ഐപിഎസ് ഉദ്യോഗസ്ഥർ പോലും പ്രതിക്കൂട്ടിലാകുന്ന ആരോപണങ്ങൾ ഉയരുന്പോൾ ഒന്നു വ്യക്തം, പിടിച്ചതിലും വലുതാണ് അളയിലുള്ളത്. പോലീസ് വകുപ്പ് സന്പൂർണമായി അലക്കിപ്പിഴിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കാക്കിയിലെ പൊടി മാത്രം തട്ടിക്കളഞ്ഞ് ജനങ്ങളെ ഇനിയും ശശിയാക്കരുത്.
“കള്ളക്കടത്തുകാരനും കരിഞ്ചന്തക്കാരനുമൊക്കെ ഒരു ഐപിഎസ് ഓഫീസറിൽനിന്ന് മൂന്നടി അകലെ നിൽക്കണം...”- മലയാളികൾ ആവേശത്തോടെ കണ്ടു കൈയടിച്ച, സുരേഷ്ഗോപി പോലീസ് വേഷമിട്ട ഒരു സിനിമയിലെ ഗംഭീര ഡയലോഗ്.
എന്നാൽ, കള്ളക്കടത്തുകാരനും കരിഞ്ചന്തക്കാരനുമൊക്കെ മൂന്നടി അകലെയാണോ അതോ അവരുടെ അടുക്കളയിലാണോ എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന സംശയം. പി.വി. അൻവർ എംഎൽഎ കൂടു തുറന്നുവിട്ട വിവാദമാണ് ആഭ്യന്തരവകുപ്പിനെയും പോലീസിനെയും ചെളിക്കുണ്ടിലാക്കിയിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ അതീവഗുരുതര ആരോപണങ്ങളാണ് ഭരണപക്ഷ എംഎൽഎകൂടിയായ അൻവർ ഉന്നയിച്ചത്. പോലീസിന്റെ തലപ്പത്തുള്ള ചിലരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് ഒരു ഐപിഎസ് ഓഫീസർതന്നെ വെളിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ സഹിതമാണ് ആരോപണം പുറത്തുവന്നത്.
നിലവിലെ പത്തനംതിട്ട എസ്പി സുജിത് ദാസാണ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പോലീസ് തലപ്പത്തുള്ളവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് അക്കമിട്ടു പറയുന്നത്. സുജിത് ദാസ് മലപ്പുറം ജില്ലയിൽ ജോലി ചെയ്തിരുന്നപ്പോൾ മരം മുറിച്ചു കടത്തിയതിനെതിരേ എംഎൽഎ കൊടുത്ത കേസ് പിൻവലിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടു നടത്തിയ ഫോൺ സംഭാഷണമാണ് അൻവർ പുറത്തുവിട്ടത്.
കേസ് പിൻവലിച്ചാൽ താൻ എക്കാലവും എംഎൽഎയോടു കടപ്പെട്ടിരിക്കുമെന്നു യാതൊരു നാണവുമില്ലാതെ ഒരു ഐപിഎസ് ഓഫീസർ പറയുന്ന വാചകങ്ങൾ ലജ്ജാവഹം എന്നു മാത്രമല്ല, ജനങ്ങളെ സംബന്ധിച്ചു ഭീതിജനകവുമാണ്.
ഇത്തരം ഓഫീസർമാർ ആരോടൊക്കെ ഇങ്ങനെ കടപ്പെട്ടും വിധേയപ്പെട്ടും കാലുപിടിച്ചുമാണ് യാതൊരു ഉളുപ്പുമില്ലാതെ കാക്കിയുമിട്ടു നടക്കുന്നതെന്ന് ആർക്കറിയാം? അധോലോക നേതാക്കളോടും ഗുണ്ടാത്തലവന്മാരോടുമൊക്കെ ഇങ്ങനെ കടപ്പെട്ടിട്ടില്ലെന്ന് ആർക്ക് ഉറപ്പിക്കാനാകും? എന്തു വിശ്വസിച്ചാണ് ഒരു പൗരൻ ഇവരുടെ പക്കൽ ക്രിമിനലുകൾക്കെതിരേ പരാതിപ്പെടേണ്ടത്?
തടിവെട്ടിയ കേസിൽ തന്റെ തടി രക്ഷിച്ചെടുക്കാൻ നടത്തുന്ന ശ്രമത്തിനൊപ്പമാണ് തന്റെ മേലധികാരി എഡിജിപി എം.ആർ. അജിത്കുമാർ അടക്കമുള്ളവർക്കെതിരേ അതീവഗുരുതര പരാമർശങ്ങൾ എസ്പി നടത്തിയത്. ഈ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ട് അജിത്കുമാറിനും സുജിത് ദാസിനുമെതിരേ കൂടുതൽ ആരോപണങ്ങൾ ഉയർത്താൻ അൻവർ എംഎൽഎ മടിച്ചില്ല.
തടിവെട്ടും സ്വർണക്കടത്തുമടക്കമുള്ള ക്രിമിനൽ സംഭവങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കു വ്യക്തമായ പങ്കുണ്ടെന്നാണ് അൻവർ കുറ്റപ്പെടുത്തിയത്. കൂടുതൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ഇതിൽ മനസറിവുണ്ടെന്നും കടത്തിപ്പറഞ്ഞതോടെ ആരോപണത്തിന്റെ കുന്തമുന മുഖ്യമന്ത്രിക്കെതിരേകൂടിയാണ് തിരിഞ്ഞിരിക്കുന്നത്.
എന്തായാലും പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളുടെ സാഹചര്യങ്ങളും അദ്ദേഹത്തിന്റെ താത്പര്യങ്ങളും എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ ഏതിലെങ്കിലും കഴന്പുണ്ടെങ്കിൽ എഡിജിപി ആയാലും എസ്പി ആയാലും ആ സ്ഥാനത്ത് എന്നല്ല ഒരു സാദാ പോലീസുകാരനായിരിക്കാൻപോലും യോഗ്യരല്ല. ആത്മാർഥതയോടെ പണിയെടുക്കുന്ന മികച്ച ഉദ്യോഗസ്ഥർക്കുകൂടി കളങ്കം ചാർത്തുകയാണ് ഇത്തരം ക്രിമിനലുകൾ.
ഇതിനിടെ, വിവാദം പോലീസ് സേനയെയും സർക്കാരിനെയും നാണക്കേടിന്റെ അഴിക്കുള്ളിലാക്കിയതോടെ ഇന്നലെ കോട്ടയത്ത് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവേദിയിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ സാന്നിധ്യത്തിൽത്തന്നെ, മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരേയും നടപടി വരുമെന്നാണു കരുതുന്നത്. അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലീസിലെ പുഴുക്കുത്തുകളെയും ക്രിമിനലുകളെയും വച്ചുപൊറുപ്പിക്കില്ലെന്നാണ്. ഇത്തരം 108 പേർക്കെതിരേ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ ക്രിമിനലുകളെക്കുറിച്ച് ആദ്യമായിട്ടല്ല അദ്ദേഹത്തിനു പറയേണ്ടിവന്നിട്ടുള്ളത്.
പുറത്തുള്ളതിനേക്കാൾ വലിയ ക്രിമിനലുകൾ നീതിപാലക സേനയുടെ അകത്തുണ്ടെന്നതു പണ്ടേ വ്യക്തമായതാണ്. പ്രവീൺ എന്ന യുവാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് നാടിന്റെ പല ഭാഗങ്ങളിലും ഉപേക്ഷിച്ച കേസിൽ ഒരു ഡിവൈഎസ്പി ജയിലിലാണ്.
അധോലോകത്തെ അരിവയ്പുകാരും ക്വട്ടേഷൻകാരുടെ ഇഷ്ടക്കാരും ലഹരിസംഘങ്ങളുടെ ഉപകാരികളുമൊക്കെയായി കാക്കിയിട്ടവർ മാറിയ കഥകൾ ഇതിനകം പലവട്ടം നമ്മൾ കേട്ടുകഴിഞ്ഞു. ക്രിമിനൽ ബന്ധമുള്ള 108 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തെന്നു സർക്കാർ പറയുന്പോൾ അതിൽ എത്ര വന്പൻ സ്രാവുകൾ കുടുങ്ങിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥർപോലും പ്രതിക്കൂട്ടിലാകുന്ന ആരോപണങ്ങൾ ഉയരുന്പോൾ ഒന്നു വ്യക്തം; പിടിച്ചതിലും വലുതാണ് അളയിലുള്ളത്. പോലീസ് വകുപ്പ് സന്പൂർണമായി അലക്കിപ്പിഴിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കാക്കിയിലെ പൊടി മാത്രം തട്ടിക്കളഞ്ഞ് ജനങ്ങളെ ഇനിയും ശശിയാക്കരുത്.