എഡിറ്റിംഗ് ലൈഫ്
ടി.ജി. ബൈജുനാഥ്
Monday, August 18, 2025 9:52 AM IST
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിതനിമിഷങ്ങളിലൂടെ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ പൂക്കാലമെന്ന പ്രണയകാവ്യം. 60 മണിക്കൂര്‍ ഫുട്ടേജിനെ വൈകാരികസത്ത ചോരാതെ രണ്ടേകാല്‍ മണിക്കൂറിലേക്ക് വെട്ടിയൊതുക്കിയ കൈയടക്കത്തിന് തിരുവനന്തപുരം സ്വദേശി മിഥുന് മുരളിക്കു 2023ലെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയപുരസ്കാരം.
""വിജയരാഘവന് സാറിന് ഒരവാര്‍ഡ്, അതായിരുന്നു പ്രതീക്ഷ. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഇതിൽ. എഡിറ്റിംഗിനുകൂടി കിട്ടിയതോടെ ഞങ്ങള്‍ക്കു ഡബിള്ബോണസായി’’ -മിഥുന് മുരളി സണ്ഡേദീപികയോടു പറഞ്ഞു.
എഡിറ്റിംഗിൽ എത്തിയത്..?
എന്‍ജിനീയറിംഗ് പഠനകാലത്ത് കോളജിൽ ഡാൻസ് പരിപാടികൾക്കു മ്യൂസിക്ക് കട്ട് ചെയ്യാനാണു എഡിറ്റിംഗ് പഠിച്ചുതുടങ്ങിയത്. 2011ല്‍ സുഹൃത്തിനൊപ്പം ഷോര്‍ട്ട്ഫിലിം ചെയ്തപ്പോൾ വീഡിയോ എഡിറ്റിംഗും തുടങ്ങി. വീഡിയോ കട്ട് ചെയ്യുന്നതു മാത്രമല്ല സൗണ്ടും മ്യൂസിക്കും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കട്ട് ചെയ്യുന്നതും അതിലുണ്ടെന്നറിഞ്ഞതോടെ ഫിലിം എഡിറ്റിംഗിനോട് ഇഷ്ടം കൂടി. യൂട്യൂബ് നോക്കി പഠനം തുടങ്ങി.
2012ല്‍ മുംബൈയില്‍ ബാലാജി ടെലിഫിലിംസിന്റെ ഐസിഇയില്‍ ഇന്റേണ്‍ഷിപ് കോഴ്സ് ചെയ്തു. 2013ല്‍ ചെന്നൈയില്‍ തമിഴ് ഫിലിം എഡിറ്റര്‍ ആന്റണിയെ അഞ്ചാന്, അനേകന്‍ എന്നീ സിനിമകളില്‍ അസിസ്റ്റ് ചെയ്തു. 2014ൽ നാട്ടിലെത്തി ഫ്രീലാന്‍സറായി. അക്കാലത്ത് ഗണേഷ് രാജിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തു. മോഹം സിനിമയെങ്കിലും സുഹൃത്തുക്കളാരെങ്കിലും സംവിധാനം ചെയ്താല്‍ മാത്രമേ നമുക്ക് അവസരം കിട്ടൂ എന്നതായിരുന്നു സ്ഥിതി. 2020 ജനുവരിയില്‍ റിലീസായ കലാമണ്ഡലം ഹൈദരാലിയിൽ ഞാൻ സിനിമാ എഡിറ്ററായി. 2022ല്‍ പൂക്കാലത്തിലെത്തി.
പൂക്കാലം അനുഭവങ്ങൾ..?

ഏറെ കഥാപാത്രങ്ങളുള്ള സിനിമ. ജനനം, വളര്‍ച്ച, വാട്ടം, പൂക്കാലം എന്നിങ്ങനെ നാലധ്യായങ്ങളിലൂടെ കഥപറച്ചിൽ. അതു സ്ക്രിപ്റ്റിലുണ്ടായിരുന്നു. പല സീക്വന്‍സുകളും രണ്ടു കാമറയിലാണു ഷൂട്ട് ചെയ്തത്. 60 മണിക്കൂറിനടുത്തുള്ള ഫുട്ടേജ് ഫസ്റ്റ് കട്ടിലെത്തിയപ്പോള് മൂന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം. തിയറ്ററിലെത്തിയപ്പോള്‍ 2 മണിക്കൂര്‍ 16 മിനിറ്റ്!
വിജയരാഘവന്റെ സീനുകള്‍ 60 ശതമാനത്തോളം കുറച്ചു. ഇപ്പോള്‍ നമ്മള് കാണുന്നതിനപ്പുറം അദ്ദേഹത്തിന്റെ ഒരുപാടു ഫെര്‍ഫോമന്‍സ് മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. പക്ഷേ, ആ സമയത്തെ സിനിമകളുടെ ദൈര്‍ഘ്യം പരിഗണിച്ചും പ്രേക്ഷകശ്രദ്ധ നേടുന്നതിനുമായിരുന്നു ആ തീരുമാനം.
കുറച്ചു സീനുകള്‍ പൂര്‍ണമായും കട്ടായിപ്പോയി. കുറച്ചുസീനുകള്‍ മൊണ്ടാഷ് രൂപത്തില്‍ ചുരുക്കി പാട്ടുകളാക്കിയും കുറെ സീനുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും നോണ്‍ ലീനിയറായി എഡിറ്റ് ചെയ്തുമാണ് അതു സാധ്യമാക്കിയത്.
സംവിധായകന്റെ പിന്തുണ..?

എഡിറ്റര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന സംവിധായകനാണ് ഗണേഷ്. ഫുള്‍ ഫുട്ടേജ് തന്നശേഷം എഡിറ്ററുടെ കാഴ്ചപ്പാടില്‍ സിനിമ കട്ട് ചെയ്യാൻ പറഞ്ഞു. ആദ്യത്തെ ഒരു കട്ട് കഴിഞ്ഞശേഷം ഗണേഷ്കൂടി നോക്കി അതില്‍ എന്തൊക്കെ വര്‍ക്കാവും എന്തൊക്കെ വര്‍ക്കാവില്ല എന്നു പറഞ്ഞു. വര്ക്കാവാത്തതിന്റെ കാരണം വിശകലനം ചെയ്ത്, പരസ്പരം സംസാരിച്ച് അതു വര്ക്കാക്കിയെടുത്തു.
പ്രധാന വെല്ലുവിളി..?
ഫാമിലി ഡ്രാമയാണല്ലോ പൂക്കാലം. ഇപ്പോഴത്തെ പ്രേക്ഷകര്‍ക്കു ഡ്രാമ കണ്ടുകൊണ്ടിരിക്കുക എന്നതു വെല്ലുവിളിയാണ്. ധാരാളം നാടകീയ സീനുകളെ കഥയുടെ കാന്പ് നഷ്ടമാകാതെതന്നെ മൊണ്ടാഷുകളാക്കി പാട്ടിലൂടെ കൊണ്ടുവന്നു. ഏറെ കട്ട് ചെയ്താല്‍ പ്രേക്ഷകര്‍ക്കു കഥാപാത്രങ്ങളുമായും ഇമോഷനുകളുമായുമുള്ള ബന്ധം നഷ്ടമാകുമെന്ന കുഴപ്പവുമുണ്ട്. ഇതു രണ്ടും ബാലന്‍സ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി.
ഒരു സീന്‍ ദീര്‍ഘമായി പറയുന്നതിനുപകരം കട്ട് ചെയ്ത് മറ്റു കഥാപാത്രങ്ങളിലേക്കും കഥാസന്ദര്ഭങ്ങളിലേക്കും പോയി തിരിച്ചുവരുന്ന രീതി..?

വിജയരാഘവന്റെ കഥാപാത്രത്തിന്റെ ഡ്രാമ തുടരുമ്പോള്‍ത്തന്നെ വിനീതിന്റെയും ബേസിലിന്റെയും കഥാപാത്രങ്ങളുടെ വരവായി. സ്ക്രിപ്റ്റിനപ്പുറം രസകരമായാണ് ബേസില്‍- വിനീത് കോമഡി പെര്‍ഫോമന്‍സ് ഷൂട്ട് ചെയ്തുകിട്ടിയത്. അത് ഒാവറാകാതെയും എന്നാൽ ഒട്ടും കുറയാതെയും കൃത്യമായ മീറ്റർ പിടിച്ച് എഡിറ്റ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കണം. ഒപ്പം ഇതിലെ ഡ്രാമയുമായും ബാലന്‍സ് ചെയ്യണം. അതായിരുന്നു മൊത്തത്തിലുള്ള വെല്ലുവിളി.
പ്രത്യേകിച്ച് ഒരു എഡിറ്റിംഗ് സ്റ്റൈല്‍ പിന്തുടരുന്നുണ്ടോ..?
ഒരു സീനില്‍ പ്രേക്ഷകരിലേക്ക് എത്തേണ്ട ഇമോഷന് ബോറടിപ്പിക്കാതെ, ലാഗടിപ്പിക്കാതെ അങ്ങനെതന്നെ എത്തിക്കുക എന്നതാണ് എഡിറ്ററുടെ ജോലി. ഈ കഥ ഇങ്ങനെ പറഞ്ഞാല്‍ പ്രേക്ഷര്‍ക്കു ബോധ്യമാകും എന്ന എഡിറ്ററുടെ തീരുമാനത്തില്‍ സംവിധായകനും വിശ്വാസം വരുന്നിടത്താണ് എഡിറ്ററുടെ കഴിവ്. പ്രേക്ഷകരെ എങ്ങനെ രസിപ്പിക്കാമെന്നു മാത്രമാണു ഞാന്‍ നോക്കുന്നത്.
പ്രേക്ഷകമനസില്‍ കയറുന്ന രീതിയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇമോഷന് കൊടുക്കുക എന്നതും പ്രധാനം. സുഹാസിനി മാമിന്റെ സീനുകള്‍ കുറയ്ക്കേണ്ടിവന്നെങ്കിലും അവരുടെ പ്രാധാന്യം കുറയാതെതന്നെ ആ കഥാപാത്രമെന്തെന്നു പ്രേക്ഷകര്‍ക്കു മനസിലാകുന്ന രീതിയിലാണ് ആ സീക്വന്‍സുകള്‍.
എഡിറ്റിംഗിലെ പ്രചോദനം..?
കമല്ഹാസന് സിനിമകള്‍ പണ്ടേ ഇഷ്ടമാണ്. വളരെ നാടകീയമായും വൈകാരികപരവുമായുമുള്ള അതിന്റെ കഥപറച്ചില്‍ കണ്ടു ശീലിച്ച ഒരാളെന്ന നിലയില്‍ എനിക്ക് ഒരു ഇമോഷണല്‍ ഡ്രാമ എത്രത്തോളമാവാം എന്ന ബോധ്യമുണ്ട്. ഹിറ്റായ സിനിമ മാത്രമല്ല, മോശം സിനിമയും കൂടി എഡിറ്റര്‍ കാണണം. അപ്പോള്‍ മാത്രമേ എന്തുകൊണ്ട് അതു ഫലം കണ്ടു അല്ലെങ്കില്‍ ഫലം കണ്ടില്ല എന്നു മനസിലാക്കാനാകൂ. നിരന്തരം സിനിമകള്‍ കാണണം.
അതിലൂടെ, നമുക്ക് ഒരു സീന്‍ കിട്ടുമ്പോള്‍ ആ സിനിമയുടെ മൊത്തത്തിലുള്ള ഇമോഷന് മനസിലാക്കി അത് എഡിറ്റ് ചെയ്യാനുള്ള ഉപായം ഉപബോധമനസില്‍ തെളിയും. ശ്രീകര്‍ പ്രസാദ്, തമിഴിലെ ആന്റണി, ആരതി ബജാജ് ഇവരുടെ വര്‍ക്കുകൾ പ്രചോദിതമാണ്.
ഗണേഷിനൊപ്പം അടുത്ത സിനിമ...?
ഗണേഷുമായി 2012 തൊട്ടുള്ള ബന്ധമാണ്. അടുത്ത ചിത്രത്തിലും ഞാനാണു ചോയ്സ് എന്ന് ഗണേഷിനു തോന്നിയാല്‍ എന്നെ വിളിക്കും. എനിക്കു തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ക്ക് ചെയ്യണമെന്നുണ്ട്. റോക്ക് സ്റ്റാര്‍, തമാശ എന്നിവയുടെ ഡയറക്ടര്‍ ഇംതിയാസ് അലിക്കൊപ്പം അവസരമുണ്ടായാല്‍ ഭാഗ്യം.
സംവിധാനം ചെയ്യുമോ..?
സംവിധാനം ആഗ്രഹിച്ചാണു ഞാന്‍ സിനിമയില്‍ വന്നത്. എഡിറ്റിംഗിനെ സെക്കന്‍ഡ് ഡയറക്ഷനായാണു ഞാന്‍ കാണുന്നത്. സിനിമാറ്റോഗ്രഫി, മ്യൂസിക്, വിഎഫ്എക്സ്, പെര്‍ഫോമന്‍സ് എന്നിവയിലും നല്ല ധാരണയുണ്ടെങ്കിലേ നല്ല എഡിറ്ററാകാനാകൂ. എഡിറ്റിംഗിലൂടെ പലതും പഠിക്കാന്‍ പറ്റുമെന്നു തിരിച്ചറിഞ്ഞു. എതെങ്കിലുമൊരുകാലത്തു നല്ല ഒരു കഥ കിട്ടിയാല്‍ അതു സംവിധാനം ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട്.
വീട്ടുകാര്യങ്ങള്‍...?
ഭാര്യ ടിനു വീട്ടമ്മയാണ്. രണ്ടു കുട്ടികള്‍. മകന് മൂന്നിലും മകള്‍ ഒന്നിലും വിദ്യാർഥികൾ.