ലോകയുടെ ക്രെഡിറ്റ് തർക്കം; റിമ കല്ലിങ്കലിന് മറുപടിയുമായി വിജയ് ബാബു
Tuesday, October 7, 2025 9:30 AM IST
സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലോക സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. നടിമാരായ നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ മറുപടി.
ലോക എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണെന്ന് നൈല ഉഷ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.
പിന്നാലെ റിമ കല്ലിങ്കൽ പറഞ്ഞൊരു പ്രസ്താവനയും സിനിമാ മേഖലയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ഇതിനു പിന്നാലെയാണ് മലയാളത്തിൽ ഇതിനു മുൻപും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ വന്നിട്ടുണ്ടെന്നും അവയുടെ ക്രെഡിറ്റ് സിനിമ നിർമിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും തുറന്നുപറഞ്ഞുകൊണ്ട് വിജയ് ബാബു എത്തിയത്.
‘‘ദൈവത്തിന് നന്ദി. വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇൻഡിപെൻഡൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓൾഡ് ആർ യൂ, ഒപ്പം 22 ഫീമെയിൽ കോട്ടയം തുടങ്ങി ഓർക്കാൻ കഴിയാത്ത അനേകം മികച്ച സിനിമകളെക്കുറിച്ച് ആരും ക്രെഡിറ്റ് എടുക്കുന്നില്ല. മലയാളം എപ്പോഴും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ സമ്മാനിച്ചിട്ടുണ്ട്.
സമയം മാറി, ഒടിടിയുടെ കടന്നുവരവോടെ പുതിയ പ്രേക്ഷകർ എത്തുകയും ചെയ്തതോടെ, നമ്മുടെ ഇൻഡസ്ട്രി കൂടുതൽ ഉയരങ്ങളിലെത്തി. ഇപ്പോൾ നമ്മൾ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കമാണ് നിർമിക്കുന്നത്! ലളിതവും വ്യക്തവുമാണ് കാര്യം. ഇതിനുള്ള മുഴുവൻ ക്രെഡിറ്റും, ഈയൊരു ഇടം കണ്ടെത്തുകയും അത് ചെയ്യുകയും ചെയ്ത വേഫെററിനും ലോക ടീമിനും മാത്രമുള്ളതാണ്,’’വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇത്രയും വലിയ സ്കെയിലിൽ സിനിമ നിർമിച്ചതിനുള്ള ക്രെഡിറ്റ് ലോക ടീമിനാണെന്നും ഇതു പോലുള്ള സിനിമകൾക്കുള്ള ഇടം ഇവിടെ ഇവിടെ ഉണ്ടാക്കിയത് നമ്മൾ ഒരുമിച്ചാണെന്നുമായിരുന്നു ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടത്.
ലോകയുടെ വിജയത്തിൽ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഛായാഗ്രാഹകൻ നിമിഷും സംവിധായകൻ ഡൊമിനികും എനിക്ക് അറിയാവുന്നവരാണ്. ദുൽഖർ ഇങ്ങനെ ഒരു സിനിമ നിർമിക്കാൻ തയാറായി.
ഇതുപോലുള്ള സംസാരങ്ങൾ കാരണമാണ് ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഉണ്ടാകാനും അത് നൽകപ്പെടാനും സാധിക്കുന്നൊരു സ്പെയ്സ് ഉണ്ടായത്. അതിനൊരു സ്റ്റേജ് ഞങ്ങളെല്ലാവരും ചേർന്ന് ഉണ്ടാക്കി എടുത്തു എന്നതാണ്. നല്ല സിനിമകൾക്കും മികച്ച ക്രാഫ്റ്റുകൾക്കും വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതാര് അഭിനയിച്ചാലും, പ്രത്യേകിച്ച് മലയാള പ്രേക്ഷകർ അതേറ്റെടുക്കും.
സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്ന് പറയുമ്പോൾ തന്നെ ഇത്രയും ബജറ്റെ ഉള്ളൂവെന്ന് പറയും. ഇത് ബാധിക്കുന്നത് ക്രാഫ്റ്റിനെയാണ്. കുറച്ച് ബജറ്റേ നമുക്ക് കിട്ടിയുള്ളൂവെന്ന് പ്രേക്ഷകരോട് നമുക്ക് പറയാൻ പറ്റില്ലല്ലോ. അവരെല്ലാ ടിക്കറ്റിനും ഒരേ പൈസ തന്നെയാണ് കൊടുക്കുന്നത്.
അവർ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് കിട്ടണം. യാഥാർഥ്യം എന്തെന്നാൽ സ്ത്രീ കേന്ദ്രീകൃത സിനിമയാണെങ്കിൽ ഇത്രയും ബജറ്റെ ഉള്ളൂ. റിസ്ക് എടുക്കാൻ പറ്റില്ലെന്ന് പറയും. ജെൻഡർ വ്യത്യാസം ഉള്ളത് ഇൻഡസ്ട്രിക്ക് ഉള്ളിലാണെന്നാണ് എനിക്ക് മനസിലായത്. നല്ല സിനിമകൾ ആര് അഭിനയിച്ചാലും വിജയിക്കും. അതിന് വേണ്ട പിന്തുണയും വേണം. അവിടെ ലിംഗ വ്യത്യാസമില്ല. സിനിമ എന്നത് പവർഫുൾ ആണ്’’.