916 പക്രൂട്ടൻ
ടി.ജി. ബൈജുനാഥ്
Friday, May 2, 2025 9:33 AM IST
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകരുടെ പ്രിയതാരം ഗിന്നസ് പക്രുവിന്റെ സിനിമാജീവിതം നാലു പതിറ്റാണ്ടിനരികെ. ബാലതാരമായി 1986ല്‍ അമ്പിളിയമ്മാവനില്‍ തുടക്കം. പുത്തന്‍പടം 916 കുഞ്ഞൂട്ടനില്‍ രണ്ടു ഷേഡുകളുള്ള നായകവേഷം. പ്രഭുദേവയ്ക്കൊപ്പമുള്ള ബഗീരയും ജീവ-അര്ജുന് പടം അഗത്തിയയും പുത്തന്‍ തമിഴ്റീലീസുകള്.
കുട്ടിയും കോലും സിനിമയുടെ സംവിധായകന്, ഫാന്‍സിഡ്രസില്‍ നിര്‍മാണപങ്കാളി. ജോക്കർ, മീശമാധവന്, കുഞ്ഞിക്കൂനന്, സ്വന്തം ഭാര്യ സിന്ദാബാദ്, ബോഡി ഗാർഡ്, അദ്ഭുതദ്വീപ്, ഡിഷ്യും, കാവലൻ, ഏഴാം അറിവ്, മൈ ബിഗ് ഫാദര്‍, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഇളയരാജ...വേഷപ്പകര്‍ച്ചകളുടെ രസികന്‍ ഘോഷയാത്ര!
"100 ശതമാനം തൃപ്തിയാണ്. ഇനി തൃപ്തിയില്ലെന്നു പറഞ്ഞാല്‍ പ്രേക്ഷകരെന്നെ ഓടിക്കും! കാരണം, പൊക്കമില്ലാത്ത എന്നെ ആളുകള്‍ കാണുംവിധം ഉയരങ്ങളിലേക്ക് എടുത്തുവച്ചത് അവരാണ്. അവര്‍ എടുത്തുവച്ച പൊക്കത്തിലാണു ഞാന്‍ നില്‍ക്കുന്നത്. ചെറിയ സ്ക്രീനിലും വലിയ സ്ക്രീനിലും സ്റ്റേജിലും അവരുടെ പിന്തുണ വളരെ വലുതാണ്'- ഗിന്നസ് പക്രു സണ്‍ഡേ ദീപികയോടു പറഞ്ഞു.
കരിയറില്‍ ഇടയ്ക്കിടെ ചെറിയ ഇടവേളകള്‍ സംഭവിക്കുന്നത്..?

മനഃപൂർവം അല്ല. ചാനലുകളിലും വേദികളിലും സജീവമാണ്. ഇളയരാജ കഴിഞ്ഞ് ഒരു ഗ്യാപ്പിനു ശേഷം ഫാന്‍സിഡ്രസ്. പിന്നെയും ഒരു ഗ്യാപ്പിനു ശേഷം ഇപ്പോള്‍ 916 കുഞ്ഞൂട്ടന്. എനിക്കു പെര്‍ഫോം ചെയ്യാന്‍ പറ്റിയ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഇതിനിടെ, തമിഴില്‍ ബഗീരയിലും മറ്റും കിട്ടിയതുപോലെ നല്ല റോളുകള്‍ മലയാളത്തില്‍നിന്നു വന്നില്ല. അദ്ഭുതദ്വീപ് 2 പ്രഖ്യാപിച്ചെങ്കിലും അതു സിനിമയാകാനാവശ്യമായ എല്ലാ ഘടകങ്ങളും ഒന്നിച്ചുവരണമല്ലോ.
ഇളയരാജയിലെ വനജനു ശേഷം പെര്‍ഫോമന്‍സ് വേഷങ്ങള്‍ വിരളമാണല്ലോ..?
ധാരാളം സിനിമകള്‍ ചെയ്തു നില്ക്കുന്ന മുഖ്യധാരാ നായകനിരയില്ത്തന്നെയാണ് നമ്മുടെ ഇന്‍ഡസ്ട്രി എന്നെ കാണുന്നത്. അതുകൊണ്ടുതന്നെ മറ്റു താരങ്ങളുടെ വലിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ക്കു വിളിക്കാന്‍ അവര്‍ക്കു വിമുഖതയുണ്ട്. അതില്‍ ഞാന്‍തന്നെ ചെയ്യണം എന്ന രീതിയില്‍ പ്രാധാന്യമുള്ള വേഷം വന്നാല്‍ മാത്രമേ എന്നെ വിളിക്കുകയുള്ളൂ. അതു വലിയൊരു സന്തോഷമാണ്.
916 കുഞ്ഞൂട്ടനെക്കുറിച്ച്..?

കഥാപാത്രത്തിന്റെ രീതികളിലും അവസ്ഥകളിലും ഇളയരാജയിലെ വനജനു നേര് വിപരീതമാണ് ഇതിലെ കഥാപാത്രം. നാട്ടിന്‍പുറത്തുകാരനായ കുഞ്ഞൂട്ടന്റെ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ കൊണ്ടുനടക്കുന്ന തങ്കപ്പെട്ട മനുഷ്യന്. ഉയരമുള്ളവര്‍ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്. അയാള്‍ക്കു മറ്റൊരു ഷേഡ് കൂടിയുണ്ട്. അതു സിനിമയിലൂടെ അറിയാം. ഈ സിനിമ കാണുന്ന ഒരാള്‍ക്കും കുഞ്ഞൂട്ടനോടു യാതൊരു സഹതാപവും തോന്നില്ല.
ഈ വേഷം ഏതെങ്കിലും വലിയ ഹീറോ ചെയ്യേണ്ടതല്ലേ എന്നാണ് കഥ കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചത്. ആ റോള്‍ ഞാന്‍ ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ കൗതുകം എന്നു പറഞ്ഞ് അവര്‍ ആത്മവിശ്വാസമേകി. ഡയാന ഹമീദാണു ഭാര്യവേഷത്തില്‍.
നിയ വര്‍ഗീസാണ് മറ്റൊരു നായിക. അച്ഛനായി കോട്ടയം രമേശും കൂട്ടുകാരനായി നോബിയും ചേട്ടനായി ഷാജു ശ്രീധറും. കഥയുടെ ഒരു പ്രധാന ഘട്ടത്തിലെത്തുന്ന സ്പെഷല്‍ കഥാപാത്രമായി ടിനി ടോമും വേഷമിടുന്നു. ഏറെ പഞ്ചുള്ള വേഷമാണ് ടിനിയുടേത്. രാകേഷ് സുബ്രഹ്മണ്യം എന്ന പുതുമുഖ നടനും ചിത്രത്തിൽ നല്ല കഥാപാത്രം ചെയ്യുന്നുണ്ട്.
ഫാമിലി എന്റര്ടെയ്നറല്ലേ കുഞ്ഞൂട്ടന്..?

അതെ, എല്ലാത്തരം വിനോദ ചേരുവകളുമുള്ള കുടുംബചിത്രത്തിന്റെ നിര്‍മാണം മോര്‍സെ ഡ്രാഗണ്‍ എന്റര്ടെയ്ന്മെന്റ്. ആര്യന് വിജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാജ് വിമല്‍ രാജനാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം ശ്രീനിവാസ റെഡ്ഡി. സംഗീത സംവിധാനം ആനന്ദ് മധുസൂദനന്. എഡിറ്റിംഗ് സൂരജ് അയ്യപ്പന്, ഡോണ്‍ മാക്സ്. ബാക്ഗ്രൗണ്ട് സ്കോര്‍ ശക്തികാന്ത്. കളറിംഗ് ലിജു. വളരെ പ്രഗല്ഭരായ സാങ്കേതിക വിദഗ്ധരുടെ പിന്തുണ ഈ ചെറിയ സിനിമയ്ക്കുണ്ട്.
തമിഴ് ഇന്‍ഡസ്ട്രി എത്രത്തോളം കംഫര്‍ട്ടാണ്..?
അവിടെ കോമഡി ചെയ്യുമ്പോള്‍ തമിഴ് സ്ളാംഗ് കൂടിയുണ്ടെങ്കില്‍ നന്നായിരിക്കുമെന്നു തോന്നാറുണ്ട്. ഡെപ്തുള്ള കാരക്ടര്‍ വേഷം ചെയ്യുന്നതിന് അതു പ്രശ്നമല്ല. പ്രഭുദേവയുടെ കൂട്ടുകാരനായുള്ള കഥാപാത്രമാണ് ബഗീരയില്‍ ചെയ്തത്. മലയാളത്തില്‍നിന്നു ചെല്ലുമ്പോള്‍ തമിഴില്‍ ഒരു പ്രത്യേക സ്വീകാര്യതയുണ്ട്.
ആദ്യ ചിത്രത്തില്‍ത്തന്നെ അവിടെ സംസ്ഥാന പുരസ്കാരം നേടുകയും ആ സിനിമ ഹിറ്റാവുകയും ചെയ്തതിനാല്‍ തമിഴിലും വെറുതേപോയി നില്ക്കുന്ന ഒരു കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കാറില്ല. പ്രഭുദേവ, വിജയ്, സൂര്യ, അജിത്ത്... അവരുടെയൊക്കെ പ്രത്യേക സ്നേഹമുണ്ട്. എടുത്തു പറയേണ്ട ബന്ധം പ്രഭുസാറുമായുണ്ട്. ഞങ്ങളൊന്നിച്ച് പണ്ടൊരു ഷോയ്ക്കു പോയതാണ്. അന്നുതൊട്ടിന്നൊളം ആ ബന്ധം നല്ല രീതിയില്‍ തുടരുന്നുണ്ട്.
ഏതുതരം വേഷങ്ങള്‍ക്കാണ് ഇനി കാത്തിരിപ്പ്..?

മുഴുനീള നെഗറ്റീവ് വേഷങ്ങളും ഫാന്റസി കഥകളിലെ പൊക്കംകുറഞ്ഞ നല്ല കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. ആ ഒരു തീയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള കൊതിയും കൊണ്ടു നടക്കുകയാണ്. പാന്‍ ഇന്ത്യന്‍ സിനിമകളില്‍ ഇത്തരത്തില്‍ പ്രത്യേകതയുള്ള കഥാപാത്രങ്ങളെ ഉള്‍പ്പെടുത്താന്‍ അവര്‍ക്കു പ്രചോദനമാകുന്ന വേഷങ്ങള്‍ എന്നില്‍നിന്നു വരണം. ആ ഒരു സീനിലേ അയാള്‍ ഉള്ളൂ, എങ്കിലും അതു കൊള്ളാം എന്ന് ആളുകള്‍ പറയുന്ന ഒരു കഥാപാത്രത്തിനായി കാത്തിരിക്കുന്നു.
അടുത്ത സിനിമകള്‍..?
അദ്ഭുതദ്വീപ് 2 ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണു പ്രതീക്ഷ. അഭിലാഷ് പിള്ളയുടെ സ്ക്രിപ്റ്റ്. ഉണ്ണി മുകുന്ദനാണു നായകന്. നല്ല ഒരു കഥാപാത്രവുമായി ഞാനും ഒപ്പമുണ്ടാവും. ബിഗ്ബജറ്റ് ചിത്രമാണ്. അതിന്റേതായ മുന്നൊരുക്കളിലാണു വിനയന്‍സാര്‍. മലയാളത്തിലും തമിഴിലും കുറേ നല്ല പ്രോജക്ടുകള്‍ എന്നെത്തേടി വരാന്‍ സാധ്യതയുണ്ട്.