ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ട്: അന്വേഷണ റിപ്പോർട്ട് കൈമാറി
Friday, May 9, 2025 3:30 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്ക്കു പങ്കുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെ അന്വേഷണ റിപ്പോർട്ട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറി.
തെറ്റുകാരനാണെന്നു തെളിഞ്ഞതിനു പിന്നാലെ യശ്വന്ത് വർമയ്ക്കെതിരായ ശിക്ഷാ നടപടികളുടെ തുടക്കമായാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ കൈമാറിയത്. യശ്വന്ത് വർമയെ പദവിയിയിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ചീഫ് ജസ്റ്റീസ് ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
യശ്വന്ത് വർമ സ്വമേധയാ രാജിവെക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനു പിന്നാലെ ചീഫ് ജസ്റ്റീസ് രാജി സമർപ്പിക്കാനോ കൂറ്റവിചാരണ (ഇംപീച്ച്മെന്റ്) നേരിടാനോ യശ്വന്ത് വർമയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ വസതിയിൽ പണമുണ്ടെന്നുള്ള റിപ്പോർട്ട് പൂർണമായി തള്ളുകയാണ് യശ്വന്ത് വർമ.
ഇതിനെ തുടർന്നാണ് അന്വേഷണ റിപ്പോർട്ടും യശ്വന്ത് വർമയുടെ മറുപടിയും കൈമാറിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 124(4) പ്രകാരം പാർലമെന്റിനു യശ്വന്ത് വർമയെ ജസ്റ്റീസ് പദവിയിൽനിന്ന് നീക്കം ചെയ്യാൻ അധികാരമുണ്ട്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ഈ മാസം 13നു വിരമിക്കുന്നതിനാൽ അതിനുമുന്പേ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഈ വർഷം മാർച്ച് 14നു യശ്വന്ത് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപിടിത്തമാണ് വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തുന്ന സംഭവത്തിലേക്കും അതിനെത്തുടർന്നുള്ള അന്വേഷണത്തിലേക്കും നയിച്ചത്.
തീപിടിത്തമുണ്ടായപ്പോൾ യശ്വന്ത് വർമയും ഭാര്യയും മധ്യപ്രദേശിലായിരുന്നു. തീയണയ്ക്കാൻ വന്നവരാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയതും അധികാരികളെ വിവരമറിയിച്ചതും. സംഭവം പുറത്തറിഞ്ഞതിനു ശേഷം ജസ്റ്റീസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.