സായ് പല്ലവിയുടെ പേരിൽ ശോഭിത മിണ്ടാതിരുന്നത് ദിവസങ്ങൾ; നാഗചൈതന്യ പറയുന്നു
Friday, October 10, 2025 8:31 AM IST
ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയെക്കുറിച്ച് വാചാലനായി നടൻ നാഗചൈതന്യ. ശോഭിത ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും ഒരു സിനിമയിലെ പാട്ടിന്റെ പേരിൽ തന്നോട് മിണ്ടാതിരുന്ന ആളാണ് ശോഭിതയെന്നും നടൻ പറഞ്ഞു.
ജഗപതി ബാബുവിറെ ടോക്ക് ഷോയിൽ സംസാരിക്കവെയാണ് നാഗചൈതന്യ ഭാര്യയെക്കുറിച്ച് പറഞ്ഞത്.
നാഗചൈതന്യയും സായ് പല്ലവിയും ഒന്നിച്ച തണ്ടേൽ എന്ന സിനിമയിലെ ‘ബുജ്ജി തല്ലീ’ എന്ന ഗാനമാണ് വഴക്കിനിടയാക്കിയത്. ശോഭിതയെ നാഗചൈതന്യ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബുജ്ജി.
പാട്ടിൽ നായികയെ ആ പേര് വിളിച്ചതിന് ശോഭിത കുറച്ചു ദിവസം മിണ്ടിയില്ലെന്ന് നാഗചൈതന്യ പറഞ്ഞു. താൻ പറഞ്ഞിട്ടാണ് ആ പേര് ഉൾപ്പെടുത്തിയത് എന്ന് ശോഭിത കരുതിയിരുന്നു. പക്ഷേ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് നാഗചൈതന്യ പറഞ്ഞു. പരസ്പരം വഴക്കിട്ടാത്ത ബന്ധങ്ങൾ യാഥാർഥ്യമല്ലെന്നും താരം അഭിപ്രായപ്പെട്ടു.
ശോഭിതയെ ആദ്യമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്നും നാഗചൈതന്യ വെളിപ്പെടുത്തി. ‘ഞങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. എന്റെ പങ്കാളിയെ അവിടെവച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
അവളുടെ സിനിമകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം, ഞാൻ ഷോയുവിനെ (നാഗചൈതന്യയുടെ ക്ലൗഡ് കിച്ചൺ) കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ അവൾ ഒരു ഇമോജി കമന്റ് ചെയ്തു. ഞാൻ മറുപടി നൽകി, ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി. താമസിയാതെ നേരിട്ട് കണ്ടുമുട്ടി.’ താരം പറഞ്ഞു.
2024 ഡിസംബറിൽ ഹൈദരാബാദിൽ വച്ചാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹിതരാകുന്നത്. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷമായിരുന്നു വിവാഹം. 2017ൽ സാമന്തയുമായി നാഗചൈതന്യയുടെ വിവാഹം നടന്നെങ്കിലും 2021ൽ ഇരുവരും വേർപിരിഞ്ഞു.