മദരാസിയിലെ നായകൻ കൃത്യ സമയത്തുവന്നതു കൊണ്ട് പടം ബ്ലോക്ബസ്റ്റർ; മുരുഗദോസിനെ പരിഹസിച്ച് സല്മാൻ ഖാൻ
Monday, October 13, 2025 2:48 PM IST
തിയറ്ററുകളിൽ കനത്ത പരാജയമായ ആക്ഷൻ ചിത്രം സിക്കന്ദറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി സൽമാൻ ഖാൻ. സെറ്റിൽ താൻ വൈകി എത്തിയതാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന സംവിധായകൻ എ.ആർ. മുരുഗദോസിന്റെ പരാമർശത്തിനാണ് നടന്റെ മറുപടി.
മുരുഗദോസിന്റെ തന്നെ ചിത്രമായ മദരാസിയുടെ പരാജയം ഉദ്ധരിച്ചാണ് സൽമാൻ മറുപടി നൽകിയത്. സൽമാൻ ഖാൻ അവതാരകനായ ഹിന്ദി ബിഗ് ബോസിലെ വീക്കെൻഡ് കാ വാർ എപ്പിസോഡിലാണ് സംഭവം.
ഷോയിൽ അതിഥിയായി എത്തിയ ഹാസ്യനടൻ രവി ഗുപ്ത, ജീവിതത്തിൽ ചെയ്തു പോയതിൽ ഖേദിക്കുന്ന സിനിമകളുടെ പേര് പറയാൻ സല്മാനോട് ആവശ്യപ്പെട്ടു.
സൂര്യവംശി, നിശ്ചയ് എന്നീ പഴയ സിനിമകൾക്കൊപ്പം സമീപകാലത്ത് റിലീസായ സിക്കന്ദറിന്റെ പേരും പറഞ്ഞു. തുടർന്നാണ്, സിനിമയുടെ പരാജയത്തെക്കുറിച്ച് മുരുഗദോസ് നടത്തിയ ആരോപണത്തെ സൽമാൻ ഖാൻ പരോക്ഷമായി പരിഹസിച്ചത്.
‘‘സിക്കന്ദറിന്റെ പ്ലോട്ട് വളരെ മികച്ചതായിരുന്നു. പക്ഷേ ഞാൻ രാത്രി ഒൻപതു മണി ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ച് സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശമായതെന്നാണ് മുരുഗദോസ് സർ ഈയിടെ പറഞ്ഞത്. ആ സമയത്താണ് എന്റെ റിബ്സിനു പരിക്കേൽക്കുന്നത്.
സിക്കന്ദർ അനൗൺസ് ചെയ്തപ്പോൾ, അത് നിർമാതാവ് സാജിദ് നദിയാദ്വാലയുടെയും മുരുഗദോസിന്റെയും പടമായിരുന്നു. റിലീസ് ആയി കഴിഞ്ഞപ്പോൾ രണ്ടും രണ്ട് വഴിക്ക് ആയി.
ഈ സിനിമയ്ക്കു ശേഷം മുരുഗദോസ് തമിഴിൽ ‘മദരാസി’ എന്നൊരു പടം ചെയ്തു. അതിലെ നായകൻ കൃത്യം ആറു മണിക്ക് സെറ്റിൽ വരുമായിരുന്നു. അത് കൊണ്ട് തന്നെ ആ പടം സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക്ബസ്റ്റർ ആയി.’’ സൽമാൻ ഖാൻ പറഞ്ഞു.
200 കോടി രൂപ ബജറ്റിൽ നിർമിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'സിക്കന്ദർ'. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത് സാജിദ് നദിയാദ്വാല നിർമിച്ച ഈ ചിത്രം 2025 മാർച്ച് 30 ന് ഈദ് റിലീസായി ആണ് തിയറ്ററുകളിൽ എത്തിയത്. സൽമാൻ ഖാനോടൊപ്പം രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് റിലീസിന് മുൻപ് വലിയ ഹൈപ്പ് ലഭിച്ചിരുന്നു.
എന്നാൽ മോശം തിരക്കഥയും സംവിധാനവും കാരണം ചിത്രത്തിന് വിമർശനങ്ങൾ നേരിടേണ്ടിവന്നു. പ്രതീക്ഷിച്ച ബോക്സ് ഓഫിസ് വിജയം നേടാൻ കഴിയാതെ വന്നതോടെ 'സിക്കന്ദർ' കനത്ത പരാജയമായി.
തുടർന്ന് മദരാസി സിനിമയുടെ പ്രമോഷനിടെ സിക്കന്ദറിന്റെ പരാജയത്തിനു കാരണം സൽമാൻ ഖാന്റെ ചില നിയന്ത്രണങ്ങളായിരുന്നുവെന്ന് മുരുഗദോസ് പറഞ്ഞിരുന്നു.
സംവിധായകനെതിരായ സൽമാൻ ഖാന്റെ പരോക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.