"പണി ഇല്ലാത്തവർക്ക് വരുന്ന ഡിപ്രഷൻ', നമുക്കറിയാത്തവരുടെ ജീവിതങ്ങൾ തമാശയല്ല; കൃഷ്ണപ്രഭയ്ക്കെതിരെ ജുവൽ മേരി
Tuesday, October 14, 2025 3:09 PM IST
ഡിപ്രഷനെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പരിഹാസ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ജുവൽ മേരി.
മാനസിക പ്രശ്നങ്ങളെ നിസാരവൽക്കരിച്ച് ചിരിക്കുന്നത് ആരോഗ്യപരമായ മാനസികാവസ്ഥയായി തനിക്ക് തോന്നുന്നില്ലെന്നും ഇത്തരം അറിവില്ലായ്മ കൊണ്ടുള്ള ചർച്ചകൾ വേദനിപ്പിക്കുന്നുവെന്നും ജുവൽ മേരി പറഞ്ഞു.
കാൻസറിനോടും വിവാഹമോചനത്തോടും ഒരേസമയം പൊരുതി കടുത്ത മാനസിക തകർച്ചയിൽനിന്ന് ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് ജുവൽ മേരി.
‘പലപ്പോഴും സിനിമകളിലും, സാഹിത്യത്തിലും വട്ട് ഒരു തമാശയാണ്! ഒരു പാട് കാലമൊന്നും ആയിട്ടില്ല പൊതു ബോധത്തിൽ ഈ ക്രൂരമായ തമാശ ചോദ്യം ചെയ്ത തുടങ്ങിയിട്ട് .. ഓഹ് അവനു വട്ടാ .. അവൾക്ക് മുഴു പ്രാന്താ... ഇങ്ങനെ ഒക്കെ പറഞ്ഞ് ചിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നേ ഉള്ളു..
എല്ലാവരും ഏതൊക്കെയോ വെട്ടി പിടിക്കാൻ ഉള്ള ഓട്ടത്തിൽ ചില മനുഷ്യരുടെ എങ്കിലും മനസ് തളർന്നു പോകുന്നു. ശരീരത്തെ ഒരു അദൃശ്യമായ മുറിയിൽ പൂട്ടി ഇട്ട പോലെ തളർത്തി കളയുന്ന ഡിപ്രഷൻ.. ഭയം, ഓട്ടപാച്ചിൽ ചിന്തകൾ ഒരു വേള ശ്വാസം പോലും തടസപ്പെട്ട പോലെ ഉത്കണ്ഠ.
ചരട് പൊട്ടിയ പോലെ സന്തോഷം.. അടക്കാനാവാത്ത ഊർജം... ബെല്ലും ബ്രേക്കും ഇല്ലാതെ പോലെ തീരുമാനങ്ങൾ - മാനിയ. സംശയം, ഒരു ലോജിക്കും ചിന്തിക്കാൻ പറ്റാതെ എന്തിനെയും സംശയം - പരനോയിയ! ഇനിയും എത്ര തരം അവസ്ഥകൾ...
എത്ര തരം രോഗങ്ങൾ. നാണക്കേട് മറന്നു അവനവനെ തന്നെ ഒന്ന് രക്ഷിക്കാൻ ആളുകൾ മുന്നോട്ട് വന്നു തുടങ്ങിയിട്ട് ഒരുപാടു ഒന്നും ആയിട്ടില്ല. അവരെ വീണ്ടും നിങ്ങളുടെ ഇൻസെൻസിറ്റിവ് ആയ പൊട്ടിച്ചിരികൾ കൊണ്ട് പിന്നോട്ട് വലിക്കരുത്! സഹാനുഭൂതിയോടെ ചേർത്തുപിടിക്കുക.
ഈ കഴിഞ്ഞ ഒക്ടോബർ 10 ന് ആയിരുന്നു ലോക മാനസികാരോഗ്യ ദിനം. ഒരാഴ്ച പോലും തികഞ്ഞിട്ടില്ല, ഈ ഒരു കാലയളവിൽ തന്നെ മറ്റു മനുഷ്യരുടെ മാനസികാരോഗ്യത്തെ നിസാരവൽക്കരിച്ചുകൊണ്ട് പലരും സംസാരിക്കുന്നത് കേട്ടു.
നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ വീട്ടിൽ പട്ടിണി ഇല്ല എന്ന് കരുതി മറ്റൊരാളിന്റെ വീട്ടിൽ പട്ടിണി അനുഭവിക്കുന്നു എന്ന് കേൾക്കുമ്പോൾ അതൊരു തമാശ അല്ല. നമുക്കറിയാത്ത ജീവിതങ്ങൾ ഒരു തമാശ അല്ല. മാനസികാരോഗ്യം തമാശ അല്ല. അതിനെ നിസാരവൽക്കരിച്ചു ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി എനിക്ക് തോന്നുന്നുമില്ല.
മനുഷ്യരുടെ ഇടയിൽ ഇപ്പോഴും ഇങ്ങനെ അറിവില്ലായ്മ കൊണ്ടുള്ള ചർച്ചകൾ നടക്കുന്നു എന്ന് കാണുമ്പോൾ എനിക്ക് വളരെ വിഷമം തോന്നുന്നു. പല മനുഷ്യരും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്. അതിഭീകരമായ മനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ആളുകളുണ്ട്.
പണി ഇല്ലാതെ ചുമ്മാ ഇരിക്കുന്നവർക്കാണ് ഡിപ്രഷൻ വരുന്നതെന്നൊക്കെ പറഞ്ഞാൽ വലിയ കഷ്ടമാണ്. ഇന്ന് ഞാൻ ഒരു സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട് ലോക പ്രശസ്തനായ ഒളിംപ്യൻ നീന്തൽക്കാരൻ മൈക്കിൾ ഫെൽപ്സ് കഴിഞ്ഞ കുറെ വർഷങ്ങളായി ഡിപ്രെഷനുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന് പണി ഇല്ലാത്തതുകൊണ്ടാണോ? ലോകപ്രശസ്തനായ ഒരു സ്പോർട്സ്മാൻ ആണ് അദ്ദേഹം. പണി ഇല്ലാത്തവർക്ക് വരുന്ന അസുഖമാണോ ഇത്. ഇതിനെല്ലാമിടയിൽ പല കാര്യങ്ങൾ കൊണ്ട് മനസിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ പല മനുഷ്യരും പല തരത്തിലുള്ള ലക്ഷണങ്ങൾ, വേദന, മരവിപ്പ് തുടങ്ങി പലതരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ ആളുകൾ ഇതൊക്കെ തുറന്നു പറയാൻ തുടങ്ങിയിട്ട്. അതുകൊണ്ടാണ് നിങ്ങൾ ഇതിപ്പോൾ കേട്ട് തുടങ്ങിയത്.
വളരെ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ ഇതിനെ ചുറ്റിപ്പറ്റിയുള്ള സ്റ്റിഗ്മായിൽ നിന്ന് സമൂഹം പുറത്തുവന്ന് മാനസിക ആരോഗ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി മനസിലാക്കി അതിനെതിരെ യുദ്ധം ചെയ്യാനും കെയർ എടുക്കാനും സംസാരിക്കാനും തുടങ്ങിയിട്ട്.
ദയവു ചെയ്ത് അത്തരം ആളുകളെ നിരുത്സാഹപ്പെടുത്തരുത്. അവരെ ഒറ്റപ്പെടുത്തരുത്. നമ്മൾ ഇരിക്കുന്ന അവസ്ഥയിൽ നമ്മൾ പ്രിവിലേജ് ഉള്ള ആളുകൾ ആണെങ്കിൽ ആ പ്രിവിലേജിനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കൂ.
മറ്റു മനുഷ്യരുടെ ജീവിതാവസ്ഥകളെയും വേദനകളെയും ക്യാൻസൽ ചെയ്യാതെ സ്നേഹത്തോടെ അവരെ ചേർത്ത് പിടിക്കുക, അവരെ പിന്തുണക്കുക. എല്ലാ മനുഷ്യർക്കും സഹാനുഭൂതി എന്ന വാക്കിന്റെ അർഥം മനസിലാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’’–ജുവൽ മേരി പറഞ്ഞു.