ദുര്‍ഗ ആക്ഷൻ കിഡ്
പ്രദീപ് ഗോപി
Monday, September 22, 2025 12:18 PM IST
ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്ശന് അവതരിപ്പിക്കുന്ന ചന്ദ്ര യുടെ ഫ്ളാഷ് ബാക്കിലേക്കു കഥ തിരികെനടക്കും. കുട്ടി ചന്ദ്രയായി ഒരു പെണ്‍കുട്ടിയെത്തുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് അവൾ പുറത്തെടുക്കുന്നത്. അറിയാതെ കൈയടിച്ചുപോകുന്ന ഉശിരന്‍ പ്രകടനം. തികഞ്ഞ മെയ്വഴക്കത്തോടെ അഭ്യാസപ്രകടനങ്ങള്‍ കാണിച്ച ആ കുഞ്ഞുതാരം തൃശൂര്‍ പുതുരുത്തി സ്വദേശിനി ദുര്‍ഗ സി. വിനോദ് ആണ്.
ആക്ഷന്‍ കൊറിയോഗ്രഫര്‍ വിനോദ് പ്രഭാകറിന്റെ മകളാണെങ്കിലും ദുര്‍ഗ ലോകയിലേക്ക് എത്തിയത് ആക്ഷനില്‍ കാണിക്കുന്ന അസാമാന്യ മികവുകൊണ്ടു മാത്രമാണ്. മൂന്നാം വയസു മുതല്‍ കളരി അഭ്യസിക്കുന്ന ദുര്‍ഗയ്ക്ക് ലോകയിലെ കുഞ്ഞുനീലിയെ അവതരിപ്പിക്കുകയെന്നത് തീര്‍ത്തും അനായാസമായിരുന്നു.
കളരിക്കു പുറമേ മറ്റ് ആയോധനകലകളിലും കുട്ടിപ്പുലി തന്നെയാണ് ദുർഗ. മോണോ ആക്ട്, നാടോടിനൃത്തം, ചിത്രകല, ക്രാഫ്റ്റ് എന്നിവയിലും ദുർഗയ്ക്കു നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പുതുരുത്തി ഗവ. യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ദുര്‍ഗയുടെ വിശേഷങ്ങളിലേക്ക്...
തുടക്കം
എനിക്കു മൂന്നര വയസുള്ളപ്പോള്‍ ബാഹുബലി 2-വിന്റെ ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചില്‍ സ്റ്റേജില്‍ കളരിയഭ്യാസം നടത്താനുള്ള അവസരം ലഭിച്ചു. അതിനു വലിയ രീതിയില്‍ അഭിനന്ദനമൊക്കെ കിട്ടി. അതു കഴിഞ്ഞ് എനിക്കൊരു എട്ടു വയസൊക്കെ ആയപ്പോള്‍ ഭദ്രനാരി എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു.
എന്റെ അച്ഛന് സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് ആക്ഷന്‍ കൊറിയോഗ്രഫിയൊക്കെ ചെയ്ത ഷോര്‍ട്ട് ഫിലിമായിരുന്നു അത്. അമ്മ ഭദ്രയാണ് മേക്കപ്പും കോസ്റ്റ്യൂമും ഒക്കെ ചെയ്തത്. എന്റെ ചേട്ടന് വൈഷ്ണവാണ് അസോസിയേറ്റ് ചെയ്തത്. ഭദ്രനാരിക്ക് സ്റ്റേറ്റ്, നാഷണല്‍, ഇന്റര്‍നാഷണല്‍ ലെവലില്‍ പതിനഞ്ചോളം പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം എനിക്കായിരുന്നു. അതായിരുന്നു തുടക്കം.
സിനിമയിലേക്ക്

അശോക് നായര്‍ സാര്‍ സംവിധാനം ചെയ്ത നീലരാത്രി എന്ന സിനിമയിൽ ചെറിയൊരു വേഷമാണ് ആദ്യം ചെയ്തത്. പിന്നീട് ഷാമന്‍ എന്നൊരു ഫിലിമില്‍ ചെറിയൊരു വേഷം ചെയ്തു. ഒരു ചെറിയൊരു കുട്ടിയുടെ ശരീരത്തില്‍ ഗോസ്റ്റ് കയറുമ്പോള്‍ ആ കുട്ടിയിലുണ്ടാകുന്ന മാറ്റങ്ങളൊക്കെയായിരുന്നു ചെയ്തത്.
അച്ഛന്റെ അടുത്ത കൂട്ടുകാരനായ ആഷ്ലി അങ്കിളും കാസ്റ്റിംഗിലുള്ള വിവേക് അങ്കിളുമാണ് എന്നെ ലോകയിലേക്കു കൊണ്ടുവരുന്നത്. ഓഡിഷനൊക്കെ പോയിരുന്നു. ഡയറക്ടര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, തിരക്കഥാകൃത്ത് എല്ലാവരും ഓഡിഷന് സമയത്തുണ്ടായിരുന്നു. ഇവരെല്ലാവരും ചേർന്നാണ് ഈ സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്തത്.
അച്ഛന് സ്റ്റണ്ട് മാസ്റ്റർ

ലോകയില്‍ അച്ഛന് തന്നെയാണ് എനിക്കു ട്രെയ്നിംഗ് തന്നത്. അച്ഛന് സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററാണ്, ഒപ്പം ആക്ഷ്ന്‍ കൊറിയോഗ്രഫിയും ചെയ്യും.
ലോകയിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്തതു യാനിക് ബെന്നും സ്റ്റണ്ട് കോർഡിനേഷൻ മുരളി ജി മാസ്റ്ററുമാണ്. യാനിക് ബെൻ സാർ പറയുന്നതനുസരിച്ചുള്ള കൊറിയോഗ്രഫി അച്ഛൻ എനിക്കു പെട്ടെന്നുതന്നെ പഠിപ്പിച്ചു തരികയായിരുന്നു. യാനിക് ബെൻ സാറും മുരളി ജി. മാസ്റ്ററും പ്രത്യേകം അഭിനന്ദിച്ചിരുന്നു.
മാര്‍ഷ്യല്‍ ആര്‍ട്സ് പഠനം
മൂന്നു വയസുള്ളപ്പോള്‍ കളരി പഠിക്കാന്‍ തുടങ്ങി. ചേട്ടനും വളരെ ചെറുപ്പം മുതൽ ആയോധനകലകൾ പഠിക്കുന്നുണ്ട്. അന്നൊക്കെ അതൊരു കളിയായാണ് അച്ഛന് ഞങ്ങളെ ചെയ്യിപ്പിച്ചിരുന്നത്. കളരിക്ക് ഒരു ബേസ് കിട്ടി എന്ന് അച്ഛനു തോന്നിയപ്പോള്‍ കരാട്ടേ, കുങ്ഫു, തായ്ക്കോണ്ടോ, ബോക്സിംഗ്, ഗുസ്തി, റെസ്ലിംഗ് തുടങ്ങിയവ അഭ്യസിപ്പിച്ചു.
2019ൽ കുട്ടികൾക്കായി നടന്ന ഫിറ്റ് കിഡ് എന്ന പ്രോഗാമിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എന്റെ ചേട്ടനും പെൺകുട്ടികളുടെ വിഭാഗത്തിൽ എനിക്കും നാഷണൽ ചാന്പ്യൻഷിപ്പ് ലഭിച്ചു. അവിടെ നിന്നു സ്പെയിനിൽ നടന്ന ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തു. എന്നാൽ കോവിഡ് വന്നതോടെ അതിനു പോകാനായില്ല.
സിനിമ തിയറ്ററില്‍ കണ്ടപ്പോള്‍

സിനിമ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ അതിശയിച്ചു പോയി. കല്യാണിച്ചേച്ചിയുടെ ചന്ദ്ര എന്ന കഥാപാത്രത്തെ വളരെ സ്ട്രോംഗാക്കിയെടുക്കാന് സംവിധായന് ഡൊമിനിക് അരുണ്‍ സാറിന്റെ ബ്രില്യന്‍സും എഡിറ്റിംഗിലെ പവറും എഫക്ടും വിഎഫ്എക്സും മ്യൂസിക്കും കാമറ മാജിക്കും എല്ലാം എനിക്ക് പെർഫോം ചെയ്യാനായി തന്നുവെന്നാണ് അച്ഛന് പറഞ്ഞത്. സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്.
വീട്ടുവിശേഷം
ഇതിഹാസ, സിംഹാസന, ജയ ജയ ജയഹേ, ഇന്ത്യൻ 3, പറന്നു പറന്നു ചെല്ലാം, അഞ്ചിൽ ഒരാൾ തസ്കരൻ, ഷാമൻ, പുറത്തുവരാനുള്ള രാജേഷ് മാധവൻ നായകനായ പെണ്ണും പൊറാട്ടും തുടങ്ങിയ സിനിമകളിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്തയാളാണ് അച്ഛൻ വിനോദ് പ്രഭാകർ. ആയുർവേദ ചികിത്സകൻ കൂടിയാണ് അദ്ദേഹം. അമ്മ ഭദ്ര മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനറാണ്. ഏട്ടന് വൈഷ്ണവ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാര്‍ഷ്യല്‍ ആര്‍ട്സും പരിശീലിപ്പി ക്കുന്നുണ്ട്.