സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കണം: സുരേഷ് ഗോപി
Thursday, December 7, 2023 2:40 PM IST
യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനമെന്നും താരം സോഷ്യൽമീഡിയയിൽ കുറിച്ചു.
ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഡോ. ഷഹന ജീവിക്കും, കരുത്തും തന്റേടവുമുള്ള സ്ത്രീമനസുകളിലൂടെ. സ്ത്രീധനത്തോട് നോ പറയൂ, നിങ്ങളുടെ മക്കളെ രക്ഷിക്കൂ എന്നും താരം കൂട്ടിച്ചേർത്തു.