ഇ. ശ്രീധരൻ പറഞ്ഞത്
Monday, August 19, 2019 11:27 PM IST
നമ്മുടെ നാടിന് ആവശ്യം സത്യസന്ധരായ എൻജിനിയർമാരെയും ഉദ്യോഗസ്ഥരെയും ആണെന്നു മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞത് എത്രയോ വാസ്തവമായ ഒരു കാര്യമാണ്. സത്യസന്ധമായി പ്രവർത്തിക്കുന്ന കാര്യത്തിൽ ഇന്ന് എൻജിനിയർമാർ പിറകിലാണ്. ഭരണവൃന്ദങ്ങളുടെ ആജ്ഞകൾക്കു വിധേയമായിട്ടാണ് അവർ പ്രവർത്തിക്കുക. തൻനിമിത്തം എൻജിനിയർമാർക്കു തങ്ങളുടെ പ്രോജക്ടുകളുമായി ബന്ധപ്പെട്ടു ധൈര്യസമേതം തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുന്നില്ല; ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാനും കഴിയുന്നില്ല.
അദ്ദേഹത്തിന്റെ വാക്കുകളിൽ ധ്വനിക്കുന്നത് ഭരണ ഉദ്യോഗസ്ഥ തലത്തിലുള്ള അപാകതകൾ എത്രമാത്രം എന്നാണ്. നമ്മുടെ പൊതുമരാമത്തു വകുപ്പിൽ മന്ത്രിയെക്കൂടാതെ ചീഫ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ, ജൂണിയർ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, വർക്ക് സൂപ്രണ്ട് എന്നിങ്ങനെ എത്രയോ ഉദ്യോഗസ്ഥരുണ്ട്. എന്നിട്ടെന്തേ പാലാരിവട്ടം, വൈറ്റില പാലങ്ങൾക്കു ബലക്ഷയം? ഈ ബലക്ഷയം ഉണ്ടാകാതിരിക്കാൻ ആത്മാർഥമായ നിരീക്ഷണങ്ങളും പരിശോധനകളും അപ്പഴപ്പോൾ ഉണ്ടായോ?
തകരാറുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടവർ ഓരോ പണിയും നടക്കുന്പോൾ രംഗനിരീക്ഷണം നടത്താൻ തയാറായോ? നിശ്ചിത രീതിയിലും ശരിയായ അളവിലും ഒക്കെയാണോ പണികൾ പോകുന്നത് എന്ന് പരിശോധിക്കാനും തിരുത്താനും വേണ്ടിയല്ലേ ഇത്രയേറെ ഉദ്യോഗസ്ഥർ! അപ്പോൾ ഇ. ശ്രീധരൻ പറഞ്ഞത് വസ്തുനിഷ്ഠമായ യാഥാർഥ്യമാണല്ലോ.
ഫാ. ജോസഫ് പാന്പയ്ക്കൽ, എറണാകുളം