പറന്നുയർന്ന് ലൗലി
ടി.ജി. ബൈജുനാഥ്
Thursday, May 8, 2025 1:24 PM IST
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്റെ പുത്തന്‍പടം ലൗലി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ്, മായാനദി തുടങ്ങിയ രചനകളിലൂടെ ഹിറ്റായ ദീലീഷ് കരുണാകരന്, തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമതു ചിത്രം. ഓ ഫാബിക്കുശേഷം മലയാളത്തിന്റെ സ്വന്തം ഹൈബ്രിഡ് ത്രീഡി.
യുവതാരം മാത്യു തോമസാണു നായകന്. "അനിമേഷന്‍ ചെയ്ത കഥാപാത്രത്തിലേക്കു ലൈവ് ആക്്ഷന്‍ ചേര്‍ത്താണു ഹൈബ്രിഡ് ത്രീഡി ഒരുക്കിയത്. ഏറെ സമയവും പണവും ചെലവഴിക്കണം എന്നതായിരുന്നു ചലഞ്ച്. നിലവാരം കുറയ്ക്കാനുമാവില്ലല്ലോ. മലയാളം കാന്‍വാസെന്ന പരിമിതിയുണ്ടെങ്കിലും മികച്ച അനിമേഷന്‍, അഭിനേതാക്കളുടെ പ്രകടനം എന്നിവയിലൂടെ അതു മറികടന്നു' - ദിലീഷ് കരുണാകരന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
ലൗലിയില്‍ എത്തിയത്..?

എന്റെയൊരു സുഹൃത്ത് മൂന്നാലു വര്‍ഷം മുമ്പു പറഞ്ഞ ഒരു ഷോര്‍ട്ട് ഫിലിം ആശയത്തില്‍നിന്നാണു ലൗലിയുടെ തുടക്കം. കഥാപാത്രങ്ങള്‍ രൂപപ്പെട്ടു വന്നപ്പോള്‍ സിനിമാസാധ്യത തേടി. 2023 ഏപ്രിലില്‍ തുടങ്ങി ഓഗസ്റ്റ് വരെ 51 ദിവസം ഷൂട്ടിംഗ്. 45 മിനിറ്റ് അനിമേഷനാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ഏകദേശം 400 ദിവസമെടുത്തു. ഇതു കൊച്ചുകുട്ടികളെ മാത്രം ഉദ്ദേശിച്ചുള്ള ലിറ്റില്‍ ഫാന്റസി പടമല്ല. 13 പ്ലസ് സിനിമയാണ്. നമുക്ക് ഏറെ സ്നേഹം തോന്നുന്ന ഫീല്‍ഗുഡ് സിനിമയാണ്. ഒരു ചെറുജീവിക്കും മനുഷ്യനുമിടയിലെ ഹൃദയബന്ധത്തിനൊപ്പം ഒരു ഉത്പന്നത്തക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ ഉള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സിനിമ പറയുന്നുണ്ട്.
കഥാപശ്ചാത്തലം..?

ഒരു സാങ്കല്പിക ഗ്രാമമാണ് കഥാപശ്ചാത്തലം. കനേഡിയന്‍ മൈഗ്രേഷന്‍ ആഗ്രഹിക്കുന്ന ഇപ്പോഴത്തെ യുവതലമുറയുടെ പ്രതിനിധിയാണ് മാത്യുവിന്റെ കഥാപാത്രം ബോണി. അയാള്‍ക്കു സര്‍ക്കാര്‍ ജോലി കിട്ടുന്നു. അതിനിടെ ഒരു കേസില്‍ ബോണിക്കു ജയിലില്‍ പോകേണ്ടിവരുന്നു. അവിടെവച്ച് ഒരു ഈച്ചയുമായി സൗഹൃദത്തിലാകുന്നു. ഇതിലെ ത്രീ ഡയമെന്‍ഷന്‍ ഫീല്‍ പുതിയൊരനുഭവമാകും.
രാജമൗലിയുടെ ഈച്ചയില്‍നിന്ന് വേറിട്ട സിനിമയല്ലേ..?

ഇന്ത്യയിലെ ലക്ഷണമൊത്ത ഹൈബ്രിഡ് ത്രീഡിയാണ് രാജമൗലിയുടെ ഈച്ച. രണ്ടിലും ഈച്ചയാണു കേന്ദ്രകഥാപാത്രം എന്നതൊഴിച്ചാല്‍ അതുമായി ഇതിനു യാതൊരു ബന്ധവുമില്ല. അതില്‍ സംസാരിക്കുന്ന ഈച്ചയല്ല. ഇതിലെ ഈച്ച സംസാരിക്കും. ഗായകരായ കൃഷ്ണകുമാറിന്റെയും ബിന്നിയുടെയും മകളും തമിഴ് ആംഗറുമായ ശിവാംഗി കൃഷ്ണകുമാറാണ് ഈച്ചയ്ക്കു ശബ്ദം കൊടുത്തത്. തമിഴ് ഡബ്ബ് ചെയ്തതും ശിവാംഗിയാണ്.
രാജമൗലിയുടെ ഈച്ചയില്‍ കാമുകന് പുനര്‍ജനിച്ചു വരികയാണ്. പ്രണയവും പ്രതികാരവുമൊക്കെയാണ് അതില്‍. ഇതില്‍ ബോണിയുടെ കഥാപശ്ചാത്തലത്തിലേക്ക് സംസാരിക്കുന്ന ഈച്ചയുടെ വരവാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ ഒരാള്‍ വില്ലനാകുന്നു എന്നതൊഴിച്ചാല്‍ ഇതില്‍ പറയത്തക്ക വില്ലന്മാരുമില്ല. ഇതില്‍ പ്രണയമില്ല. ഫ്രണ്ട്ഷിപ്പ് കഥയാണ്.
മാത്യുവിനെ പരിഗണിച്ചത്..?

ഇതു ഡിസ്നി ലുക്ക് തോന്നാവുന്ന, അത്തരം സ്റ്റോറി ലൈനുള്ള പടമാണ്. കാരിക്കേച്ചര്‍ ലുക്കുള്ള ഒരു നടനെയാണു തേടിയത്. ബിടെക് കഴിഞ്ഞ 20-22 പ്രായമുള്ള പയ്യനാണ് കഥാനായകന്. അന്വേഷണം മാത്യുവിലെത്തി. പുതിയ ജനറേഷനിലെ നല്ല അഭിനേതാക്കളില്‍ ഒരാള്‍. കഥ കേട്ടതു മുതല്‍ മാത്യു ആവേശത്തിലായി. ഇതിന്റെ ട്രെയിനിംഗ്, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍, റീലീസ് പരിപാടികളിലൊക്കെ മാത്യുവിന്റെ നല്ല സപ്പോര്ട്ടുണ്ടായി. അശ്വതി മനോഹരൻ, ഉണ്ണിമായ, പ്രശാന്ത് മുരളി, മനോജ് കെ. ജയന്, ഗംഗമീര, കെപിഎസി ലീല തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. മനോജ് കെ. ജയനു ജഡ്ജിയുടെ വേഷമാണ്.
മാത്യുവിന്റെ നായികയാരാണ്..?

മാത്യുവിനു നായികയില്ല. പ്രേമിക്കുക എന്നതാണല്ലോ നായികയെന്നാല്‍ ആളുകള്‍ സാധാരണ ഉദ്ദേശിക്കുന്നത്. ഇവിടെ നായിക എന്നാല്‍ നായകന്റെ പെയര്‍ എന്നല്ല. നായിക ഒരു സ്വതന്ത്ര വ്യക്തിത്വം തന്നെയാണ്. നായകനെപ്പോലെ പ്രധാനമാണ് നായികയും. മാത്യുവിന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ ലൗലി എന്ന ഈച്ചയെക്കുറിച്ചാണു സിനിമ.
ഇതു സിനിമയാക്കുന്നതിലെ വെല്ലുവിളി..?
ഇല്ലാത്ത ഈച്ച ഉണ്ടെന്നു സങ്കല്പിച്ച് എല്ലാവരെയും അഭിനയിപ്പിക്കുക എന്നതായിരുന്നു ചലഞ്ച്. അതിനു വേണ്ടി ആര്‍ട്ടിസ്റ്റുകളെ ഒരുക്കിയെടുക്കണം. പ്രത്യേകിച്ചും മാത്യുവിനെ. ഈച്ചയുടെ ലുക്കുകളും സഞ്ചാരവഴികളും ആക്ഷനുമെല്ലാം അഭിനയിക്കുകയും വേണം. അനിമേഷന്‍ ഹെഡ്സ് ഉള്‍പ്പെടെ ഒരു കൂട്ടം വിദഗ്ധരുടെ സഹായമുണ്ടായിരുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കർ. എഡിറ്റിംഗ് കിരൺ ദാസ്. വിഷ്ണു വിജയ്, ബിജിബാൽ എന്നിവരാണ് പാട്ടുകളൊരുക്കിയത്.
ഛായാഗ്രഹണം ആഷിക് അബു...
ഞാന്‍ എഴുതിയ റൈഫിള്‍ ക്ലബിലും ആഷിക് അബു കാമറ ചെയ്തിട്ടുണ്ട്. പക്ഷേ, ആദ്യം കാമറ ചെയ്തതു ലൗലിയിലാണ്. ആഷിക്കിനു കാമറയില്‍ മുന്നേ താത്പര്യമാണ്. സുഹൃത്തുക്കളില്‍ ആരുടെയെങ്കിലും പടത്തില്‍ കാമറ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.
തിരക്കഥയിലല്ലേ തുടക്കം..?
ഞാനും ശ്യാം പുഷ്കരനും സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ കോ റൈറ്റേഴ്സായാണു സിനിമയിലെത്തിയത്. പിന്നീട് ഞാനും ശ്യാമും അഭിലാഷ് കുമാറും ചേര്‍ന്നു ഡാ തടിയാ എഴുതി. തുടർന്ന് ഞാനും ശ്യാമും ഇടുക്കി ഗോള്‍ഡും മായാനദിയുമെഴുതി. ഇടുക്കി ഗോള്ഡിനുശേഷം ഞാന്‍ എഴുതി ആദ്യമായി സംവിധാനം ചെയ്ത പടമാണ് ടമാര്‍ പഠാര്‍. പിന്നീടു റൈറ്റേഴ്സ് യൂണിയനുവേണ്ടി ‘കാപ്പ’ നിര്‍മിച്ചു.
സംവിധാനം, എഴുത്ത്- എതാണ് ടെന്‍ഷന്‍..?
രണ്ടിനും അതിന്റേതായ ടെന്‍ഷനുകളുണ്ട്. എഴുതിക്കൊടുത്താലും നമ്മള് കൂടെ വേണം. പക്ഷേ, സംവിധാനം ചെയ്യുന്നതിന്റെയത്ര ടെന്‍ഷനുണ്ടാവില്ല. സംവിധാനം ചെയ്യുമ്പോള്‍ ഡിസിഷന്മേക്കര് നമ്മളാണ്. ഉത്തരവാദിത്തം കൂടും. സെറ്റിലുള്ളവരോടെല്ലാം മറുപടി പറയേണ്ടിവരും. സംവിധാനവും എഴുത്തും തുടരും. ആഷിക് അബുവിനായും സ്ക്രിപ്റ്റ് ആലോചനയിലുണ്ട്.