ഡീസൽ മാഫിയയുടെ കഥ പറയുന്ന കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നർ; ഡീസൽ പ്രസ് മീറ്റ്
Monday, October 13, 2025 3:52 PM IST
ഡീസൽ മാഫിയയുടെ അധോലോക കളികളുമായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ഹരീഷ് കല്യാൺ നായകനാകുന്ന ഡീസൽ സിനിമയുടെ പ്രസ് മീറ്റ് കൊച്ചിയിൽ നടന്നു. ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നറായി എത്തുന്ന ഡീസൽ ഒക്ടോബർ 17നാണ് തിയേറ്ററുകളിൽ എത്തുന്നത്.
പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകുമെന്നും ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസൽ മാഫിയയുടെ കാണാകഥകളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന്' സംവിധായകൻ ഷൺമുഖം മുത്തുസാമി വ്യക്തമാക്കി.
''പെട്രോളിനും ഡീസലിനും ഒരു രൂപ കൂടിയാൽ കൂടി ചിലപ്പോള് ജീവിത ചിലവിൽ ഒരു മാസം പതിനായിരം രൂപയുടെ മാറ്റമുണ്ടാക്കിയേക്കാം. ഒരുപാട് സർപ്രൈസുകളുമായാണ് ഡീസൽ എത്തുന്നത്.
നമ്മള് റോഡരികിലെ കടയിൽ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ഒക്കെ കിട്ടുന്നൊരിടം. അത്തരത്തിലൊരു ത്രെഡിൽ നിന്നാണ് ഡീസൽ സിനിമ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷൻ, ഡാൻസ്, റൊമാൻസ്, ഇമോഷൻസ് എല്ലാമുള്ള ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നറാണ് ഡീസൽ എന്ന് നായകൻ ഹരീഷ് കല്യാൺ പറഞ്ഞു. ചിത്രത്തിലെ നായികമാരായ അതുല്യ രവി, അനന്യ എന്നിവരും പ്രസ് മീറ്റിന്റെ ഭാഗമായി.
ഷൺമുഖം മുത്തുസാമി സംവിധാനം ചെയ്ത ഡീസൽ, തേർഡ് ഐ എന്റർടെയ്ൻമെന്റും എസ് പി സിനിമാസുമായി സഹകരിച്ച് ദേവരാജുലു മാർക്കണ്ഡേയനാണ് നിർമിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വിനയ് റായ്, സായ് കുമാർ, കരുണാസ്, ബോസ് വെങ്കട്ട്, രമേഷ് തിലക്, കാളി വെങ്കട്ട്, വിവേക് പ്രസന്ന, സച്ചിൻ ഖേദേക്കർ, സക്കീർ ഹുസൈൻ, തങ്കദുരൈ, മാരൻ, കെപിവൈ ധീന, അപൂർവ സിംഗ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം എം.എസ്. പ്രഭു, റിച്ചാർഡ് എം. നാഥൻ എന്നിവർ നിർവഹിക്കുന്നു, സംഗീതം: ദിബു നൈനാൻ തോമസ്, കലാസംവിധാനം: റെംബോൺ, എഡിറ്റിംഗ്: സാൻ ലോകേഷ്, ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയകുമാർ, ശബ്ദ രൂപകൽപ്പന: സിങ്ക് സിനിമ, പിആർഒ: ആതിര ദിൽജിത്ത്.