അന്ന് വെഡിംഗ് സ്റ്റാർ, ഇന്ന് ത്രില്ലിംഗ് സ്റ്റാർ
ടി.ജി. ബൈജുനാഥ്
Wednesday, September 17, 2025 10:49 AM IST
നടന്, കാസ്റ്റിംഗ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍, കോ-പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍, പോസ്റ്റര്‍ ഡിസൈനര്‍, സ്റ്റില്‍ ഫോട്ടോഗ്രഫര്‍ എന്നിങ്ങനെ രണ്ടു പതിറ്റാണ്ടായി സിനിമയുടെ വേറിട്ട ഇടങ്ങളില്‍ സജീവമാണ് അരുണ്‍സോള്‍. കോ-പ്രോഡ്യൂസറും നടനുമായി "ഇതിഹാസ'യില്‍ തുടക്കം. ആദ്യമായി മുഴുനീള വേഷം സനല്‍കുമാര്‍ ശശിധരന്റെ "എസ് ദുര്‍ഗ'യില്‍.
അനൂപ് ബാഹുലേയന്റെ പ്രീമിയര്‍ പദ്മിനി വെബ് സീരീസിലൂടെ കോവിഡിനുശേഷം വീണ്ടും അഭിനയം. വിപിന്‍ദാസിന്റെ "അന്താക്ഷരി'യിലൂടെ കൊമേഴ്സ്യല്‍ സിനിമയില്‍ അരങ്ങേറ്റം. ഷാന്‍ തുളസീധരന്റെ "കമ്മട്ടം' ത്രില്ലിംഗ് വെബ്സീരീസാണ് അരുൺ സോളിന്റെ പുത്തൻ റിലീസ്. അരുണ്‍സോള്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഇതിഹാസ വിജയം
1999ല്‍ വിവാഹ ഫോട്ടോഗ്രഫിയിലാണു തുടക്കം. കേരളത്തില്‍ കാൻഡിഡ് ഫോട്ടോഗ്രഫി ആദ്യമായി അവതരിപ്പിച്ച സോള്‍ ബ്രദേഴ്സ് എന്ന സ്ഥാപനം തുടങ്ങിയതോടെ എല്ലാവരും എന്നെ അരുണ്‍ സോള്‍ എന്നു വിളിച്ചുതുടങ്ങി. സിനിമാസ്വപ്നം മനസിലുണ്ടായിരുന്ന ഞങ്ങളില്‍ ചിലര്‍ നിര്‍മാതാക്കളെയും നടന്മാരെയും സമീപിച്ചെങ്കിലും ഒന്നും നടന്നില്ല.
അങ്ങനെ രാജേഷ് അഗസ്റ്റിൻ പ്രൊഡ്യൂസറും ഞാന്‍ കോ-പ്രൊഡ്യൂസറുമായി നിര്‍മിച്ച പടമാണ് ബിനു എസ് സംവിധാനം ചെയ്ത "ഇതിഹാസ'. അതില്‍ നോബിയുടെ കൂട്ടുകാരനായുള്ള വേഷം ചെയ്യാനാണ് ആദ്യം എന്നോടു പറഞ്ഞത്. പക്ഷേ, അന്ന് അതിനുള്ള ധൈര്യമില്ലായിരുന്നു. അങ്ങനെ അതിൽ ചെറിയൊരു വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇതിഹാസ വന്‍ സാമ്പത്തികവിജയം നേടി. പിന്നീട്, "മൈ മദേഴ്സ് ലാപ്ടോപ്പ്', "അപൂര്‍വ', "കോലുമിട്ടായി' തുടങ്ങിയ സിനിമകള്‍ക്കു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.
എസ് ദുര്‍ഗ, ചോല, വഴക്ക്
2017ല്‍ സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത "എസ് ദുര്‍ഗ'യില്‍ അഞ്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. അഭിനയിക്കാനറിയില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതറിയേണ്ടെന്നും താൻ പറയുന്നതുപോലെ ചെയ്താല്‍ മതിയെന്നും മറുപടി. അദ്ദേഹം 11 ലക്ഷത്തിനു സിനിമ ചെയ്യുന്നു, ഹിവോസ് ടൈഗര്‍ ഉള്‍പ്പെടെയുള്ള അന്തർദേശീയ പുരസ്കാരങ്ങള്‍ വാങ്ങുന്നു...എനിക്കും സിനിമ വലിയ ത്രില്‍ ആയി.
അതുവരെയുണ്ടായിരുന്ന സിനിമാ സങ്കല്പങ്ങള് മാറി. "ഒഴിവുദിവസത്തെ കളി' മുതല്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതാണ്. "ഉന്മാദിയുടെ മരണ'ത്തില്‍ പ്രൊഡക്്ഷന്‍ കണ്ട്രോളറും ഡിസൈനറുമായി. "ചോല'യില്‍ സ്റ്റില്‍ ഫോട്ടോഗ്രഫര്‍. "വഴക്കി'ല്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി.
ഫാമിലി റീൽസ്
കോവിഡ് കാലത്താണ് അച്ഛന് കുട്ടപ്പനും മകള്‍ തന്മയയ്ക്കുമൊപ്പം ഞാന്‍ റീല്‍സ് ചെയ്തുതുടങ്ങിയത്. അതിൽ ആർദ്രാ സാജനുമൊത്തു ചെയ്ത മാമൻസ് എന്ന റീൽസിലൂടെ കൂടുതൽ ജനകീയനായി. പിന്നീട് അഭിനയിച്ച പ്രീമിയര്‍ പദ്മിനി എന്ന വെബ് സീരിസിലെ കഴക്കൂട്ടം രാജസേനന് മുതലാളി ഉള്‍പ്പെടെയുള്ള വേഷങ്ങള്‍ വൈറലായി. അതില്‍ പലതും ട്രോളായി. മില്യണ്‍ കണക്കിനു കാഴ്ചക്കാരുണ്ടായി. തുടര്‍ന്നു സുഹൃത്തും സംവിധായകനുമായ വിപിന്‍ ദാസ് അന്താക്ഷരിയിലേക്കു വിളിച്ചു.
അതില്‍ മാര്‍ക്കോസ് എന്ന വേഷം. തുടര്‍ന്നു ജിബു ജേക്കബിന്റെ സുരേഷ്ഗോപി ചിത്രം "മേ ഹും മൂസ'യില്‍ പ്രധാന വേഷം. പിന്നീടു "ജയ ജയ ജയ ഹേ', "ഫാലിമി', "പാപ്പച്ചന് ഒളിവിലാണ്', "വാഴ', "സ്വകാര്യം സംഭവബഹുലം', "ക്ഷണികം', "ജാമി', "യുകെഓകെ' തുടങ്ങിയവയിലും വേഷങ്ങള്‍. കരിയറില്‍ വലിയ ബ്രേക്കായി വിപിൻദാസിന്റെ വാഴയിലെ കലാം. ആ കഥാപാത്രം ഗള്ഫുകാരനായിരുന്നു. അതിന്റെ റീച്ച് തിരിച്ചറിഞ്ഞത് ദുബായിൽ ചെന്നപ്പോഴാണ്. തങ്ങളുടെ കാര്യമാണ് ആ വേഷത്തിലൂടെ പറഞ്ഞതെന്നു പലരും മനസുതുറന്നു.
കമ്മട്ടം ഫ്രാന്‍സിസ്
അടുത്തകാലത്തു തൊണ്ടയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വോയ്സ് റെസ്റ്റിലായിരുന്നതിനാല് കുറച്ചുകാലം സിനിമയില്‍നിന്നു വിട്ടിനില്ക്കേണ്ടിവന്നു. സീ 5 വെബ്സീരീസ് "കമ്മട്ട'ത്തിൽ പ്രധാന വേഷംചെയ്ത് അഭിനയത്തിലേക്കു തിരിച്ചെത്തി. പണം മനുഷ്യരിലുണ്ടാക്കുന്ന പലതരം പ്രതിഫലനങ്ങളാണു കഥാതന്തു. ഇതുവരെ കിട്ടിയതില്‍ സ്ക്രീന്‍ സാന്നിധ്യം കൂടുതലുള്ള വേഷമാണ് അതിലെ ഫ്രാന്‍സിസ്. വളരെ പാവമായ ഒരാളാണ്.
പക്ഷേ, കഥാഗതിയില്‍ വിവിധ ഇമേഷനുകളിലൂടെ കടന്നുപോകുന്നു. എന്നെപ്പോലെ പുതിയ നടന്മാര്ക്ക് ഇതുപോലെ ആദ്യാവസാനമുള്ള ഒരു കഥാപാത്രം സിനിമയില്‍ ഉടനെയൊന്നും കിട്ടുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ വെബ് സീരീസുകൾ വലിയ അവസരമാണ്. സുദേവ് നായർ, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കാസ്റ്റിംഗ് ഡയറക്ടര്‍
കാസ്റ്റിംഗ് ഡയറക്ടറായി തുടക്കം അന്താക്ഷരിയിൽ. തുടര്‍ന്ന്, ജയ ജയ ജയ ഹേ. ഫാലിമിയിലാണ് കാസ്റ്റിംഗ് ഡയറക്ടറെന്ന ടൈറ്റില്‍ കിട്ടിയത്. ഞാന്‍ കാസ്റ്റിംഗ് ചെയ്ത സജിന്‍ബാബു സിനിമ "തിയറ്റര്‍', മുരളിഗോപിയുടെ രചനയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന് കാട്' എന്നിവ റിലീസിനൊരുങ്ങുന്നു. സജിന്‍ബാബുവിന്റെ പതിവുരീതികളില്‍ നിന്നു വേറിട്ട് ഏറെ എന്റര്ടെയ്നിംഗാണു തിയറ്റര്‍. തമിഴിലും മലയാളത്തിലും ഒരേസമയം റിലീസാകുന്ന അനന്തന്‍കാടും ധാരാളം കാസ്റ്റിംഗ് ആവശ്യമുള്ള ചിത്രമായിരുന്നു.
വീട്ടുകാര്യങ്ങള്‍
മൂത്ത മകള്‍ തമന്ന സോൾ ബിഎ ജേണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി. വഴക്കിൽ അസി. ഡയറക്ടറായിരുന്നു. ഇളയ മകൾ തന്മയ സോൾ "വഴക്കി'ലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. പിന്നീട് രജനീകാന്തിന്റെ "വേട്ടയാനി'ൽ കേന്ദ്രകഥാപാത്രമായി. ജിന്റോ തോമസിന്റെ ഇരുനിറമാണ് തന്മയയുടെ അടുത്ത റിലീസ്. ഭാര്യ ആശയ്ക്കാണു സോള്‍ ബ്രദേഴ്സ് ചുമതലകൾ. അച്ഛന് കുട്ടപ്പനും അമ്മ രാജിനിയും കേരള കലാനിലയത്തിലെ ആര്‍ട്ടിസ്റ്റുകളായിരുന്നു. അമ്മ എട്ടുവര്‍ഷം മുമ്പ് മരിച്ചു.
അമ്മയുടെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. എന്റെ മക്കളാണ് അവർ അച്ചാമ്മയെന്നു വിളിച്ചിരുന്ന എന്റെ അമ്മയുടെ സ്മരണയിൽ തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയില്‍ പണിത വീടിന് അച്ചാമ്മയുടെ വീട് എന്നു പേരിട്ടത്. അടുത്തകാലത്താണ് അച്ഛന് സിനിമയിലെത്തിയത്. "അനന്തന്‍കാടും' "പുഞ്ചിരിമുറ്റത്തെ ഇട്ടിക്കോര'യുമാണ് അടുത്ത റിലീസുകള്‍. ഫാലിമി, ഉന്മാദിയുടെ മരണം എന്നിവയിലും അച്ഛൻ അഭിനയിച്ചിരുന്നു.
അഭിനയം സീരിയസ്
കമ്മട്ടം 11 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി. വളരെക്കുറച്ചു സമയത്തിനുള്ളിൽ ഇത്രയും നന്നായി പെര്‍ഫോം ചെയ്യാൻ സഹായകമായതു ഷാൻ തുളസീധരൻ എന്ന സംവിധായകന്റെ കലാപരമായ വൈദഗ്ധ്യമാണ്. സീരീസ് കണ്ട് ധാരാളം പേര് വിളിക്കുന്നുണ്ട്. ഇതെല്ലാം പുതിയ ഊര്‍ജമാണ്. വലിയ ആത്മവിശ്വാസമാണ്. ഇപ്പോൾ അഭിനയം സീരിയസായി കാണുന്നു. ഒപ്പം, ഒരു സിനിമയുടെ എഴുത്തിലുമാണ്. ഫ്യുജി കാമറയുടെ അംബാസഡറും അപ്പർച്ചര്‍ ലൈറ്റ്സ് മെന്‍ഡറുമാണ്. "തിയറ്റര്‍', "വത്സല ക്ലബ്', "പ്രഹരം', "വാഴ 2', "ജാമി' തുടങ്ങിയവയാണ് അടുത്ത റിലീസുകള്‍. ലക്ഷ്മിപുഷ്പയുടെ പുത്തന്‍പടം, ഹംഗാമ ഓടിടി വെബ്സീരീസ് എന്നിവയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.