കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടത്തും.
നാനാജാതി മതസ്ഥര്‍ മാതാവിന്റെ അനുഗ്രഹംതേടി ഇവിടെ പ്രാര്‍ഥിക്കാന്‍ എത്തിച്ചേരുന്നുണ്ട്. കാഞ്ഞിരപ്പള്ളി പഴയപള്ളി മതസൗഹാര്‍ദത്തിന്റെ മറ്റൊരു സാക്ഷ്യം കൂടിയാണ്. തിരുനാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പന്തല്‍ കാല്‍നാട്ടുകര്‍മം വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യന് താമരശേരി നിര്‍വഹിച്ചു.
31നു വൈകുന്നേരം ആറിന് കൊടിയേറ്റ്. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ രാവിലെ അഞ്ച്, 6.30, 10.15, ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞ് 2.00, വൈകുന്നേരം 4.30, രാത്രി 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസ് പുളിക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നൽകും. തിരുനാള്‍ ദിവസങ്ങളില്‍ ജപമാല, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുനാൾ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
പഴയ പള്ളിയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 5000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് മാതാക്കളാണ്.
റവ.ഡോ. കുര്യന് താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. റ്റോണി മുളങ്ങാശേരില്‍, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പില്‍, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകില്‍, ടി.സി. ചാക്കോ വാവലുമാക്കല്‍, തിരുനാള്‍ കണ്‍വീനര്‍ മാത്തച്ചന് മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവർത്തിച്ചുവരുന്നു.