ചരിത്രനേട്ടത്തിൽ "ലോക', 300 കോടി നേടുന്ന ആദ്യ മലയാളചിത്രം
Tuesday, October 14, 2025 9:11 AM IST
കല്യാണി പ്രിയദർശൻ നായികയായെത്തിയ സൂപ്പർ ഹീറോ ചിത്രം ലോക ചരിത്രനേട്ടവുമായി മുന്നേറുന്നു. ചിത്രം 300 കോടി നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ, എമ്പുരാനെ പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി 'ലോക' മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്.
കേരളത്തില്‍നിന്ന് മാത്രം ചിത്രം 120 കോടിയിലേറെ നേടിയതായാണ് വിവരം. അഞ്ചാംവാരത്തിലും ഇരുന്നൂറിലധികം സ്ക്രീനുകളിലായി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
കേരളത്തിലെ തിയറ്ററുകളില്‍നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായും ലോക മാറിയിരുന്നു. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോളതലത്തില്‍ കണ്ടത്.
പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടുകയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.