മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
ടി.ജി. ബൈജുനാഥ്
Wednesday, August 6, 2025 11:49 AM IST
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എഴുതിയ ചാക്കോച്ചന് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലാണ് മാറ്റത്തിന്റെ തുടക്കം. അതിലെ നിളയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രമാകാന്‍ മീനാക്ഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ഇന്ദ്രന്‍സിനൊപ്പം പ്രധാനവേഷം ചെയ്ത പ്രൈവറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. രാജകന്യകയാണു പുത്തന്‍ റിലീസ്. സിനിമ, ടോപ്പ് സിംഗര്‍ ആങ്കറിംഗ്, ഡിഗ്രി പഠനം, സോഷ്യല്‍ മീഡിയ...വേറിട്ട അനുഭവങ്ങളുടെ നിറക്കൂട്ടുകള്‍. മീനാക്ഷി സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിൽ നായികാതുല്യവേഷം..?

അമര്‍ അക്ബര്‍ അന്തോണിയും ഒപ്പവും കഴിഞ്ഞ് വലിയ ഒരു ക്രൂവിനൊപ്പവും, മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ് എന്ന നല്ല ഒരു ബാനറിനൊപ്പവും ഞാന്‍ ചെയ്ത പടമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. അതിനുമുന്നെയും നായികാതുല്യ കഥാപാത്രങ്ങള്‍ വന്നിരുന്നെങ്കിലും അത്രയും പക്വതയുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന ഉറപ്പ് എനിക്കില്ലായിരുന്നു. ഓഫീസറിലെ നായികാ കഥാപാത്രമല്ല നിള.
പക്ഷേ, നിളയിലൂടെയാണു കഥാസഞ്ചാരം. മാര്ട്ടിന് പ്രക്കാട്ട്, ജിത്തു അഫ്റഫ്, ചാക്കോച്ചന്, പ്രിയചേച്ചി... എനിക്ക് ആ ക്രൂ പ്രിയപ്പെട്ടതാണ്. എന്റെ ഭാഗ്യത്തിന് അഭിനയിച്ച എല്ലാ പടങ്ങളിലും എനിക്കൊരു ഹിറ്റ് പാട്ട് കിട്ടാറുണ്ട്.
ചാക്കോച്ചനും ഞാനുമൊത്തുള്ള പാട്ടിറങ്ങിയപ്പോള്‍ ഒപ്പത്തില്‍ ലാലേട്ടനൊപ്പം കണ്ടതുപോലെ ഒരു ഫീല്‍ കിട്ടിയതായി പലരുംപറഞ്ഞു. ഈ പടത്തിനുവേണ്ടി വില്ലന്മാരുള്പ്പെടെയുള്ളവരുടെ പരിശ്രമങ്ങള്‍ എനിക്കറിയാം. പക്ഷേ, പടം തീരുന്പോൾ ആളുകള്‍ക്കു വൈകാരിക അടുപ്പം നിളയോടാണ്. കാരണം, ഇവരുടെ അധ്വാനമെല്ലാം എന്റെ കഥാപാത്രത്തിലേക്കാണു വന്നുചേര്‍ന്നത്.
പ്രൈവറ്റ് എന്ന സിനിമ പറയുന്നത്..?
കുറച്ചു സങ്കീര്‍ണമായ കഥയാണു പ്രൈവറ്റ് പറയുന്നത്. നമ്മള് പുറത്തുപറയാത്ത അല്ലെങ്കില്‍ പുറത്തറിയാത്ത കുറേ കാര്യങ്ങള്‍- അതാണു ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത പ്രൈവറ്റ്. ഇന്ദ്രന്‍സേട്ടന്റെ മാരാര്‍, ഞാന്‍ അവതരിപ്പിക്കുന്ന അഷിത ബീഗം എന്നിവരാണു കേന്ദ്ര കഥാപാത്രങ്ങള്‍. അതിനൊപ്പം വളരെ ബോള്‍ഡായ ഒരു സ്റ്റോറി ലൈന്‍ പറഞ്ഞുപോകുന്നു.

അതിലൊരു പൊളിറ്റിക്സ് സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ചിത്രം സെന്‍സര്‍ പ്രശ്നങ്ങള്‍ നേരിടുന്നതും. കളങ്കാവലിന്റെ കാമറ ചെയ്ത ഫൈസൽ അലിയാണു ഛായാഗ്രഹണം. മ്യൂസിക് അശ്വിൻ സത്യ. എന്റെ പ്രായത്തിലുള്ള, കുട്ടിക്കളിയുള്ള, അതേസമയം ബോള്‍ഡായ, നമുക്ക് വൈകാരിക അടുപ്പം തോന്നാന്‍ സാധ്യതയുള്ള കഥാപാത്രമാണ് അഷിത.
അഭിനേത്രിയെന്ന നിലയില്‍ എന്തു മാറ്റമാണു തോന്നിയത്..?

എനിക്കങ്ങനെ മാറ്റങ്ങളൊന്നും ഫീല്‍ ചെയ്തില്ല. പ്രൈവറ്റിലും ഓഫീസറിലുമൊക്കെ എനിക്കൊപ്പം മികച്ച ക്രൂ ഉള്ളതിനാല്‍ എനിക്ക് അതിന്റെ ടെന്‍ഷനോ സ്ട്രെയിനോ എടുക്കേണ്ടിവന്നില്ല. കാരണം, എന്താണു വേണ്ടതെന്നും എന്താണു ചെയ്യേണ്ടതെന്നും അവര്‍ക്കു കൃത്യമായ ബോധ്യമുള്ളതിനാല്‍ എനിക്ക് അതേപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ടിവന്നില്ല.
ഇന്ദ്രന്‍സ് എങ്ങനെ സ്വാധീനിച്ചു..?
ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഇന്ദ്രന്‍സ് അങ്കിളിന്റെടുത്തുനിന്നു മാറിനില്ക്കണമെന്നോര്ത്തായിരുന്നു ഏറ്റവും വിഷമം. സാധാരണ സിനിമയേക്കാള്‍ പ്രൈവറ്റിനു ഷൂട്ടിംഗ് ഡേറ്റ്സ് കൂടുതലായിരുന്നു. അത്രയുംനാള്‍ ഒന്നിച്ചുണ്ടായതിനാല് എന്നെ വളരെ കാര്യമായി കൊണ്ടുനടന്നയാളാണ്.
സെറ്റിലെ ആദ്യ ദിവസങ്ങളില്‍ അദ്ദേഹം എത്ര രസമായിട്ടാണു ചെയ്യുന്നത് എന്നൊരു ഫീലാണ്. പിന്നീട് അങ്ങനെ ചെയ്തുനോക്ക് ഇങ്ങനെ ചെയ്തുനോക്ക് എന്നൊക്കെ നമ്മളോടു പറയും. മൂന്നാം ദിവസം കഴിയുമ്പോള്‍ അദ്ദേഹം എന്റേതാണ് എന്നൊരു തോന്നലുണ്ടാവും. അതിനാല്‍ വലിയ ആക്ടര്‍ ആണല്ലോ, ചെയ്തതു വലിയ അദ്ഭുതങ്ങളാണല്ലോ എന്ന ചിന്തയിലേക്കു നമ്മള് പോവില്ല. നടനുമപ്പുറം നല്ല ഒരു മനുഷ്യന്. മനസുകൊണ്ടു വലിയ അടുപ്പമായി.
രാജകന്യകയുടെ വിശേഷങ്ങള്‍..?
അതു ഞാന്‍ കുറച്ചുനാള്‍ മുന്നേ ചെയ്ത സിനിമയാണ്. ഗസ്റ്റ് റോള്‍ പോലെ എന്നാല്‍ ഒരു സര്‍പ്രൈസിംഗ് കാരക്ടറാണ് അതില്‍. ഡിവൈന്‍ ഫാന്റസി പശ്ചാത്തലത്തിലുള്ള ചിത്രം.
സിനിമകള്‍ തെരഞ്ഞെടുക്കുന്നത്..?
ഞാനും അച്ഛനും അമ്മയുമൊന്നിച്ചാണു കഥകള്‍ കേള്‍ക്കുന്നത്. ചിലതില്‍ നമുക്കു താത്പര്യം തോന്നുന്ന ഒന്നുമുണ്ടാവില്ല. പക്ഷേ, മേക്ക് ചെയ്തുവരുമ്പോള്‍ നമ്മള് വിചാരിക്കാത്ത ഒരു ഭംഗിയാവും സിനിമയ്ക്ക്. ടെക്നീഷന്‍സ് ആരൊക്കെയെന്നു ശ്രദ്ധിക്കാറുണ്ട്.
കഥാപാത്രം നമുക്കു ചെയ്യാന്‍ പറ്റുന്നതാണോ, യോജിക്കുന്നതാണോ എന്നൊക്കെ ശ്രദ്ധിക്കും. കൈയില്‍ കിട്ടുന്ന എല്ലാ സിനിമകളും ചെയ്യാൻ ആഗ്രഹമില്ല. എനിക്കു പെര്‍ഫക്ടായി തോന്നുന്നതാണു ചെയ്യുന്നത്.
കുസൃതിചോദ്യങ്ങളുമായി ചാനലില്‍ ആങ്കർ ചെയ്യുന്ന ഒരു സാധാരണ പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയിലാവട്ടെ ലൈഫ് എജ്യുക്കേഷനെക്കുറിച്ചൊക്കെ എഴുതുന്ന തരത്തില്‍ മറ്റൊരു മുഖം. മീനാക്ഷിയെ പ്രേക്ഷകര്‍ എങ്ങനെ കാണാനാണ് ആഗ്രഹം..?
എന്നെ അങ്ങനെതന്നെ പുറത്തുള്ളവര്‍ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വീട്ടമ്മമാരും മറ്റും എന്നെ വളരെ സീരിയസായ ഒരാളായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ കാര്യങ്ങളും നമ്മള് എല്ലാവരോടും പറയേണ്ട ആവശ്യമില്ലല്ലോ. ടോപ് സിംഗര്‍.. അതൊരു കുടുംബമാണ്.
അവിടെ പാട്ടും അതിന്റെ വിഷയങ്ങളുമൊക്കെ നന്നായി സംസാരിച്ചുപോകുന്നു. അതിന്റെയിടയിലൂടെ നമ്മുടെ അഭിപ്രായങ്ങള്‍ പറഞ്ഞ് അതിനെ മുഴപ്പിച്ചു നിര്‍ത്തേണ്ട ആവശ്യമില്ല. എഫ്ബിയും ഇന്‍സ്റ്റഗ്രാമുമൊക്കെ പ്രൈവറ്റ് പ്ലാറ്റ്ഫോമാണ്. മറ്റേതൊരു മീഡിയയാണ്. അവര്‍ക്ക് അവരുടേതായ ആവശ്യങ്ങളുണ്ട്. നമ്മള് അതനുസരിച്ചു നിന്നാല്‍ മാത്രംമതി.
എന്റെ സോഷ്യല്‍ മീഡിയ എന്റെ പേഴ്സണല്‍ സ്പേസാണ്. എന്റെ ആവശ്യങ്ങളും എന്റെ കാഴ്ചപ്പാടുകളും എഴുതാനും പറയാനുമുള്ള ഒരു പോക്കറ്റ് സ്ഥലം. അതുകൊണ്ടാണ് എന്നെ അവിടെ കൂടുതല്‍ കാണാറുള്ളത്.
വിദ്യാഭ്യാസനയം ഉള്‍പ്പെടെ സാമൂഹിക വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ക്കു പിന്നില്‍..?
നമ്മള് ഒരു നടിയോ ഡോക്ടറോ എന്‍ജിനീയറോ ആവട്ടെ, നമ്മുടെ ഗവണ്മെന്റിനെപ്പറ്റിയോ നമ്മുടെ നാട്ടില്‍ വരണമെന്ന് ആഗ്രഹമുള്ള കാര്യത്തെപ്പറ്റിയോ പറയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. കാരണം, ഞാനൊരു സിറ്റിസണ്‍ ആണല്ലോ.
ഞാന്‍ മണർകാട് സെന്റ് മേരീസിൽ ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുകയാണ്. വീട്ടിലെ മറ്റുള്ളവരോടു സംസാരിച്ചു ഞാന്‍ പറയുന്നതു മണ്ടത്തരമല്ലെന്നുറപ്പു വരുത്തി അതു പുറത്തുപറയുന്നതുകൊണ്ട് തെറ്റില്ലല്ലോ.
പുതിയ വിദ്യാഭ്യാസപദ്ധതി നല്ലതെന്നു തോന്നി. ഞാന്‍ പഠിക്കുമ്പോള്‍ അതില്ലായിരുന്നു. എന്റെ അനിയന്മാര്ക്കും അനിയത്തിമാര്‍ക്കും അതു കിട്ടുന്നതു വലിയ കാര്യമാണ്.
വ്യക്തിപരമായി സ്വാധീനിച്ചവരെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ പ്രസക്തമാകുന്നത്..?

വൈശാഖന് തമ്പിയെക്കുറിച്ചും ബൈജു ഡോക്ടറിനെപ്പറ്റിയും എഴുതുന്നത് അവര്‍ എന്റെ ജീവിതത്തില്‍ അത്രയും പ്രിയപ്പെട്ടവരായതുകൊണ്ടാണ്. സൂചി പേടിയുള്ള എന്നെ കൊഞ്ചിച്ച് പേടിയില്ലാതാക്കി ചികിത്സിച്ച് കാര്യമായി കൊണ്ടുനടക്കുന്നയാളാണ് ബൈജു ഡോക്ടര്‍.
മമിതച്ചേച്ചിയുടെ അച്ഛന് എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും എന്നതുകൊണ്ട് അതു സൂചിപ്പിച്ചുവെന്നേയുള്ളൂ. അന്നു ഡോക്ടേഴ്സ് ഡേയും ആയിരുന്നു. ഞാനായി പരിചയപ്പെടുത്തിയ ആളല്ല വൈശാഖന് തമ്പി. ഇതു വൈശാഖന് സാറിന്റെ ഇഫക്ടാണെന്ന് എന്റെ അഭിമുഖങ്ങൾക്കു കമന്റിടുന്നവരുണ്ട്.
സാര്‍ പറഞ്ഞ കാര്യങ്ങളിലൂടെയാണ് ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത്. അല്ലാതെ ഞാന്‍ വഴിയല്ല അദ്ദേഹം അറിയപ്പെട്ടത്. ശാസ്ത്രീയ, സാമൂഹിക ബോധത്തിന്റെ കാര്യങ്ങളിൽ എന്നെ ഏറെ സ്വാധീനിച്ച വ്യക്തി. ഞാനതു പോസ്റ്റ് ചെയ്യുന്നതു വഴി എന്റെ പ്രായത്തിലുള്ളവര്‍ക്കും സാറിനെ പരിചയപ്പെടാനും ആ വഴിയില്‍ ചിന്തിക്കാനും പറ്റുകയെന്നതു വലിയ കാര്യമാണ്.