കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ നടത്തിയ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ മാതൃകയില്‍ വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഒമ്പതിന് ഈരാറ്റുപേട്ട ബറകാത്ത് സ്ക്വയര്‍ ഓഡിറ്റോറിയത്തില്‍ റൈസിംഗ് പൂഞ്ഞാര്‍ ടുകെ 25 എന്ന പേരില്‍ നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നു. 206 സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തു. 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 7381 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷ.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലും സമീപപ്രദേശങ്ങളിലും നിരവധി നിക്ഷേപ പദ്ധതികള്‍ മീറ്റിലൂടെ പ്രതീക്ഷിക്കുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍, കാര്‍ഷികാധിഷ്ഠിത ഭക്ഷ്യ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ഐടി/ഐടിഇഎസ് സാധ്യതകള്‍, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, മരഉത്പന്ന സംരംഭങ്ങള്‍, സുഗന്ധവ്യഞ്ജനാധിഷ്ഠിത സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിരവധി സാധ്യതകളും സമീപഭാവിയില്‍ എരുമേലിയില്‍ ആരംഭിക്കുന്ന ശബരി ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ സാധ്യതകളും മുന്നില്‍ക്കണ്ട് മണ്ഡലത്തില്‍ കൂടുതല്‍ വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ ആരംഭിച്ച് ഉത്പാദനവും അതുവഴി ജനങ്ങളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനാണ് നിക്ഷേപകസംഗമം ലക്ഷ്യംവയ്ക്കുന്നത്.
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാവിധ അനുമതികളും സാങ്കേതിക പിന്തുണയും ഉറപ്പുവരുത്താനും മൂലധന സമാഹരണത്തിനുള്ള അവസരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹായത്തോടെ ലഭ്യമാക്കാനും നിക്ഷേപകസംഗമം ലക്ഷ്യമിടുന്നു.
ഒൻപതിനു രാവിലെ ഒൻപതിനു രജിസ്ട്രേഷന്. 9.30 മുതല്‍ 10.30 വരെ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ പിന്തുണ-ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച പദ്ധതികള്‍, ബാങ്കുകള്‍-അംഗീകൃത ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മൂലധനം സ്വരൂപിക്കല്‍ എന്നിവ സംബന്ധിച്ചു വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവും സംഘവും നയിക്കുന്ന പാനല്‍ സെഷന് നടക്കും.
10.30ന് ഉദ്ഘാടന സമ്മേളനം. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പുതിയ അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, അഗ്രി ഫുഡ് പ്രോസസിംഗ് യൂണിറ്റ് എന്നിവയുടെ പ്രഖ്യാപനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സന്ദേശം നല്‍കും. സംരംഭകവര്‍ഷവുമായി ബന്ധപ്പെട്ട ഐകെജിഎസ് പ്രോഗ്രസ് കാര്‍ഡ് അവതരണം വ്യവസായ ഡയറക്ടര്‍ പി. വിഷ്ണുരാജ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ വി.ആര്. രാകേഷ് എന്നിവര്‍ പ്രസംഗിക്കും.
12.15 മുതല്‍ 1.15 വരെ മന്ത്രി പി. രാജീവ് പങ്കെടുക്കുന്ന ചര്‍ച്ച. 1.45 മുതല്‍ രണ്ടുവരെ സംരംഭകത്വത്തെപ്പറ്റിയുള്ള സെഷന് നടക്കും. രണ്ടുമുതല്‍ 5.30 വരെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ സെഷനുകള്‍ നയിക്കും.
5.30ന് സമാപനസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും താത്പര്യപത്രങ്ങളുടെ പ്രഖ്യാപനവും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍വഹിക്കും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആര്. അനുപമ, ഷോണ്‍ ജോര്‍ജ്, ശുഭേഷ് സുധാകരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിള്‍, ജോര്‍ജ് മാത്യു, കെ.സി. ജയിംസ്, സ്കറിയ ജോസഫ്, മറിയാമ്മ സണ്ണി, കെ.കെ. ശശികുമാര്‍, ബിജോയി ജോസ്, സി.എം. ജാന്‍സി, കെ.എം. രേഖ ദാസ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ വി.ആര്. രാകേഷ്, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എം. പ്രവീണ്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 6.30 മുതല്‍ 7.30 വരെ സാംസ്കാരിക പരിപാടികള്‍.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജോയി ജോര്‍ജ്, പി.എസ്. സുനില്‍, സാജന് കുന്നത്ത്, ദിലീപ് കുമാര്‍, ടോമി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി.ആര്. രാകേഷ് എന്നിവര്‍ പങ്കെടുത്തു.