തൊടുപുഴ: നാലു പതിറ്റാണ്ടുകളായി തൊടുപുഴയുടെ സാംസ്കാരികമുഖമായി നിലകൊള്ളുന്ന ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
റവ. ഡോ. ആൽബർട്ട് നന്പ്യാപറന്പിൽ സിഎംഐയുടെ നേതൃത്വത്തിൽ ആരംഭിച്ച എറണാകുളം ചാവറ കൾച്ചറൽ സെന്ററിനു ശേഷമാണ് 1985 ജനുവരി 28 ന് സിഎംഐ സഭയുടെ കീഴിൽ ഉപാസന സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിച്ചത്.
മുൻ കേരള ഗവർണർ പി. രാമചന്ദ്രനാണ് സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പി.ജെ. ജോസഫ് എംഎൽഎ, പി.കെ. കൃഷ്ണൻനായർ, കുട്ടിസാഹിബ് എന്നിവരായിരുന്നു രക്ഷാധികാരികൾ.
തുടർന്ന് എല്ലാ ഞായറാഴ്ചകളിലും വിവിധ വിഷയങ്ങളിൽ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു വരികയാണ്. എം.വി. ദേവൻ, ഒ.എൻ.വി. കുറുപ്പ്, സുകുമാർ അഴീക്കോട്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജെറി അമൽദേവ്, സിപ്പി പള്ളിപ്പുറം, ഡി. വിനയചന്ദ്രൻ, എം. തോമസ് മാത്യു, എം. ലീലാവതി, സ്വാമി സന്ദീപനാനന്ദഗിരി, പെരുന്പടവം ശ്രീധരൻ, ഡോ. ഡി. ബാബുപോൾ, സ്വാമി നിത്യചൈതന്യയതി, ജോ പോൾ, ഏഴാച്ചേരി രാമചന്ദ്രൻ, ജസ്റ്റീസ് വി.കെ. ഷംസുദ്ദീൻ, കുഞ്ഞുണ്ണി മാഷ്, കടമ്മനിട്ട രാമകൃഷ്ണൻ, പി. വത്സല, പി. ഗോവിന്ദപിള്ള, ജോർജ് ഓണക്കൂർ, പി.ജെ. ജോസഫ്, കെ.എം. മാണി, പന്ന്യൻ രവീന്ദ്രൻ, പി.ടി. തോമസ്, എം.കെ. സാനു, ചെമ്മനം ചാക്കോ, അയ്യപ്പണിക്കർ, കെ.എൽ. മോഹനവർമ്മ, ഫാ. വടക്കൻ തുടങ്ങി വിവിധ സാംസ്കാരിക, രാഷ്ട്രീയ നായകർ ഇവിടെ നടത്തിയ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിനു പുറമേ റിട്ടയർ ചെയ്തവർക്കായി സൗഹൃദ സദസ്, കാവ്യ കഥാവേദി, സംഗീതസന്ധ്യ, ബാലോപാസന, വനിതാ വേദി, യുവവേദി എന്നിവയും ഉപാസനയിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിനു പുറമെ രാവിലെ 9.30 മുതൽ 1.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയും ലൈബ്രറിയും റീഡിംഗ് റൂമും പ്രവർത്തിച്ചുവരുന്നുണ്ട്.
ഉപാസന ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കും. മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ സിഎംഐ അധ്യക്ഷത വഹിക്കും. എംജി യൂണിവഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് "ഭാരതം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. റൂബി ജൂബിലിയുടെ സമാപന സമ്മേളനം ഡിസംബർ 14ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ ഡയറക്ടർ ഫാ. പ്രിൻസ് പരത്തനാൽ സിഎംഐ, സെക്രട്ടറി ഡോ. ജോണ് മുഴുത്തേറ്റ്, ജോയിന്റ് സെക്രട്ടറിമാരായ തോമസ് കുണിഞ്ഞി, സുകുമാർ അരിക്കുഴ, ലൈബ്രറേറിയൻ ഷാജി മുതുകുളം എന്നിവർ പങ്കെടുത്തു.