സാക്ഷരതയില്‍ മാത്രമല്ല, ഉന്നതവിദ്യാഭ്യാസരംഗത്തുപോലും മുന്നേറിയിട്ടും പുരുഷന്മാരുടെ പിന്നിൽനിന്നു സ്ത്രീകള്‍ക്കു കയറ്റമുണ്ടായിട്ടില്ല. പൊതുസമൂഹത്തില്‍ ഇന്നും പ്രബലമായിരിക്കുന്ന സ്ത്രീവിരുദ്ധാശയങ്ങള്‍ ഇവരെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു.
ജസ്റ്റീസ് ഹേമ കമ്മിറ്റി പുറത്തുവിട്ട ഭൂതം പെട്ടെന്നൊന്നും കുടത്തില്‍ തിരികെ കയറുമെന്നു തോന്നുന്നില്ല. കയറണമെന്നു പൊതുസമൂഹം അത്രയങ്ങ് ആഗ്രഹിക്കുന്നുമില്ല. വലിയ ‘വിഗ്രഹ’ങ്ങളെ തള്ളിമറിച്ചിട്ടും മുഖംമൂടികള്‍ വലിച്ചിളക്കിയും രാജാവ് നഗ്നനാണെന്നു കൂവിവിളിക്കുകയാണു മലയാളസിനിമയിലെ ഇരക്കൂട്ടങ്ങൾ. കാലങ്ങളോളം കുടത്തിലടച്ചു വീര്പ്പുമുട്ടിച്ചതിന്റെ കലിപ്പ് തീർക്കുന്ന രോഷനടനം!
പൊടുന്നനേ പൊട്ടിവീണതൊന്നുമല്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലുള്ളത് ഇതുവരെ ആരും കേള്‍ക്കാത്ത രഹസ്യങ്ങളുമല്ല. ഗോസിപ്പുകളും ആക്ഷേപങ്ങളും ആരോപണങ്ങളുമൊക്കെയായി ഇതും ഇതിലപ്പുറവും പലപ്പോഴായി പുറത്തുവന്നിട്ടുള്ളതാണ്. വെള്ളിത്തിരയ്ക്കു മുന്നിലും പിന്നിലുമായി ആളുകള്‍ കാണുകയും കേള്‍ക്കുകയും ഊഹിച്ചെടുക്കുകയും ചെയ്തതിന്റെ നാലിലൊന്നുപോലും റിപ്പോര്‍ട്ടിലില്ല.
എന്നിട്ടും ഞെട്ടിച്ചുവെന്നതാണു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രാധാന്യം. തങ്ങളുടെ ആരാധനാപാത്രങ്ങളെ പകല്‍വെട്ടത്തിൽ ഉടുമുണ്ടുരിഞ്ഞു നിര്‍ത്തിയിട്ടും ഒരു ആരാധകനുപോലും ഹാലിളകിയില്ലെന്നതാണ് ഇതിന്റെ പ്രസക്തി. ഏറെ അനിവാര്യമായത് വളരെ വൈകി സംഭവിക്കുകയാണു മലയാളസിനിമയില്‍.
ഇത് സിനിമ എന്ന വിസ്മയലോകത്തെ കാര്യം. വെള്ളിവെളിച്ചം വീഴാത്ത മറ്റു തൊഴിലിടങ്ങളിലും വീടുകളിലുമൊക്കെ സ്ത്രീകൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്നത് ഇതിനൊപ്പമോ ഇതിനുശേഷമെങ്കിലുമോ ചര്‍ച്ചചെയ്യേണ്ടതാണ്. പീഡകരുടെയും കാപട്യക്കാരുടെയും അഹംഭാവികളുടെയും കൂത്തരങ്ങാക്കി സിനിമയെ നിര്‍ത്തിപ്പൊരിക്കുമ്പോള്‍ മറ്റിടങ്ങള്‍ അറിയാതെയാണെങ്കിലും വിശുദ്ധീകരിക്കപ്പെടുന്നുണ്ട്. അതു യാഥാര്‍ഥ്യത്തെ മറച്ചുവയ്ക്കലാണ്. ലൈംഗികാതിക്രമങ്ങള്‍ക്കിരയായി നീറിക്കഴിയുന്ന സ്ത്രീജന്മങ്ങള് മറ്റു മേഖലകളിലുമുണ്ട്.
വിവേചനത്തിന്റെ എരിതീയില്‍ പൊള്ളുന്നവര്‍, ഒറ്റപ്പെടുത്തലിലും പുറംതള്ളലിലും പുകയുന്നവര്‍, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിതരാകുന്നവർ, അധ്വാനത്തിനു മതിയായ വേതനം കിട്ടാത്തവര്‍, തൊഴിലിടങ്ങളിൽ ശുചിമുറി സൗകര്യങ്ങള്‍പോലും ലഭിക്കാത്തവർ, ഓരോ ദിനവും അരക്ഷിതാവസ്ഥയില്‍ ഭയപ്പാടോടെ തള്ളിനീക്കുന്നവര്‍... പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ-കായിക രംഗങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഈ വൃത്തികേടുകൾ കാണാം.
മറ്റൊരിടം വീടുകളാണ്. ശാരീരിക പീഡനങ്ങളേറ്റും കുത്തുവാക്കുകൾ കേട്ടും ജീവിതകാലം മുഴുവൻ വീടുകളിൽ നരകിക്കുന്നവര്‍ ഒരുപാടുണ്ട്.ആധുനികതയുടെ പ്രതിരൂപമായ സൈബര്‍ ലോകത്തും സ്ത്രീകള്‍ ക്രൂരമായി വേട്ടയാടപ്പെടുന്നു. നവമാധ്യമങ്ങളുപയോഗിച്ച് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, ബ്ലാക്ക്മെയില്‍ ചെയ്യുക, പ്രലോഭിപ്പിക്കുക, വഞ്ചിക്കുക എന്നിങ്ങനെ കൊച്ചുപെൺകുട്ടികളെ പോലും കുരുക്കിലാക്കി അവരുടെ ജീവിതം കുളം തോണ്ടുന്നു.
സാക്ഷരതയില്‍ മാത്രമല്ല, ഉന്നതവിദ്യാഭ്യാസരംഗത്തുപോലും മുന്നേറിയിട്ടും പുരുഷന്മാരുടെ പിന്നിൽനിന്നു സ്ത്രീകള്‍ക്കു കയറ്റമുണ്ടായിട്ടില്ല. ഉന്നതപഠനം നടത്തുന്നവരില്‍ 75 ശതമാനത്തിനുമേല്‍ ഇപ്പോൾ പെണ്‍കുട്ടികളാണ്. എന്നാല്‍, ഉന്നതബിരുദം നേടുന്ന പെണ്‍കുട്ടികളെ പലരെയും പിന്നീടു കാണുന്നില്ല. പൊതുസമൂഹത്തില്‍ ഇന്നും പ്രബലമായിരിക്കുന്ന സ്ത്രീവിരുദ്ധാശയങ്ങള്‍ ഇവരെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു.
കഷ്ടപ്പെട്ടു പഠിച്ച് ജോലി നേടിയാലും വിവാഹിതരായി പ്രസവത്തോടെ ജോലി അവസാനിപ്പിക്കേണ്ടിവരുന്നു. ഐടി മേഖലയില്നിന്നൊക്കെയുള്ള യുവതികളുടെ കൊഴിഞ്ഞുപോക്ക് അമ്പരപ്പിക്കുന്നതാണ്.വേതനം കുറഞ്ഞ തൊഴിലിടങ്ങളിലാണു സ്ത്രീകള്‍ കൂടുതലായി നിയമിക്കപ്പെടുന്നത്.
വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെ അവരെക്കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിക്കുന്നു. ഭീഷണിപ്പെടുത്തി ലൈംഗികാവശ്യങ്ങള്‍ക്കു നിര്‍ബന്ധിക്കുകയും ഉപയോഗിക്കുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടുമെന്ന ഭീഷണി വേറെ. തുണിക്കടകളിലെ ഇരിക്കാനുള്ള അവകാശത്തിനു സ്ത്രീകള്‍ സമരം നടത്തേണ്ടിവന്നത് കേരളം കണ്ടതാണ്.
ഗാര്‍ഹിക നിയമങ്ങളും തൊഴിലിടങ്ങളിലെ ലൈംഗികപീഡനവിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതൊന്നും സ്ത്രീകളുടെ സഹായത്തിനെത്തുന്നില്ല. സ്ത്രീയുടെ മാന്യതയ്ക്കു കോട്ടം തട്ടുന്ന രീതിയിലുള്ള ഏതൊരു ആംഗ്യമോ വാക്കോ, അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളുടെ പ്രദര്‍ശനമോ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 509-ാം വകുപ്പുപ്രകാരം ഒരുവര്‍ഷം വരെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പക്ഷേ, പോലീസ് സ്റ്റേഷനുകളില്‍ പോലും അധിക്ഷേപങ്ങൾക്കും കൂട്ടബലാത്സംഗങ്ങൾക്കും സ്ത്രീകൾ ഇരയാകുന്നു.
രാഷ്ട്രീയത്തിലും സ്ത്രീകള്‍ അകറ്റിനിര്‍ത്തപ്പെടുന്നു. പഞ്ചായത്ത് ഭരണത്തില്‍ 33.3 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന്റെ മെച്ചം കിട്ടിയെങ്കിലും നിയമസഭയിലും ലോക്സഭയിലും സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണ്. കേരളത്തിലെ 20 ലോക്സഭാംഗങ്ങളില്‍ ഒരു വനിതപോലുമില്ല. പാര്‍ട്ടികളുടെയും സംഘടനകളുടെയും ഉയര്‍ന്ന സ്ഥാനങ്ങളില്‍ പുരുഷ മേല്‍ക്കോയ്മയാണുള്ളത്.
പാർട്ടി ഓഫീസുകളിൽപ്പോലും സ്ത്രീകൾ ഉത്തരവാദപ്പെട്ട നേതാക്കളാൽ മാനഭംഗത്തിനിരയാകുന്നു.വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളുമൊന്നും നടന്നില്ലെങ്കിലും ഇവിടങ്ങളിലേക്കു വെളിച്ചമെത്തുന്ന ചർച്ചകളെങ്കിലും നടക്കേണ്ടേ? ജന്മിത്തവും മുതലാളിത്തവും അടിമത്തവുമൊക്കെ കൂടിക്കലര്‍ന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ രൂപപ്പെട്ടതാണു പുരുഷാധിപത്യവും സ്ത്രീകളുടെ രണ്ടാം സ്ഥാനവും. നൂറ്റാണ്ടുകൾ പിന്നിടുന്പോഴെങ്കിലും ഇതൊക്കെ തിരുത്തി എഴുതപ്പെടേണ്ടേ?
സ്ത്രീകള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പൊതുപ്രശ്നമായി കാണാനും ഏറ്റെടുക്കാനും പുതുതലമുറക്കാർ തയാറാകുന്നുണ്ട്. ഡല്‍ഹിയിലും കോൽക്കത്തയിലുമടക്കം രാജ്യത്തെ പല സ്ഥലങ്ങളിലും അതു കണ്ടു. മലയാളസിനിമയിൽ ഇപ്പോൾ നടക്കുന്നതും ഇതിന്റെയൊക്കെ പ്രതിഫലനമാണ്. ഇനിയുമത് ശക്തിപ്പെടണം. സ്ത്രീയായതിന്റെ പേരിൽ അപമാനിക്കപ്പെടാതെ, ആദരിക്കപ്പെടുന്ന അവസ്ഥ സംജാതമാകട്ടെ.