"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
കാവ്യ ദേവദേവൻ
Sunday, August 24, 2025 12:07 PM IST
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.. ജെ.പി. തുമിനാദ് സംവിധാനം ചെയ്ത "സു ഫ്രം സോ’ എന്ന കന്നഡ ചിത്രം കണ്ടവരൊക്കെ പറഞ്ഞത് ചിരിച്ചു വയറുളുക്കി എന്നാണ്. ഹൊറർ കണ്ട് പേടിക്കാൻ പോയവർ ചിരിച്ച് മനസുനിറഞ്ഞാണ് തിയറ്ററിൽനിന്ന് ഇറങ്ങിയത്. ഒരു ഗ്രാമത്തിലെ എന്തു പരിപാടിക്കും കൊച്ചു പിച്ചമുതൽ കൊച്ചാട്ടൻമാർവരെ അഭിപ്രായം ചോദിച്ചുന്ന ആളാണ് "സു ഫ്രം സോ’യിലെ രവിയണ്ണൻ.
അണ്ണൻ പൊളിയാണ്, വേറേ ലെവലാണ്. മലയാളി പ്രേക്ഷകരും രവിയണ്ണനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കാരണം മറ്റൊന്നുമല്ല, അത് രവിയണ്ണന്റെ ശബ്ദംതന്നെ. മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോൾ രവിയണ്ണന് ശബ്ദംനൽകിയിരിക്കുന്നത് നുമ്മ കൊച്ചിക്കാരൻ ചങ്ങായി ആണ്- ഡബ്ബിംഗ് ആർട്ടിസ്റ്റ് വിനോദ് കുമാർ.
സീരിയലുകൾ, സിനിമ, പരസ്യം ഇവയിലൂടെയെല്ലാം വിനോദിന്റെ ശബ്ദം സുപരിചിതമാണ്. മഹാഭാരതം സീരിയലിന്റെ മലയാളം പതിപ്പിൽ ശകുനിക്ക് ഡബ്ബ് ചെയ്തതും ഇദ്ദേഹമാണ്. അല്ലയോ നമ്മുടെ പുത്രാ... എന്ന ശകുനിയുടെ ആ ഒരൊറ്റ വിളി മതി വിനോദ് എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ റേഞ്ച് മനസിലാക്കാൻ.വിനോദ് സണ്ഡേ ദീപികയോട് സംസാരിക്കുന്നു.
"സു ഫ്രം സോ’ യുടെ വിശേഷങ്ങൾ?
ഒരു മൊഴിമാറ്റചിത്രം ഇത്രയും ആളുകൾ ആസ്വദിച്ചുകണ്ട് കണ്ണും മനസും നിറഞ്ഞ് തിയറ്ററുകളിൽനിന്ന് ഇറങ്ങുന്നതുതന്നെ "സു ഫ്രം സോ’ യുടെ വിജയമാണ്. ചിത്രം മലയാളത്തിലേക്ക് ഡബ് ചെയ്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ ഓരോ ഡബ്ബിംഗ് ആർട്ടിസ്റ്റുകളും എടുത്ത പ്രയത്നം വാക്കുകൾക്ക് അതീതം.
അതിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. "സു ഫ്രം സോ’ യിലൂടെ ആളുകൾ ഇപ്പോൾ കൂടുതലായി തിരിച്ചറിയുന്നുണ്ട്. ചിത്രം മലയാളത്തിലേക്ക് ഒരുക്കിയത് സതീഷ് മുതുകുളം ആണ്. അദ്ദേഹം വലിയ പിന്തുണതന്നു.
ഈ മേഖലയിലേക്കു വരാൻ കാരണം?
നാടകമാണ് പഠിച്ചത്. ആകാശവാണിയിൽ അനൗണ്സറായിരുന്നു ജോലി ചെയ്തു. കൊച്ചി ആകാശവാണിയിലാണ് തുടക്കം. സിനിമാലോകം കൊച്ചിയിലേക്കും വളർന്ന് പന്തലിക്കാൻ തുടങ്ങിയകാലത്താണ് ഡബ്ബിംഗിലേക്ക് കടന്നത്. ഒപ്പം നാടകങ്ങളും ചെയ്തു. ഡബ്ബിംഗിൽ പ്രവേശിച്ചിട്ട് ഇപ്പോൾ 20 വർഷമായി. അഭിനയം കൈവശം ഉള്ളതും ഗുണമായി.
ശബ്ദം നന്നാക്കാൻ ചെയ്യുന്നത്?
പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. പൊതുവേ ഗായകരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. എങ്കിലും തണുപ്പ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.
ഡബ്ബിംഗിനുള്ള തയാറെടുപ്പുകൾ?
സംവിധായകനും തിരക്കഥാകൃത്തും എന്താണോ ആവശ്യപ്പെടുന്നത് അത് കൊടുക്കുക എന്നതാണ് പ്രാഥമികമായ കാര്യം. ആർട്ടിസ്റ്റുകൾ ഭംഗിയായി ചെയ്തുവച്ചിട്ടുണ്ടെങ്കിൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് പകുതി ജോലികുറഞ്ഞു. മികച്ച ടൈമിംഗ് ഉള്ള ആർട്ടിസ്റ്റുകൾക്ക് ശബ്ദംനൽകുന്നത് നല്ല എളുപ്പമാണ്. അഭിനേതാക്കളും ഡബ്ബിംഗ് ആർട്ടിസ്റ്റും തമ്മിൽ ഒരു കെമിസ്ട്രി എപ്പോഴുമുണ്ടാകും. ശബ്ദം കൊടുക്കുന്ന സമയത്ത് നമ്മളും അഭിനയിക്കുന്നു.
തുടക്കം മുതൽ ഇതുവരെയുള്ള ദൂരം?
അനുഭവങ്ങളാണ് ഓരോ മനുഷ്യന്റെയും വലിയ ഗുരുനാഥൻ. ചെയ്താണ് കാര്യങ്ങൾ പഠിക്കുന്നത്. തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
മാജിക് സംഭവിക്കുന്നതുപോലെ പിന്നെയെല്ലാം പെട്ടെന്നാണ്. കഥാപാത്രങ്ങളെ എങ്ങനെയാണ് ഭംഗിയാക്കുക എന്നചിന്തയിലേക്ക് പിന്നീട് നമ്മൾ വരും. മുന്പും ഇന്നും ഒരേ ആത്മാർഥതയോടെയാണ് ജോലിചെയ്യുന്നത്. കാര്യങ്ങൾ ഇപ്പോൾ കുറേക്കൂടി എളുപ്പമാണ് എന്നൊരു വ്യത്യാസംമാത്രം.
ഇഷ്ടകഥാപാത്രങ്ങൾ?
ഡ്രമാറ്റിക് ആയിട്ടുള്ള കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. മഹാഭാരതം സീരിയൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ അതിലെ ശകുനി എന്ന കഥാപാത്രത്തിനും യുധിഷ്ഠിരനും ഞാനാണ് ഡബ്ബ് ചെയ്തത്. ഇവ രണ്ടും രണ്ട് തലങ്ങളിലുള്ള കഥാപാത്രമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ പേങ്ങൻ എന്ന കഥാപാത്രത്തിനും ഡബ്ബ് ചെയ്തതും ഞാനാണ്. റൊമാന്റിക് ചെയ്യാനും ഇഷ്ടമാണ്.
കുഴപ്പിച്ച ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ?
മഹാഭാരതം പോലെയുള്ളവ ചെയ്യുന്ന സമയത്ത് ചില വാക്കുകൾ ഉച്ചരിക്കുന്പോൾ ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് പേരുകളൊക്കെ കൃത്യമായി പറയണം. അക്ഷരസ്ഫുടത നന്നായി വേണം. അതുപോലെ വൈകാരിക സന്ദർഭങ്ങളൊക്കെ ഉണ്ടാകുന്ന സമയത്ത് നമ്മളും കഥാപാത്രമായിത്തന്നെ ഉൾക്കൊണ്ടാണ് ചെയ്യുന്നത്. ആ സമയംചിലപ്പോൾ ഇടയ്ക്കുവച്ച് നിർത്തിപ്പോകാറുണ്ട്.
അടുത്തകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ കിംഗ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട, വിടുതലൈ എന്ന ചിത്രത്തിൽ വിജയ് സേതുപതി, സർസമീൻ സിനിമയിൽ സേഫ് അലിഖാന്റെ മകൻ ഇബ്രാഹിം ഖാൻ എന്നിവർക്കെല്ലാം ശബ്ദം കൊടുത്തതും വിനോദ് കുമാർ ആണ്.