കിരീടം കണ്ട് അപ്പൂപ്പൻ കരഞ്ഞു, തന്മാത്ര കണ്ട് അച്ഛൻ വിതുമ്പി, തുടരും കണ്ട് മകൻ കരയുന്നു; ബിനീഷ് കോടിയേരി
Tuesday, October 7, 2025 8:41 AM IST
നടൻ മോഹൻലാലിനെക്കുറിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തുടരും എന്ന ചിത്രം കണ്ട് മകൻ കരയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാലിനെക്കുറിച്ച് ബിനീഷ് എഴുതിയത്. തലമുറകളുടെ നായകൻ എന്നാണ് അദ്ദേഹം മോഹൻലാലിനെ വിശേഷിപ്പിച്ചത്.
തുടരും കണ്ട് കരയുന്ന തന്റെ മകന്റെ ദൃശ്യങ്ങളാണ് ബിനീഷ് പങ്കുവച്ചത്. കരയുന്ന മോഹൻലാലിനെ കണ്ട് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന കുട്ടിയെ വീഡിയോയിൽ കാണാം.അത് സിനിമയല്ലേ എന്ന് പറഞ്ഞ് അമ്മ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
തലമുറകൾക്ക് നായകൻ എന്ന തലക്കെട്ടിലാണ് ബിനീഷ് കോടിയേരി കുറിപ്പും വീഡിയോയും പങ്കുവെച്ചത്.
""അപ്പൂപ്പൻ കിരീടം കണ്ട് കരഞ്ഞു, അച്ഛൻ തന്മാത്ര കണ്ട് വിതുമ്പി, ഇപ്പോൾ മകൻ തുടരും കണ്ടും കരയുന്നു! എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യൻ.
ഈ വികാരങ്ങൾ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടൻ... നിങ്ങൾ ഒരു വികാരമാണ്!''ബിനീഷ് കോടിയേരി കുറിച്ചു.