പെൻഷൻ നിഷേധിച്ചത് വൻ നീതികേട്
Saturday, July 12, 2025 12:38 AM IST
നാല്പതു ശതമാനത്തിലധികം വൈകല്യമുള്ള ഏതൊരാൾക്കും അനുവദിച്ചിരുന്നതാണ് ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷൻ. എന്റെ കുട്ടിയും ഈ പെൻഷൻ പദ്ധതിയിൽ അംഗമാണ്.
എന്നാൽ, 2024 മുതൽ ഈ പദ്ധതിയിൽ അർഹരാകുന്നവരുടെ മാനദണ്ഡത്തിൽ സർക്കാർ മാറ്റം വരുത്തി. ഇത്തരം വ്യക്തികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയിലധികം വാർഷികവരുമാനമുണ്ടെങ്കിൽ അവർ പെൻഷന് അർഹരാകില്ല. ഇതോടെ പലർക്കും പെൻഷൻ കിട്ടാതായി.
സ്വന്തമായൊരു തൊഴിലോ വരുമാനമോ ഇല്ലാത്ത ഇവരുടെ പെൻഷൻ നിഷേധിക്കുന്നത് അനീതിയാണ്. ഇവരിൽ ഏറെപ്പേർക്കും മരുന്നുകൾ ആവശ്യമാണ്. ഇവർക്കിപ്പോൾ വസ്ത്രം, മരുന്ന് എന്നിവ വാങ്ങാൻ പോലും മറ്റു കുടുംബാംഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇവർക്ക് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽപോലും നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്.
നിർത്തലാക്കിയ പെൻഷൻ വീണ്ടും കിട്ടുന്നതിനായി ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ നേതാക്കളെയും സാമൂഹികസാംസ്കാരിക രാഷ്ട്രീയ നേതാക്കളെയും സമീപിച്ചെങ്കിലും അവർ ഗൗനിച്ചില്ല. ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരും ഈ വിഷയത്തിന് വേണ്ട പ്രാധാന്യം നൽകിയില്ല. ഞാൻ ഈ കത്തെഴുതുന്നത് എന്റെ കുട്ടിക്കായിട്ട് മാത്രമല്ല. ഇതുപോലെ പെൻഷൻ നിഷേധിക്കപ്പെട്ട എല്ലാവർക്കുമായാണ്.
അധികാരികളിൽ ദയവുണ്ടായി കണ്ണുതുറന്ന് കണ്ട് ഭിന്നശേഷി പെൻഷൻ നിഷേധിക്കപ്പെട്ട ഈ കുട്ടികൾക്ക് വീണ്ടും പെൻഷൻ പദ്ധതി പുനരാരംഭിക്കണമെന്നും നിഷേധിക്കപ്പെട്ട കാലത്തെയും മുൻകാലത്തെയും കുടിശിക ഉൾപ്പെടെ തന്നു തീർത്ത് സഹായിക്കണമെന്നും അഭ്യർഥിക്കുന്നു. പ്രതികരിക്കാനും സംഘടിച്ച് സമരം ചെയ്ത് പ്രതിഷേധിക്കാനും കഴിവില്ലാത്തതുകൊണ്ടല്ലേ ഭിന്നശേഷിക്കാരായവരുടെ ചെറിയ പെൻഷൻ തുക നിഷേധിച്ചിരിക്കുന്നത്.
ഗ്രേസി തോമസ്, കുട്ടനാട്