കുക്കി സ്ത്രീകൾ പ്രതിഷേധത്തിൽ
Thursday, June 19, 2025 3:02 AM IST
ചുരാചന്ദ്പുർ/ഇംഫാൽ: സുരക്ഷാ ഏജൻസികൾ നടത്തുന്ന അറസ്റ്റിൽ പ്രതിഷേധിച്ച് മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി സോ വനിതകളുടെ റാലി.
കുക്കി വുമൺ ഓർഗനൈസേഷൻ ഫോർ ഹ്യുമൻ റൈറ്റ്സ് സംഘടിപ്പിച്ച റാലിയിൽ കുക്കി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്ലാക്കാർഡുകൾ ഉയർത്തിയിരുന്നു. കുക്കികളെ അറസ്റ്റ്ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ജില്ലാ കളക്ടർവഴി സമരക്കാർ പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ ജനുവരി 17 നു മോറെയിൽ സുരക്ഷാസേനയ്ക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്ചെയ്തിരുന്നു.
രണ്ട് കമാൻഡോകളെ കൊലപ്പെടുത്തുകയും ഏതാനും സുരക്ഷാസൈനികർക്കു പരിക്കേൽക്കുകയും ചെയ്ത ആക്രമണം ആസൂത്രണംചെയ്തവരെയാണു പിടികൂടിയത്. ഇതിനെതിരേയാണു പ്രതിഷേധമെന്നു സുരക്ഷാസേന വിശദീകരിക്കുന്നു.