സത്യമായും, സോനുവിന്റെ ഹൃദയകഥ!
ടി.ജി. ബൈജുനാഥ്
Tuesday, September 9, 2025 9:59 AM IST
തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യ ഷോര്‍ട്ട്ഫിലിം "നൈറ്റ് കോളി’ലെ സംഭാഷണങ്ങളിലൂടെ സോനു ടി.പി. എന്ന ചെറുപ്പക്കാരന് സത്യന് അന്തിക്കാടിന്റെ ഹൃദയം കവര്‍ന്നതും പിന്നീട് മോഹന്‍ലാല്‍ചിത്രം "ഹൃദയപൂര്‍വ'ത്തിനു തിരക്കഥയൊരുക്കിയതും ഒരു സിനിമാക്കഥപോലെ ഹൃദ്യം. കരുത്താര്‍ന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെയും ഹൃദയംതൊടുന്ന നര്മനിമിഷങ്ങളിലൂടെയും സഞ്ചരിക്കുന്ന ഫീല്‍ഗുഡ് തിരക്കഥയാണു ചിത്രത്തിന്റെ ജീവന്.
""സത്യന് സാറിന്റെ സെറ്റില്‍ നില്ക്കാന് അവസരമുണ്ടായതും അദ്ദേഹം ഷൂട്ട് ചെയ്യുന്നത് അടുത്തുനിന്നു കാണാനായതും വലിയ ഭാഗ്യമല്ലേ. അദ്ദേഹത്തോടൊപ്പമിരുന്നു സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യുക, അദ്ദേഹത്തോടു സംസാരിക്കുക എന്നതുതന്നെ വളരെ രസകരമായ ഒരു പ്രോസസാണ്. ഒപ്പം വര്‍ക്ക് ചെയ്തു കൊതിതീര്ന്നിട്ടില്ലെന്നുതന്നെ പറയാം’’-സോനു ടി.പി. സണ്ഡേദീപികയോടു പറഞ്ഞു.
സത്യന് അന്തിക്കാടിലേക്ക് എത്തിയത്..?
കുറേ വര്‍ഷങ്ങളായി സിനിമയുടെ പിന്നാലെതന്നെയാണ്. കാഞ്ഞിരപ്പള്ളിയാണു സ്വദേശം. സംവിധായകനാകാന്‍ മോഹിച്ചു. പിന്നീട് എഴുത്തിലൂടെ സിനിമയിലെത്താമെന്നു കരുതി. താരങ്ങളുടെ അപ്പോയ്ന്റ്മെന്റൊന്നും കിട്ടാതെ സംഘര്‍ഷഭരിതമായ ഒരു കാലം.

അതിനിടെ ടെക്നോപാര്‍ക്കില്‍ കണ്ടന്റ് റൈറ്ററായി, രണ്ടുവര്‍ഷത്തോളം. അതു രാജിവച്ച് രേവതി കലാമന്ദിറില്‍ ഫിലിം ഡയറക്ഷന്‍ പഠിച്ചു. തുടര്‍ന്നു ശ്യാംമോഹന് എന്ന ഏക അഭിനേതാവ് മാത്രമുള്ള നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. അതു കണ്ടാണ് സത്യന് സാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചത്. അദ്ദേഹത്തിന് ആ വര്‍ക്ക് അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു.
പിന്നീടു ഞങ്ങള്‍ തമ്മില്‍ ഒരു വര്‍ഷത്തോളം യാതൊരു ബന്ധവുമില്ലായിരുന്നു. മെസേജ് അയച്ചോ വിളിച്ചോ ശല്യപ്പെടുത്തേണ്ട എന്നോര്‍ത്തു. അദ്ദേഹം എന്റെ വര്‍ക്ക് കണ്ടു എന്നു പറഞ്ഞതു തന്നെ വലിയ സന്തോഷമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം എന്നെ വിളിച്ചു നേരില്‍ കാണണമെന്നു പറഞ്ഞു. നേരില്‍ കണ്ടപ്പോള്‍ പങ്കുവച്ച ഒരു കഥയുടെ വണ്‍ലൈന്‍ എനിക്കിഷ്ടമായി.
അതില്‍ 10 ശതമാനം മാത്രമായിരുന്നു റിയല്‍ ലൈഫ് സംഭവം. ഒരു ഫോട്ടോയില്‍ നിന്നു പ്രചോദനം നേടിയാണ് അഖില്‍ സത്യന് ആ വണ്ലൈനിലെത്തിയത്. അതില്‍ ഞാന്‍ കണ്ടെത്തിയ ഹ്യൂമറിന്റെ ചില സാധ്യതകളില്‍ സത്യന്‍സാറിന്റെ മുഖംതെളിഞ്ഞു. പിന്നീടു ഞാൻ പറഞ്ഞ ചില സീനുകൾ അദ്ദേഹത്തിനു രസകരമാവുകയും എന്നെക്കൊണ്ട് ഇതു പറ്റുമെന്നു തോന്നുകയും ചെയ്തതുകൊണ്ടാണ് എന്നെ കൂടെക്കൂട്ടിയതും തിരക്കഥയെഴുതാൻ നമുക്കൊന്നിച്ചിരിക്കാമെന്ന് എന്നോടു പറഞ്ഞതും.
സത്യന് അന്തിക്കാടിനൊപ്പമുള്ള തിരക്കഥയെഴുത്ത്..?
തിരക്കഥാകൃത്തിനൊപ്പമിരുന്നു വര്‍ക്ക് ചെയ്യുന്നതാണ് സത്യന്‍സാറിന്റെ രീതി. അതുകൊണ്ടാണ് റൈറ്റര്‍ ആരാണെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഒരു പൊതുസ്വഭാവമുള്ളത്. സ്ക്രിപ്റ്റ് കടലാസിലാക്കുംമുമ്പ് ഞാനും അദ്ദേഹവുമുള്പ്പെടെ ഒരു സംഘം ലൊക്കേഷന്‍ ഹണ്ടിനായും പരിസരം ഒന്ന് അറിഞ്ഞിരിക്കാനും വേണ്ടി ഒരാഴ്ച പൂനെയില്‍ പോയിരുന്നു.
ഓരോ സീനും സത്യന് സാറിനൊപ്പമിരുന്നാണ് വര്‍ക്കൗട്ട് ചെയ്തത്. അദ്ദേഹം ഓകെ പറഞ്ഞശേഷമേ അടുത്ത സീനിലേക്കു പോയിരുന്നുള്ളൂ. സെക്കന്‍ഡ് ഡ്രാഫ്റ്റ് അഖില്‍ സത്യനുമായും അസോസിയേറ്റ് അനൂപ് സത്യനുമായും ചര്‍ച്ചചെയ്ത് അവരുടെകൂടി ആശയങ്ങള്‍ സ്വീകരിച്ചു. പക്ഷേ, ഇതു സത്യന് അന്തിക്കാട് സ്വഭാവമുള്ള, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള സിനിമ തന്നെയാണ്. ഞങ്ങള്‍ മൂന്നുപേരുടെയും ആശയങ്ങള്‍ അദ്ദേഹം കേള്ക്കുമെന്നേയുള്ളൂ.
തനിക്ക് ഉള്ക്കൊള്ളാനാകുന്നതു മാത്രമേ അതില്‍നിന്ന് എടുത്തിരുന്നുള്ളൂ. എത്രതന്നെ നിര്‍ബന്ധിച്ചാലും തന്റെ കാഴ്ചപ്പാടിലുള്ള സിനിമ മാത്രമേ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുള്ളൂ. അദ്ദേഹം പറഞ്ഞതാണു ശരിയെന്നു പിന്നീടു നമുക്കുതന്നെ മനസിലായ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
മോഹന്‍ലാലിനോടു കഥ പറഞ്ഞ അനുഭവം..?

സീന്‍ ഓര്‍ഡര്‍ വര്‍ക്ക് ചെയ്തശേഷം സത്യന്‍സാര്‍ എന്നെയും കൂട്ടിയാണു ലാല്‍ സാറിന്റെയടുത്തു കഥ ഫിക്സ് ചെയ്യാന്‍ പോയത്. ലാല്‍ സാറിനെ ആദ്യമായി അടുത്തു കണ്ടതും അന്നായിരുന്നു. അപ്പോള്‍ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു, സംഭാഷണം എഴുതിയിരുന്നില്ല. ഏറെ ചിരിച്ച്, എന്ജോയ് ചെയ്ത് സീന്‍ ബൈ സീന്‍ കേട്ടു. അതിനുംമുന്നേ ഈ പ്രോജക്ടില്‍ അദ്ദേഹം ഇന്‍ ആയതാണ്. ഒരു അവാര്‍ഡ് ഷോയില്‍വച്ച് ഇതിന്റെ വണ്‍ലൈന്‍ സത്യന്‍സാര്‍ ലാലേട്ടനോടു പറഞ്ഞിരുന്നു. ലാല്‍സാറാണ് അപ്പോള്‍ത്തന്നെ ഇതിനു ഹൃദയപൂര്‍വം എന്നു പേരിട്ടത്.
സംഗീതിനെ മനസില്‍ കണ്ട് എഴുതിയതാണോ..?

ആളുകള്‍ ചിരിക്കണമെന്നുദ്ദേശിച്ച് എഴുതിയ 95 ശതമാനം ഹ്യൂമറും വര്‍ക്കായതില്‍ വലിയ സന്തോഷമുണ്ട്. പ്രത്യേകിച്ചും സംഗീതിന്റെ കാര്യത്തില്‍. പ്രേമലുവിലെ സംഗീതിനെത്തന്നെ ഇവിടെ കൊണ്ടുവരാനാണു നോക്കിയത്. പ്രേമലു ഞാന്‍ റിപ്പീറ്റടിച്ചു കണ്ട പടമായതിനാല്‍ സംഗീതിന്റെ റെന്‍ഡറിംഗും വോയ്സുമൊക്കെ നന്നായി അറിയാം. സംഗീതിനെ മനസില്‍ കണ്ടുതന്നെയാണ് ഡയലോഗുകള്‍ എഴുതിയത്. എഴുതിയതിന്റെ പത്തിരട്ടിയായി സംഗീത് അതിലെ ഹ്യൂമര്‍ പെര്‍ഫോം ചെയ്തു. സംഗീതിനെ ആരുമായും താരതമ്യപ്പെടുത്താന്‍ തോന്നുന്നില്ല. അദ്ദേഹത്തിനു തന്റേതായ ഒരു ഇടം ഇവിടെയുണ്ട്.
മാളവികയ്ക്കും സംഗീതയ്ക്കും തുല്യപ്രാധാന്യമാണല്ലോ..?

ആര്‍ട്ടിസ്റ്റുകള്‍ക്കുവേണ്ടി അങ്ങനെയാക്കിയതല്ല. അതു തിരക്കഥയെഴുത്തില്‍ ഓര്‍ഗാനിക്കായി വന്നുപോകുന്നതാണ്. പക്ഷേ, എഴുതുമ്പോള്‍ അതില്‍ ഒരു കഥാപാത്രം താഴ്ന്നുപോകരുതെന്ന ബോധ്യമുണ്ടായിരുന്നു. എങ്കില്‍മാത്രമേ സിനിമ എന്‍ഗേജിംഗ് ആവുകയുള്ളൂ. സംഗീതയുടെ കഥാപാത്രം അങ്ങനെ വന്നതുകൊണ്ടാണ് മാളവികയും പെര്‍ഫോം ചെയ്തത്.
സെറ്റില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം..?
നമ്മള് എഴുതിയ ഡയലോഗ് ലാല്‍ സാര്‍ പറയുന്നതു കേള്‍ക്കാനായി എന്നതിനപ്പുറം പ്രത്യേകിച്ച് അനുഭവമൊന്നുമില്ല. സ്ക്രിപ്റ്റില്‍ അധികം ഇടപെടാനോ തിരുത്താനോ അദ്ദേഹം വരാറില്ല. ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ നമ്മളെ ഞെട്ടിക്കുന്ന ഇംപ്രോവൈസേഷന് ഉണ്ടാകാറുണ്ട്. നമ്മള് എഴുതിയതിന്റെ പത്തിരട്ടിയാവും അദ്ദേഹം തിരിച്ചുതരിക. അതു കണ്മുന്നില് കാണുമ്പോള്‍ വല്ലാത്തൊരു ഫീലാണ്. ഡബ്ബിംഗ് തിയറ്ററില്‍ പുനഃസൃഷ്ടിക്കാനാവാത്ത ചിലതു സിങ്ക്സൗണ്ടില് കിട്ടിയതു ഹ്യൂമര്‍ സീനുകളെയും കൂടുതല്‍ രസകരമാക്കി.
സത്യന് അന്തിക്കാട് സെറ്റില്‍ ഏറ്റവും ആകര്‍ഷിച്ചത്..?

പൂനെ ഷെഡ്യൂള്‍ ഒഴികെ, ഞാനും സെറ്റിലുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് എത്രയൊക്കെ തെറ്റുവരുത്തിയാലും അവരോടു ശബ്ദമുയര്‍ത്തി കയര്‍ത്തു സംസാരിക്കാതെയും ശകാരിക്കാതെയും വളരെ ശാന്തമായാണ് അദ്ദേഹം അതൊക്കെ കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹം സീന്‍ വായിക്കുമ്പോള്‍തന്നെ എന്താണുദ്ദേശിച്ചതെന്ന് ആര്‍ട്ടിസ്റ്റിനു കൃത്യമായി കിട്ടും. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെയാണ് അദ്ദേഹത്തിന്റെ സെറ്റുകളും. ഞാനും അതനുഭവിച്ചറിഞ്ഞതാണ്.