തലയിൽ വേദനയുണ്ട്, ബിരിയാണിയും ഉറക്കവും കൊണ്ട് അത് മാറും; കാറപകടത്തില്‍ വ്യക്തത വരുത്തി വിജയ് ദേവരകൊണ്ട
Tuesday, October 7, 2025 10:41 AM IST
വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് വിജയ് ദേവരകൊണ്ട. കാറിനൊരിടി കിട്ടിയെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്ന് നടന് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.
സുഖമായിരിക്കുന്നു. കാറിനൊരിടി കിട്ടി. പക്ഷേ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. പോയി സ്ട്രെംഗ്ത് വര്‍ക്കൗട്ടും ചെയ്തു, ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. എനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും. വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുത് എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ കുറിപ്പ്.

തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ എൻഎച്ച് -44 (ഹൈദരാബാദ്-ബംഗുളൂരു ഹൈവേ)ൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയിൽ താരം സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കുകളില്ലാതെ വിജയ് ദേവരകൊണ്ട രക്ഷപ്പെട്ടു. വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളു.
ഇടിച്ച കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയി. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.