ലാല്‍സലാം എന്ന പേരിന് പിന്നില്‍ അതിബുദ്ധി; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന്റെ പേരിനെതിരെ ജയന് ചേര്‍ത്തല
Monday, October 6, 2025 11:32 AM IST
ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് മലയാളം വാനോളം ലാല്‍സലാം എന്ന് പേര് നല്‍കിയതിനെതിരെ നടനും അമ്മ വൈസ് പ്രസിഡന്റുമായ ജയന് ചേര്‍ത്തല.
പാര്‍ട്ടി തത്വങ്ങളുമായി ചേര്‍ത്തുകൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് "ലാല്‍സലാം' എന്ന് പേര് നല്‍കിയതെന്ന് ജയന് ചേര്‍ത്തല പറഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയന്.
""ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്രവും ഇതുതന്നെയാണ് ചെയ്യുന്നത്.
ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ കലയേയും കലാകാരന്മാരേയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇത്ര ശക്തിയായ കൂര്‍മബുദ്ധിയോടെ ചിന്തിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല.
2014-ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നകാലംതൊട്ടാണ് ഇന്ത്യയില്‍ സാംസ്കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നത്. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. മനസുകൊണ്ട് എനിക്ക് അതിനോട് ചേര്‍ച്ചയില്ല. ജയൻ ചേർത്തല പറഞ്ഞു.
ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചതായും അദ്ദേഹം ആരോപിച്ചു. "കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നടന്ന സംഭവമാണ്. അവിടുത്തെ കെഎസ്യു പ്രവര്ത്തകന് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്ന എസ്എഫ്ഐയില്‍നിന്ന് ഏറ്റ തിരിച്ചടിയുടെ കഥ വര്‍ണിക്കുന്ന സിനിമയായിരുന്നു ഒരു മെക്സിക്കന്‍ അപാരത.
കേരളം ഭരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്, അക്രമാസക്തരായ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് കോണ്‍ഗ്രസിനെ വില്ലനാക്കാം എന്ന് അവര്‍ കൂര്‍മബുദ്ധിയില്‍ ചിന്തിച്ചു. എന്ത് നടന്നോ സിനിമയില്‍ അത് നേരെ മറിച്ചിട്ടു. ജനങ്ങളുടെ മുന്നില്‍ സത്യവിരുദ്ധമായ കാര്യമാണ് എത്തിയത്' ജയന് ചേര്‍ത്തല ആരോപിച്ചു.