കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ടി.ജി. ബൈജുനാഥ്
Saturday, August 9, 2025 3:15 PM IST
ഭീക്ഷ്മപര്വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍ റംസാന് മുഹമ്മദിന്റെ ആദ്യ സിനിമാഹിറ്റ്. തുടര്‍ന്ന് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബില്‍, സായാഹ്നമേഘങ്ങള്‍ എന്ന ഓപ്പണിംഗ് പാട്ടും പാര്‍ട്ടി ഡാന്‍സും അലിയെന്ന കേന്ദ്രകഥാപാത്രവും. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പൂര്‍ണതയുള്ള കാരക്ടര്‍ വേഷം.
ഡാന്‍സിന് ഒട്ടും പ്രാധാന്യമില്ലാത്ത, ശ്യാം എന്ന വില്ലന്‍. തന്റെ ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനം. നേടിയതു പ്രോമിസിംഗ് ആക്ടര്‍ ലേബല്‍. അതിനിടെ ഭ്രമയുഗം, രോമാഞ്ചം, സാഹസം...കൊറിയോഗ്രഫിയിലും വേറിട്ടതായി റംസാന് ചുവടുകള്‍. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസമാണ് റംസാന്റെ പുത്തന്‍പടം. റംസാന് സണ്ഡേദീപികയോടു സംസാരിക്കുന്നു.
സിനിമ, ഡാന്‍സ്- ഏതായിരുന്നു സ്വപ്നം..?
കുട്ടിക്കാലം മുതല്‍ ഡാന്‍സാണു മനസില്‍. പഠിച്ചതും അതു തന്നെ. എന്റെ അങ്കിള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സും മറ്റു കലകളുമാണു ഞാൻ കണ്ടു വളർന്നത്. മോണോആക്ട്, മൈം, ഫോക്ക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, ചാക്കോച്ചന് തുടങ്ങിയ നമ്മുടെ വലിയ താരങ്ങളാണ്. പട്ടണത്തില്‍ ഭൂതമാണ് എന്റെ ആദ്യചിത്രം.
തുടക്കത്തില്‍ ചെറിയ വേഷങ്ങൾ. പിന്നീട് ഒരിടവേളയെടുത്ത് വീണ്ടും ഡാന്‍സില്‍ ഫോക്കസ് ചെയ്ത് ഡി ഫോര്‍ ഡാന്‍സ് വിജയിച്ചു. അതിനുശേഷമാണു സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ കൂടാന്‍ തീരുമാനിച്ചത്. തുടര്‍ന്നു ബിഗ് ബോസിലെത്തി.

അതിലെ വീക്ക്ലി ടാസ്ക്കില് ഒരു കാരക്ടര്‍ ചെയ്തിരുന്നു. അതുകണ്ട അന്‍വര്‍ റഷീദിക്ക ഷോ കഴിഞ്ഞപ്പോള്‍ എന്നെ അമല്‍ നീരദിന്റെ ഭീഷ്മപര്വത്തിലേക്കു വിളിച്ചു. അതില്‍ ഒരു ഡാന്‍സും സീനും മാത്രം. രതിപുഷ്പം പാട്ടും ഡാന്‍സും ജനങ്ങള്‍ ഏറ്റെടുത്തു. അതായിരുന്നു ആദ്യത്തെ ബ്രേക്ക്.
റൈഫിള്‍ ക്ലബിൽ ഡാൻസറിനപ്പുറമുള്ള കാരക്ടർ വേഷം..?
ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബിൽ ഓഡിഷനു വിളിച്ചപ്പോള്‍ അതിലും ഡാന്‍സ് മാത്രമായിരിക്കുമെന്നും അതിലൂടെ എന്നിലെ നടന് മുങ്ങിപ്പോകുമെന്നും വിചാരിച്ചു. പക്ഷേ, എന്റെ കഥാസന്ദര്‍ഭത്തില്‍ നിന്നാണു പടം തുടങ്ങുന്നത്.
എന്റെ കഥാപാത്രം കാരണമാണ് കഥാഗതിയില്‍ എല്ലാ പ്രശ്നങ്ങളും സംഭവിക്കുന്നതും. നവനിയാണ് അതില്‍ എന്റെ നായിക. സായാഹ്നമേഘം എന്ന ഡാന്‍സ് പാട്ടിലാണു സിനിമയുടെ ആരംഭം. എന്താണ് അലിയും നാദിയയുമെന്നു കാണിക്കുന്നതും ആ പാട്ടിലാണ്. എന്റെ അധ്യാപകന് കൂടിയായ ശ്രീജിത്ത് സാറാണ് അതു കൊറിയോഗ്രഫി ചെയ്തത്. കാമറ ആഷിക്ക് അബു. തിരക്കഥയെഴുത്തില്‍ ഒപ്പമുണ്ടായിരുന്നതു ശ്യാം പുഷ്കരന്. നടനെന്ന നിലയില്‍ എനിക്ക് ഏറെ പഠിക്കാന്‍ അവസരമുണ്ടായി.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിൽ വില്ലനായത്..?

പ്രേക്ഷകര്‍ക്കിടയില്‍ ഞാന്‍ ഡാന്‍സറും ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളുമായിരുന്നു. അതില്‍ നിന്ന് പ്രോമിസിംഗ് ആക്ടറാവാന്‍ എന്നെ സഹായിച്ച ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. റൈഫിള്‍ ക്ലബ് ചെയ്യുമ്പോഴാണ് ആ പടം കമ്മിറ്റ് ചെയ്തത്. ഓഡിഷന് വിജയിച്ചാണ് അതിൽ ശ്യാം എന്ന വേഷം ചെയ്തത്.
ഡാന്‍സ് ഇല്ലാതെയും എനിക്കു നില്ക്കാന് പറ്റുമെന്നതിന്റെ ആദ്യ ചുവടായി അത്. ഞാന്‍ വളരെ എന്ജോയ് ചെയ്ത ഒരു കഥാപാത്രമാണു ശ്യാം. എന്നെ അങ്ങനെ ചിത്രീകരിക്കാന്‍ അന്നേവരെ മറ്റാരും ശ്രമിച്ചിരുന്നില്ല. ജിത്തു അഷ്റഫ് അതിനു ശ്രമിച്ചു. പ്രേക്ഷകരും അത് അംഗീകരിച്ചു.
കൊറിയോഗ്രഫിയിലേക്ക് എത്തിയത്..?
ഭ്രമയുഗം സംവിധായകന് രാഹുല്‍ സദാശിവന്റെ കോള്‍ അപ്രതീക്ഷിതമായിരുന്നു. ഒരു ടെക്നീഷന്‍ എന്ന നിലയില്‍ എന്നെ എങ്ങനെ ആ സിനിമയില്‍ ഉപയോഗിക്കാം എന്നതിനെപ്പറ്റി അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. അതിലെ യക്ഷി സീക്വന്‍സുകളില്‍ യക്ഷിയുടെ ചലനങ്ങളും ശരീരഭാഷയും പേരുമാറ്റരീതിയും ഞാനാണു ഡിസൈന്‍ ചെയ്തത്.
ഡാന്‍സ് കൊറിയോഗ്രഫി എന്നതിനുമപ്പുറം ഒരു കഥാപാത്രത്തെ ഡിസൈന്‍ ചെയ്യുന്ന വര്‍ക്കാണത്. അതുമായി ബന്ധപ്പെട്ടു മമ്മൂക്കയോടും സംസാരിച്ചിരുന്നു. യക്ഷിയും മമ്മൂട്ടിയുമുള്ള സീക്വന്‍സ് ഡിസൈന്‍ ചെയ്യാനായത് എന്റെ കരിയറിലെ നാഴികക്കല്ലാണ്.
രോമാഞ്ചത്തിലെ ആദരാഞ്ജലി നേരട്ടെ ഡാന്‍സ് സീക്വന്‍സിന്റെ കൊറിയോഗ്രഫിയാണു പിന്നീടു ചെയ്തത്. ആ പാട്ട് സീക്വന്‍സിനെ ദൃശ്യനിറവില് ആളുകളിലേക്ക് എത്തുന്ന രീതിയില്‍ കൊറിയോഗ്രഫി ചെയ്യണമെന്നു പ്രൊഡ്യൂസര്‍ ജോണ്‍പോള്‍ ചേട്ടന് പറഞ്ഞു. പാട്ട് ഹിറ്റാകുമെന്ന് അപ്പോള്‍ത്തന്നെ തോന്നി. കാരണം, അത്തരത്തില്‍ കൊളുത്തിവലിക്കുന്ന ഒരു പാട്ടാണത്. ആ പാട്ടും എല്ലാവരും ഏറ്റെടുത്തു.
പുത്തൻപടം സാഹസത്തിന്റെ പ്രചാരണത്തിനു ചെയ്ത ഓണം മൂഡ് പാട്ടിന്റെ സംവിധാനവും കൊറിയോഗ്രഫിയും എന്റേതാണ്. അതും വൈറലായി. ആ പാട്ടിനും അതിലെ മാവേലിക്കും സിനിമയില്‍ പ്രാധാന്യമുണ്ട്.
സാഹസം വിശേഷങ്ങള്‍..?

ഇതിലെ പ്രധാന ലീഡ് നടന്മാരില് ഒരാളാണു ഞാന്‍. ഏറെ ഇമോഷനുകളിലൂടെ കടന്നുപോകുന്ന സിനിമയാണ്. തിരക്കഥ വളരെ രസകരമായതിനാലാണു കമ്മിറ്റ് ചെയ്തത്. ഒപ്പം, 21 ഗ്രാംസ് എന്ന സിനിമ സംവിധാനം ചെയ്ത ബിബിന്‍ കൃഷ്ണയുടെ വര്‍ക്കിലുള്ള വിശ്വാസത്തിലും.
ഫെസ്റ്റിവല്‍ മൂഡിലാണ് ഓണം മൂഡ് പാട്ടുവന്നത്. റൊമാന്റിക് ട്രാക്കില്‍ ഞാനും ഗൗരിയുമുള്ള മെലഡി. അഡ്വഞ്ചര്‍ ത്രില്ലര്‍ മൂഡിലായിരുന്നു ട്രെയിലര്‍. അതിനപ്പുറം ഡ്രാമയാണ് സിനിമയില്‍.
എന്റെ കഥാപാത്രം ജീവന് ഐടി ഉദ്യോഗസ്ഥനാണ്, സാധാരണക്കാരനാണ്. അവന്റെ കഥ പറയുന്ന സിനിമയാണ്. ഈ കഥാപാത്രത്തിനു സിനിമയില്‍ ഡാന്‍സ് ഇല്ല. ആദ്യാവസാനമുള്ള, ഇത്രത്തോളം സ്ക്രീന്‍ ഇടമുള്ള ഒരു ലീഡ് റോള്‍ മുമ്പു ഞാന്‍ ചെയ്തിട്ടില്ല. ജീവന്റെ പ്രണയവും അയാളുടെ ജീവിതത്തിലേക്കു വരുന്ന മറ്റു പ്രശ്നങ്ങളുമൊക്കെയുള്ള കഥാസഞ്ചാരം.
പ്രണയിക്കുന്ന പെണ്‍കുട്ടിയെ നേടുന്നതിനുവേണ്ടി ജീവന്റെ സാഹസമുണ്ട്. അതു നേടാതിരിക്കാന്‍ ജീവന്റെ എതിരേനില്ക്കുന്ന കഥാപാത്രത്തിന്റെ സാഹസവുമുണ്ട്. ഇതൊന്നുമല്ലാതെ അവന്റെ ജീവിതത്തിലേക്കു വരുന്ന വേറെകുറേ ആളുകളുടെ സാഹസങ്ങളുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്ന ക്ലൈമാക്സാണു സിനിമയുടേത്.
സിനിമകള്‍ തെരഞ്ഞെടുക്കുന്നത്..?
സിനിമയില്‍ ആദ്യാവസാനം ഞാനുണ്ടാവണം, എന്നിലൂടെ സിനിമ പോകണം എന്നൊന്നുമില്ല. എന്റെ കഥാപാത്രം വരുന്ന സീനുകളില്‍ അതിനു നല്ല സ്ഥാനമുണ്ടാവണം. എന്റെ അഭിനയം മെച്ചപ്പെടുത്താന്‍ പുതുതായി എന്തെങ്കിലുമുണ്ടാവണം. വലിയ സിനിമകള്‍ ചെയ്യുമ്പോഴും വലിയ നടന്മാര്ക്കൊപ്പം അഭിനയിക്കുമ്പോഴും എന്റെ കഥാപാത്രം ചെറുതെങ്കില്പോലും പെര്‍ഫോമന്‍സിന് ഇടമുണ്ടെങ്കില്‍ വലിയ സന്തോഷം. പുതുതായി കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ അറിയിപ്പുകള് ഉടന്‍ വരും.
ഡാന്‍സര്‍ ലീഡ് വേഷം വന്നാല്‍..?
ഡാന്‍സര്‍ കഥാപാത്രം താത്പര്യമുണ്ട്. പക്ഷേ, പ്രേക്ഷകര്‍ക്ക് അതു കണക്ട് ചെയ്യാനാവണം. അത്തരമൊരു കഥയും അതിന്റെ സംവിധായകന് ഉള്‍പ്പെടെയുള്ള ടീമും ഒത്തുവരണം. അല്ലാതെ ഡാന്‍സ് മാത്രം കാണിച്ചുകൊടുത്തിട്ടു കാര്യമില്ല. പക്ഷേ, അതു മാത്രമല്ല എന്റെ ഫോക്കസ്. കാരക്ടര്‍ റോളുകള്‍ എനിക്കിഷ്ടമാണ്. നെഗറ്റീവായാലും പോസിറ്റീവായാലും എനിക്കു നല്ല കാരക്ടറുകള്‍ ചെയ്യണം. പ്രോമിസിംഗ് ആക്ടറായി തുടരണം.