കാന്താര സിനിമ ചിത്രീകരണത്തിനിടെ ജൂണിയർ ആർട്ടിസ്റ്റ് നദിയിൽ മുങ്ങി മരിച്ചു
Friday, May 9, 2025 3:30 AM IST
ഉഡുപ്പി(കർണാടക): കാന്താര ചാപ്റ്റർ 1 എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂണിയർ ആർട്ടിസ്റ്റ് മുങ്ങിമരിച്ചു. എം.എഫ്. കപിൽ ആണ് മരിച്ചത്. സൗപർണികാ നദിയിൽ കുളിക്കാനിറങ്ങുന്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു.അസ്വാഭാവിക മരണത്തിനു കൊല്ലൂർ പോലീസ് കേസെടുത്തു.
ഇതാദ്യമായല്ല, കാന്താരയുടെ ഷൂട്ടിംഗ് സൈറ്റിലെ തടസങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞദിവസം കൊല്ലൂരിൽ ജൂണിയർ ആർട്ടിസ്റ്റുമാരുമായി വന്ന ബസ് നിയന്ത്രണംവിട്ടു മറഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സിനിമയ്ക്കായി തയാറാക്കിയ സെറ്റ് കാറ്റിലും മഴയിലും തകർന്നതും വനത്തിനുള്ളിൽ ചിത്രീകരിക്കുന്നതിനിടെ സംവിധായകരുൾപ്പെടെയുള്ളവരെ വനംവകുപ്പ് അധികൃതർ തടഞ്ഞുവച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
എന്നാൽ, ഏതു പ്രതിബന്ധവും മറികടന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി ഒക്ടോബർ രണ്ടിനുതന്നെ സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു. ഇതിനിടെ, കപിലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാൻ സംവിധായകനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നിവേദനം നല്കി.