ക​രി​ങ്ക​ല്ലു തോ​ൽ​ക്കുമീ ​ക​രം തൊ​ട്ടാ​ൽ ഓ​ട​ക്കു​ഴ​ലിൽ നാദവിസ്മയം
Sunday, August 10, 2025 7:28 AM IST
തൊ​ടു​പു​ഴ: ക​രി​ങ്ക​ല്ല് അ​ടി​ച്ചുപൊ​ട്ടി​ച്ച് മു​ഖം മി​നു​ക്കി മ​നോ​ഹ​ര​മാ​യ വീ​ടു​ക​ൾ​ക്ക് അ​ടി​ത്ത​റ​യി​ടു​ന്ന അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം​മൈ​ൽ സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് ചെ​ല്ല​പ്പ​ൻ മേ​സ്തി​രി​യു​ടെ ക​രം തൊ​ട്ടാ​ൽ പാ​ടാ​ത്ത ഓ​ട​ക്കു​ഴ​ലില്ല. ഒ​രു ഗു​രു​വി​ന്‍റെ​യും അ​ടു​ത്ത് ദ​ക്ഷി​ണ വ​യ്ക്കാ​തെ, ആ​രു​ടെ​യും പ​രി​ശീ​ല​നം ഇ​ല്ലാ​തെ ശ്രു​തിമ​ധു​ര​മാ​യി ഓ​ട​ക്കു​ഴ​ൽ വാ​യി​ച്ച് നാ​ദവി​സ്മ​യം തീ​ർ​ക്കു​ന്ന​ത് കേ​ട്ടാ​ൽ ആ​രും പ​റ​ഞ്ഞുപോ​കും ഈ ​മേ​സ്തി​രി ചി​ല്ല​റ​ക്കാ​ര​ന​ല്ലെ​ന്ന്. ഇ​തി​നു പി​ന്നി​ൽ ക​ഠി​നാ​ധ്വാ​ന​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ജീ​വി​ത​മു​ണ്ട്. ഉ​ള്ളി​ൽ കെ​ടാ​തെ നി​ൽ​ക്കു​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. നി​ര​ന്ത​ര​മാ​യ ത​പ​സ്യ​യു​ണ്ട്.

ക​ണ്ടും കേ​ട്ടും പ​ഠി​ച്ചു

പ​തി​നാ​റാ​മ​ത്തെ വ​യ​സി​ലാ​ണ് ചെ​ല്ല​പ്പ​ൻ മേ​സ്തി​രി​പ്പ​ണി ആ​രം​ഭി​ച്ച​ത്. അ​ച്ഛ​ൻ വേ​ലാ​യു​ധ​ന് ഒ​പ്പ​മാ​യി​രു​ന്നു ജോ​ലി. ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള ച​ക്കി​ക്കാ​വ് സെ​ന്‍റ് മേ​രീസ് പ​ള്ളി​യു​ടെ നി​ർ​മാ​ണ​മാ​യി​രു​ന്നു ആ​ദ്യം ചെ​യ്ത ജോ​ലി. ജോ​ലി ആ​രം​ഭി​ച്ച അ​തേവ​ർ​ഷം ത​ന്നെ ഓ​ട​ക്കു​ഴ​ൽ വാ​യ​ന​യും ആ​രം​ഭി​ച്ചു.

അ​ച്ഛ​ൻ ഓ​ട​ക്കു​ഴ​ൽ വാ​യി​ക്കു​ന്ന​ത് ക​ണ്ടും കേ​ട്ടു​മാ​ണ് വാ​യി​ക്കാ​ൻ പ​ഠി​ച്ച​ത്. ഇ​തി​നാ​യി സ്വ​ന്ത​മാ​യി ഓ​ട​ക്കു​ഴ​ൽ വാ​ങ്ങി. ഏ​ഴ് സ്വ​ര​ങ്ങ​ളു​ടെ​യും നോ​ട്ടു​ക​ൾ സ്വ​യം ത​യാ​റാ​ക്കി​യാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ് പ​രി​ശീ​ല​നം ന​ട​ത്തും. പി​ന്നീ​ട് ജോ​ലി​ക്ക് പോ​കും. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം രാ​ത്രി​യി​ൽ വീ​ണ്ടും പ​രി​ശീ​ല​നം ന​ട​ത്തും.

മ​ത​മൈ​ത്രി​യു​ടെ നാ​ദം

വീ​ടി​നു സ​മീ​പ​മു​ള്ള അ​റ​ക്കു​ളം ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ഓ​ട​ക്കു​ഴ​ൽ വാ​യി​ച്ച് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഹൈ​ന്ദ​വ, ക്രി​സ്ത്യ​ൻ കീ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഓ​ട​ക്കു​ഴ​ൽ കൈ​യി​ലെ​ടു​ത്താ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഓ​ടി​യെ​ത്തി​യി​രു​ന്ന​ത്. മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശ​മാ​ണ് ചെ​ല്ല​പ്പ​ൻ മേ​സ്തി​രി​യു​ടെ ഓ​ട​ക്കു​ഴ​ലി​ലൂ​ടെ പു​റ​ത്തു​വ​ന്ന​വ​യി​ൽ ഏ​റെ​യും . ചെ​ത്തി​മ​ന്ദാ​രം തു​ള​സി ... എ​ന്ന ഹൈ​ന്ദ​വ ഭ​ക്തി​ഗാ​ന​വും നി​ത്യ​വി​ശു​ദ്ധ​യാം ക​ന്യാ​മ​റി​യ​മേ ... എ​ന്ന ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​വും നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും ഗാ​ന​മേ​ള ടീ​മി​നൊ​പ്പ​വും ചെ​ല്ല​പ്പ​ൻ പാ​ടി​യി​ട്ടു​ണ്ട് .

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​ന്പ​ച്ചി കു​രി​ശു​മ​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ ഇ​ട​വ​ക വി​കാ​രി​യാ​യി​രി​ക്കു​ന്പോ​ൾ പ​രി​ശു​ദ്ധാ​ത്മാ​വേ നീ ​എ​ഴു​ന്ന​ള്ളി വ​ര​ണ​മേ ... എ​ന്ന ഗാ​നം ഓ​ട​ക്കു​ഴ​ലി​ൽ വാ​യി​ച്ച​ത് മ​ന​സി​ൽനി​ന്ന് ഇ​ന്നും മാ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഗു​രു​വാ​യൂ​ർ, തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി, കാ​ഞ്ഞി​ര​മ​റ്റം മ​ഹാ​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ കീ​ർ​ത്ത​ന​ങ്ങ​ൾ വാ​യി​ച്ചി​ട്ടു​ണ്ട്. ഓ​രോ കീ​ർ​ത്ത​ന​വും ഈ​ശ്വ​രാ​ർ​ച്ച​ന​യാ​യി അ​ർ​പ്പി​ക്കു​ന്പോ​ൾ ഉ​ള്ളി​ൽ ആ​ന​ന്ദം നി​റ​യും. ഇ​താ​ണ് ചെ​ല്ല​പ്പ​ൻ മേ​സ്തി​രി​യു​ടെ നാ​ദോ​പാ​സ​ന​യു​ടെ പി​ന്നി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന മ​ർ​മം .

മേ​ൽ​ശാ​ന്തി ന​ൽ​കി​യ ഓ​ട​ക്കു​ഴ​ൽ

കു​ട​യ​ത്തൂ​ർ ശ​രം​കു​ത്തി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി 15 വ​ർ​ഷം മു​ന്പ് ന​ല്ല വി​ല​യു​ള്ള ഓ​ട​ക്കു​ഴ​ൽ സ​മ്മാ​ന​മാ​യി ന​ൽ​കി. ഈ ​ഓ​ട​ക്കു​ഴ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ വാ​യി​ക്കു​ന്ന​ത്. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കു​ടും​ബ സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ ഓ​ട​ക്കു​ഴ​ൽ വാ​യ​ന​യി​ലൂ​ടെ അ​നേ​ക​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കാ​നും അ​സ്വ​സ്ഥ​മാ​യ മ​ന​സു​മാ​യി ക​ട​ന്നു​വ​രു​ന്ന​വ​രെ പ്ര​ശാ​ന്ത​ത​യി​ലേ​ക്ക് ന​യി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നി​ര​വ​ധി സി​നി​മാ​ഗാ​ന​ങ്ങ​ളും വാ​യി​ച്ചി​ട്ടു​ണ്ട്. അ​വ ഓ​രോ​ന്നും ഈ​ണ​ത്തി​ൽ വാ​യി​ക്കു​ന്ന​ത് കേ​ട്ടാ​ൽ ആ​രും ഒ​രു നി​മി​ഷം നി​ന്നു​പോ​കും.

15 വ​ർ​ഷ​മാ​യി യോ​ഗ അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. പ്രാ​യം 78 ആ​യെ​ങ്കി​ലും മേ​സ്തി​രി ജോ​ലി​യും ഓ​ട​ക്കു​ഴ​ൽ വാ​യ​ന​യും ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ന്നും ഹ​ര​മാ​ണ്. ആ​രോ​ഗ്യം ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​യ​തി​നാ​ൽ അ​ധ്വാ​ന​ത്തെ ഈ​ശ്വ​രാ​ർ​ച്ച​ന​യാ​യാ​ണ് ഇ​ദ്ദേ​ഹം കാ​ണു​ന്ന​ത്.

കാ​ഞ്ഞി​ര​മ​റ്റം സൂ​ര്യ​ൻ​കു​ന്നേ​ൽ ര​ത്ന​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ർ​മ​ല, രാ​ജേ​ഷ്, സ​ത്യ​ൻ. ആ​ണ്‍​മ​ക്ക​ൾ ര​ണ്ടു​പേ​രും മേ​സ്തി​രി​മാ​രാ​ണ്. ഇ​തി​നു​പു​റ​മേ അ​ച്ഛ​ൻ ചെ​ല്ല​പ്പ​നും രാ​ജേ​ഷും ശി​ല്പ​ങ്ങ​ളു​ടെ നി​ർമാ​ണ​ത്തി​ലും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ജോ​യി കി​ഴ​ക്കേ​ൽ