയിരുന്നെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. 24 തവണ വലിയ തോതില്‍ പ്രദേശത്തു മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തു. രാസമാലിന്യത്തിന്റെ കൂടിയ സാന്നിധ്യമാണ് ഈ നിറംമാറ്റത്തിനും മത്സ്യങ്ങൾ ചാകാനും കാരണമെന്നും വിലയിരുത്തപ്പെട്ടു.
2016ല്‍ പുഴ നിറം മാറി ഒഴുകിയത് 29 തവണയാണ്. എല്ലാ വർഷവും ഇത്തരത്തിൽ കൂടിയും കുറഞ്ഞും പെരിയാര്‍ മലിനമാക്കപ്പെടുന്നുണ്ട്. വിഷത്തിന്റെ അളവ് കൂടുംതോറുമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നത്. ഇത്രമാത്രം മലിനമാക്കപ്പെടുന്ന പെരിയാറിനെ ആശ്രയിച്ച് വാട്ടര്‍ അഥോറിറ്റിക്ക് ആലുവയിലും ചൊവ്വരയിലുമായി രണ്ടു ബൃഹത്തായ കുടിവെള്ള ശേഖരണ, സംസ്കരണ, വിതരണ പദ്ധതികളുണ്ട്.
കൊച്ചി നഗരത്തിലേതുള്‍പ്പടെ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെത്തുന്നത് ഇതിലൂടെയാണ്. 2022 മേയ് 27നു പെരിയാറുമായി ബന്ധപ്പെട്ടു ഗ്രീന്‍ ട്രിബ്യൂണല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു.
2023 മേയ് 27നു മുമ്പ് പെരിയാറിലേക്കുള്ള എല്ലാ അനധികൃത കുഴലുകളും ഒഴിവാക്കണമെന്നും തീരങ്ങളിലെ മുഴുവന്‍ വ്യവസായശാലകളും മാലിന്യം പുറന്തള്ളുന്ന കാര്യത്തില്‍ സീറോ ഡിസ്ചാര്‍ജ് കൈവരിക്കണമെന്നുമായിരുന്നു ഉത്തരവ്.
എന്നാൽ, ഈ സമയപരിധി അവസാനിച്ച് ഒരു വർഷമാകുമ്പോഴും ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കിയതായി യാതൊരു വിവരവുമില്ല. ഉത്തരവ് നടപ്പാക്കാൻ കടപ്പെട്ടവരാകട്ടെ മൗനത്തിലുമാണ്.
സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെയാണ് ഈ വിഷംകലക്കലെന്നത് യാഥാർഥ്യമാണ്. ജനങ്ങളുടെ ജീവൻ വച്ചാണ് നിങ്ങൾ ഒത്തുകളിക്കുന്നത്. വിഷം കലർന്ന വെള്ളം കുടിച്ച് രോഗഗ്രസ്തമാകുന്ന ജനങ്ങളുടെ ദുരിതം ആർക്കും വിഷയമല്ല. വ്യവസായശാലകൾ അടച്ചുപൂട്ടുക എന്നതല്ല പരിഹാരം.
അവ പുറന്തള്ളുന്ന വിഷവസ്തുക്കൾ ശാസ്ത്രീയമായി സംസ്കരിക്കുകയാണു വേണ്ടത്. അതിനായി ഫലപ്രദമായ മാലിന്യസംസ്കരണ കേന്ദ്രങ്ങൾ എല്ലാ വ്യവസായശാലകൾക്കും ഉണ്ടെന്നും അവ കൃത്യമായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് ഇക്കാര്യത്തിൽ പ്രാഥമികമായ ഉത്തരവാദിത്വം. അവർ കടമ നിറവേറ്റണം.
നിസഹായരായ ജനങ്ങളുടെ ജീവൻകൊണ്ടു പന്താടരുത്. ഇപ്പോൾ വളർത്തുകേന്ദ്രങ്ങളിലെ മത്സ്യങ്ങൾ ചത്ത് നഷ്ടം നേരിട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം. പെരിയാറിൽ ഒഴുകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടികളുണ്ടാകണം.