മുക്കം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ആവേശം വിതറി വയനാട് എംപി പ്രിയങ്ക ഗാന്ധി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രിയങ്ക ഗാന്ധി എത്തിയത്.
പ്രിയ എംപിയെ കാണാനായി കനത്ത മഴയെയും അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച കൊടിയത്തൂർ ജിഎംയുപി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം, 12.5 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ചാലക്കൽ കുടിവെള്ള പദ്ധതി, 20 ലക്ഷത്തോളം രൂപ ചെലവിൽ നവീകരിച്ച പുറമണ്ണിൽ കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിലെ 13, 14, 16 വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് ആശ്രയമാവുന്ന പദ്ധതിയാണ് ചാലക്കൽ കുടിവെള്ള പദ്ധതി. വേനൽ കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി സഹായകരമാവും. ഗ്രാമ പഞ്ചായത്തിലെ 13, 14, 16 വാർഡുകളിലെ 150 ഓളം കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് പുറമണ്ണിൽ കുടിവെള്ള പദ്ധതി.
കൊടിയത്തൂർ ജിഎംയുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ചെറുവാടി ഗവ. ഹയർ സെക്കൻഡറി, പിടിഎം ഹയർ സെക്കൻഡറി, തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്ക് ചടങ്ങിൽ എംപി ഉപഹാരങ്ങൾ നൽകി.
ടി.സിദ്ധീഖ് എംഎൻഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മറിയംകുട്ടി ഹസൻ, ആയിഷ ചേലപ്പുറം, ബാബു പൊലുകുന്ന്, പഞ്ചായത്തംഗം ടി.കെ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ തുടങ്ങിയവർ പ്രസംഗിച്ചു.