കാൻഡമാലിൽ നാലു ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു
Friday, May 9, 2025 3:30 AM IST
സൈമൺബാഡി: ഇന്ത്യയിലെ ക്രൈസ്തവരുടെ ഉള്ളില്‍ തീരാനോവായി മാറിയ ഒഡീഷയിലെ കാൻഡമാലില്‍ പൗരോഹിത്യ വസന്തം. കാൻഡമാൽ ജില്ലയിലെ സൈമൺബാഡി മാ മരിയ കപ്പൂച്ചിൻ ഇടവകയിലാണ് കഴിഞ്ഞ ആറിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണം നടന്നത്.
കപ്പൂച്ചിൻ വൈദികന് ഫാ. ഐസക് പരിച, രൂപതവൈദികരായ ഫാ. ലിതു പ്രധാൻ, സരജ് നായക്, മൈക്കൽ ബെഹേര എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. കട്ടക്ക്-ഭുവനേശ്വർ ആർച്ച്ബിഷപ് ജോൺ ബറുവ മുഖ്യകാർമികനായിരുന്നു. നൂറിലധികം വൈദികരും 50 സന്യാസിനികളും സെമിനാരി വിദ്യാർഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ തിരുക്കര്‍മത്തില്‍ പങ്കെടുത്തു.
2008 ഓഗസ്റ്റ് 25നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവർക്കുനേരേ ആക്രമണം അഴിച്ചുവിട്ടത്. 120ഓളം ക്രൈസ്തവര്‍ക്ക് ജീവന് നഷ്ടമായ കലാപത്തില്‍ പള്ളികളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000ൽ അധികം പേര് അക്രമങ്ങള്‍ ഭയന്ന് പലായനം ചെയ്തു.
6500ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീയടക്കം 40 സ്ത്രീകളെ ബലാത്സംഗം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കു വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. എന്നാല്‍ ക്രൈസ്തവരുടെ രക്തം വീണ കാൻഡമാലിൽ സഭ ശക്തമാകുന്നുവെന്നതിന്റെ സാക്ഷ്യമായി കലാപത്തിനുശേഷം ആയിരങ്ങളാണു ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്.