അച്ഛൻ തല്ലിയതിന്റെ പാട് രണ്ടാഴ്ച ദേഹത്തുണ്ടായിരുന്നു, ഒറ്റിയത് ചേച്ചി; ധ്രുവ് വിക്രം പറയുന്നു
Tuesday, October 21, 2025 3:29 PM IST
അച്ഛൻ വിക്രമിന്റെ കൈയിൽ നിന്നും തല്ലുകിട്ടിയതിനെക്കുറിച്ച് മകനും നടനുമായ ധ്രുവ് വിക്രം. ജീവിതത്തിൽ അച്ഛൻ രണ്ടോ മൂന്നോ തവണയെ തന്നെ തല്ലിയിട്ടുള്ളൂവെന്നും അതിലൊരണ്ണം ചേച്ചി ഒറ്റിക്കൊടുത്തിട്ടാണെന്നും ധ്രുവ് പറയുന്നു.
ഐ സിനിമയിലെ ‘മെർസലായിട്ടേൻ’ എന്ന ഗാനത്തിന്റെ ഫസ്റ്റ് കോപ്പി സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാരെ കേൾപ്പിച്ചതിനാണ് ധ്രുവിന് അടി കിട്ടിയത്. ‘ബൈസൺ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ധ്രുവ് ഈ സംഭവം വിവരിച്ചത്.
‘‘എന്റെ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന് എന്നെ തല്ലിയിട്ടുള്ളത്. ‘ഐ’ സിനിമയിലെ ‘മെര്‍സലായിട്ടേന്‍’ എന്ന പാട്ട് ഷൂട്ടിന് മുൻപ് അവര്‍ ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു.
ഷൂട്ടിന് മുമ്പ് പാട്ട് പുറത്തുപോകരുതെന്ന് പ്രത്യേകം പറഞ്ഞാണ് ശങ്കർ സാർ പെൻഡ്രൈവ് അച്ഛനെ ഏൽപ്പിച്ചത്. ആ പെന്‍ഡ്രൈവ് എന്റെ കൈയില്‍ കിട്ടി.
സ്കൂളിലെ കൂട്ടുകാരെ കേള്‍പ്പിക്കാൻ വേണ്ടി ഞാന്‍ പെന്‍ഡ്രൈവ് എടുത്തുകൊണ്ട് സ്കൂളിൽ പോയി. വലിയ ആളായി ക്ലാസിലെ എല്ലാവര്ക്കും പാട്ട് കേള്‍പ്പിച്ചുകൊടുത്തു.
പെൻഡ്രൈവ് സ്കൂളിൽ കൊണ്ടുപോയത് ചേച്ചി പറഞ്ഞുകൊടുത്തു. അച്ഛൻ ആ സമയത്ത് സിനിമയ്ക്ക് വേണ്ടി ബോഡി ബില്‍ഡ് ചെയ്യുന്നുണ്ട്. ഞാൻ സ്കൂൾ വിട്ട് വന്നപാടെ മുതുകില്‍ ഒരൊറ്റ അടി തന്നു. കൈയുടെ പാട് രണ്ടാഴ്ച്ചയോളം എന്റെ പുറത്ത് ഉണ്ടായിരുന്നു.’’ധ്രുവ് പറഞ്ഞു.