ഹൃദയപൂർവം സെറ്റിൽ ചെന്ന് അച്ഛൻ മോഹൻലാലിനോട് മാപ്പ് പറഞ്ഞു, അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി: ധ്യാൻ
Tuesday, October 14, 2025 11:06 AM IST
മോഹൻലാൽ എന്ന നടനെപ്പോലെയാകാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തെ പോലൊരു മനുഷ്യനാകാൻ ശ്രമിക്കണമെന്ന് ധ്യാൻ ശ്രീനിവാസൻ.
മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ വിമർശനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച ധ്യാൻ ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിൽ വച്ച് തന്നോട് ക്ഷമിക്കണമെന്ന് മോഹൻലാലിനോട് അച്ഛൻ പറഞ്ഞുവെന്നും വെളിപ്പെടുത്തി.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്തു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാന് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
""മോഹൻലാൽ എന്ന നടനെപ്പോലെ നമുക്ക് ഒരിക്കലും ആകാൻ കഴിയില്ല. എന്നാൽ, ഒന്ന് ശ്രമിച്ചാൽ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യനാകാൻ സാധിച്ചേക്കാം. നടനെന്നതിലുപരി എന്തുകൊണ്ട് മോഹൻലാൽ എന്ന മനുഷ്യനെ ആളുകൾ ആഘോഷിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒരു ഇന്റർവ്യുവിൽ എന്റെ അച്ഛൻ അദ്ദേഹത്തെ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞപ്പോഴും, ഞാൻ എന്റെ വേറൊരു അഭിമുഖത്തിൽ അതിനെ കൗണ്ടർ ചെയ്ത് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരുപാട് കുത്തുവാക്കുകൾ അദ്ദേഹം കേട്ടിട്ടുണ്ട്.
കുറച്ച് ദിവസം മുൻപ് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാൽ നേടിയതിന് നമ്മൾ അദ്ദേഹത്തെ ആദരിച്ച സമയത്ത് അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്.
പക്ഷേ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റീവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും.
ഹൃദയപൂർവത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ ‘‘ശ്രീനി അതൊക്കെ വിടെടോ’’ എന്ന് പറയാനുള്ള മനസ് ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും ഉണ്ടാകില്ല.
അതൊക്കെ നമുക്ക് അത്ഭുതമാണ്. എന്നെങ്കിലുമൊരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയൊരു ആഗഹമാണ്.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.