സ്റ്റെൽ മന്നൻ രജനീകാന്ത് തിരുവന്തപുരത്ത്; ഇനി പത്തുനാൾ തലസ്ഥാനത്ത്
Tuesday, October 3, 2023 2:57 PM IST
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്റ്റൈൽ മന്നൻ രജനികാന്ത് തിരുവനന്തപുരത്ത് എത്തി. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് താരം എത്തിയിരിക്കുന്നത്. പത്തുദിവസം താരം തിരുവനന്തപുരത്തുണ്ടാകും.
ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിക്കുന്നത്.
ജയിലറിന്റെ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് 'തലൈവർ 170'. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം.
ആദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.