എയ്ഡഡ് സ്കൂള്‍ അധ്യാപക രാഷ്ട്രീയം: ഹൈക്കോടതി വിധി അംഗീകരിക്കണം
Monday, March 1, 2021 8:48 PM IST
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ല എന്ന ഹൈക്കോടതി വിധി കക്ഷിരാഷ്ട്രീയഭേദമെന്യേ ബഹുഭൂരിപക്ഷം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സ്വാഗതം ചെയ്യും. രാഷ്ട്രീയ അതിപ്രസരമുള്ള കേരളം കാത്തിരുന്ന വിധിയാണിത്. ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ പാര്‍ട്ടികളും ഈ വിധി അംഗീകരിച്ച് നടപ്പിലാക്കണം. ഇനി ഈ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ പതിവുപോലെ സര്‍ക്കാര്‍ ഖജനാവിലെ തുക ഉപയോഗിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുവാനും ലക്ഷങ്ങള്‍ വക്കീല്‍ ഫീസ് നല്കി കേസ് വാദിക്കുവാനും പോകരുത് എന്നപേക്ഷിക്കുന്നു.
തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലാണ് അധ്യാപകരുടെ സേവനം ഏറ്റവും കൂടുതല്‍ ആവശ്യം. തെരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞാല്‍ ആ സേവനം പൂര്‍ണ തോതില്‍ പലപ്പോഴും ലഭിക്കാറില്ല. മാത്രമല്ല ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കുപ്പായം അണിഞ്ഞുകൊണ്ട് പാഠപുസ്തകവുമായി കുട്ടികളുടെ മുന്പില് നില്‍ക്കുന്നത് അധ്യാപകര്‍ക്ക് ചേര്‍ന്നതല്ല. സാമൂഹ്യ സേവനം ചെയ്യണമെന്നു നിര്‍ബന്ധമുള്ള അധ്യാപകര്‍ അവര്‍ ജോലി രാജിവെയ്ക്കുകയോ, അവധി എടുക്കുകയോ ചെയ്യട്ടെ.
അല്ലെങ്കില്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം മത്സരിക്കാമല്ലൊ ?
അല്ലെങ്കില്‍ തന്നെ സാമൂഹ്യ സേവനത്തിനു രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ വേണമെന്നില്ലല്ലോ ?
എ.വി.ജോര്‍ജ്, റിട്ട. ഹെഡ്മാസ്റ്റര്, തിരുവല്ല.