നടക്കാതെ പോയ ആഗ്രഹമാണ് അന്നു സഫലമായത്; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ഷിനു
Monday, October 14, 2024 2:45 PM IST
ഗോപി സുന്ദർ ഗുരുതുല്യനാണെന്നും ഏറ്റവും ഇഷ്ടപ്പെടുന്നയാളാണെന്നും ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തുറന്നു പറഞ്ഞ് മോഡല് ഷിനു പ്രേം.
അടുത്തിടെ ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെ ഗോപിയുടെ പുതിയ പ്രണയിനിയാണ് ഷിനു എന്ന തരത്തിൽ ചർച്ചകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷിനുവിന്റെ പ്രതികരണം. സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഷിനു പ്രേം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ഞാൻ ഒരു ഷൂട്ടിനു വേണ്ടി പോയതായിരുന്നു. അവിടെ വച്ച് ഗോപി സുന്ദർ സാറിനെ കാണുകയും അദ്ദഹത്തിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. അതാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ചിത്രത്തിനു താഴെ പലവിധത്തിലുള്ള കമന്റുകളാണ് വന്നത്. അവയെല്ലാം ഞാൻ വായിച്ചു. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല.
ഒരിക്കൽ ഞാൻ പങ്കെടുത്ത സൗന്ദര്യ മത്സരത്തിൽ ഗോപി സർ ആയിരുന്നു വിധികർത്താക്കളിലൊരാളായി എത്തിയിരുന്നത്. ഏതാനും മിനിറ്റുകൾ മാത്രമേ അന്ന് അദ്ദേഹത്തെ കണ്ടിരുന്നുള്ളു. ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
എന്നാൽ അന്നത് സാധിച്ചില്ല. വിധികർത്താക്കളെല്ലാം പെട്ടെന്നു തന്നെ പോയി. അന്ന് നടക്കാതെ പോയ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. #myguru #respect #life #shoot എന്നീ ഹാഷ്ടാഗുകളോടെയാണ് ഞാൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അത് മറ്റുവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.
ഞങ്ങൾ ഒരുമിച്ചുള്ള ചിത്രത്തിന്റെ പേരിൽ വിമർശനങ്ങൾ തലപൊക്കിയതോടെ സർ എനിക്ക് മേസേജ് അയച്ചിരുന്നു. ഞാൻ ഓകെയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതെയെന്നും, ഇതൊന്നും എന്നെ ബാധിക്കില്ലെന്നും ഞാൻ മറുപടി നൽകി.
സമൂഹമാധ്യമങ്ങളിലെ അനാവശ്യ ചർച്ചകൾ എന്റെ വീട്ടുകാരും കണ്ടിരുന്നു. ഞാൻ എന്താണെന്ന് അവർക്കു നന്നായി അറിയാം. ഞാൻ തെറ്റായ കാര്യങ്ങളൊന്നും ചെയ്യില്ലെന്ന വിശ്വാസം എന്നേക്കാൾ കൂടുതൽ അവർക്കുണ്ട്. ഷിനു പ്രേം പറഞ്ഞു.