നിസംശയം പ്രിയംവദ
ടി.ജി. ബൈജുനാഥ്
Wednesday, May 21, 2025 3:07 PM IST
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്റെയും മകള്‍ പ്രിയംവദയ്ക്കു ജീവിതസ്വപ്നം തന്നെയായിരുന്നു സിനിമ. 2019ല്‍ തൊട്ടപ്പനിലെ സാറയിലൂടെ അതു സഫലമായി. അഭിനയമികവിനു സംസ്ഥാന പുരസ്കാരവും നേടി.
തുടർന്നു ശ്രദ്ധേയമായത് ‘റോഷാക്കി’ല്‍ മമ്മൂട്ടിക്കൊപ്പമുള്ള അമ്മു എന്ന കഥാപാത്രം. തുടരെത്തുടരെ സിനിമകളിലെത്തിയില്ലെങ്കിലും പ്രിയംവദയെ തേടിവന്ന കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകര്‍ക്കും പ്രിയതരമായി.
"ഒരു കട്ടില് ഒരു മുറി'യിലെ മധുമിയ, ഒരു ചെറുകഥ പോലെ ഹൃദയംതൊട്ടു നില്ക്കുന്നു. രാജേഷ് രവി സംവിധാനം ചെയ്ത "സംശയ'മാണ് പുത്തന്‍ റിലീസ്. അതില്‍ ഷറഫുദീന്റെ നായികയാണ്. 23നു തിയറ്ററുകളിലെത്തുന്ന ‘നരിവേട്ട’യില്‍ ടോവിനോയുടെയും റിലീസിനൊരുങ്ങുന്ന വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജിന്റെയും നായിക. വലിയ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാകുന്ന സുവര്‍ണനിമിഷങ്ങള്‍. പ്രിയംവദ കൃഷ്ണന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സംശയരോഗിയുടെ കഥയാണോ സംശയം..?

സംശയരോഗമുള്ള കുറേ കഥാപാത്രങ്ങളുടെ സിനിമയൊന്നുമല്ല. ഒരു ചെറിയ സംശയത്തില്‍നിന്ന് ഒരാളുടെ യാത്ര. അതു വളരെ രസകരമായി പറയുകയാണ്. കോമഡിയുണ്ട്, ഡ്രാമയുണ്ട്, ചിന്തിക്കാനുണ്ട്. ഫാമിലി എന്റര്ടെയ്നറുമാണ്. കൊച്ചുകുട്ടിക്കുപോലും എന്ജോയ് ചെയ്യാനുള്ള വകയുണ്ട്. ഈ പടത്തിലെ സ്റ്റാര്‍ ഇതിന്റെ തിരക്കഥയാണ്.
സംവിധായകനും സനു മജീദും ചേര്‍ന്നാണു രചന. ഈ കഥ കേള്‍ക്കുന്ന ഏതൊരാക്ടറിനും ഈ സിനിമ ചെയ്യാന്‍ തോന്നും. ഈ സിനിമ പറയുന്ന വിഷയം ഇതുവരെ ഞാന്‍ കണ്ട സിനിമകളില്‍ അധികം വന്നിട്ടില്ല. ആര്‍ക്കും ഒരു നിമിഷവും ബോറടിക്കാത്ത രീതിയിലാണ് ഇതിന്റെ മേക്കിംഗ്. ലിജോമോളും വിനയ് ഫോര്‍ട്ടുമാണ് സിനിമയിലെ മറ്റൊരു പെയര്‍.
സംശയത്തിലെ കഥാപാത്രം..?
ഫൈസ-അതാണ് എന്റെ കഥാപാത്രം. ആര്‍ക്കറിയാം സിനിമയുടെ സഹ എഴുത്തുകാരനായിരുന്നു ഇതിന്റെ സംവിധായകന് രാജേഷ് രവി. അദ്ദേഹം എഴുതി സംവിധാനം ചെയ്യുന്ന പടമെന്നു കേട്ടപ്പോള്‍ ആ ഒരു നിലവാരമുണ്ടാകുമെന്നുറപ്പിച്ചു. പിന്നെ, ഞാന്‍ ഇതുവരെ ചെയ്യാത്ത തരം കാരക്ടറാണ് ഫൈസയുടേത്. എത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാകും എന്നതാണ് ഒരാക്ടറുടെ വളര്‍ച്ചയ്ക്കു പ്രധാനം. അത്തരത്തില്‍ എനിക്കു സഹായകമായ ഒരു കഥാപാത്രമാണ് ഫൈസ.
എന്തായിരുന്നു ഫൈസയിലെ വെല്ലുവിളി..?
ഏതൊരു കഥാപാത്രം ചെയ്യുന്പോഴും അതിന്റേതായ വെല്ലുവിളികളുണ്ടാവും. ഒരു കഥാപാത്രം ചെയ്യുന്നതു ഞാനാണെന്നു തീരുമാനിച്ചുകഴിഞ്ഞാല്‍, അതു ചെറുതോ വലുതോ ആവട്ടെ, തയാറെടുപ്പുകളോ അതില്‍ എന്തെങ്കിലുമൊരു വെല്ലുവിളിയോ ഇല്ലാതെ എനിക്ക് അതിലേക്കു പോകാനാവില്ല. ആ കഥാപാത്രത്തിനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണം. അത്രത്തോളം ആഗ്രഹിച്ചു കിട്ടിയതാണ് അഭിനയം. അത് അത്രയും തയാറെടുപ്പുകളോടെ ചെയ്യുന്നതിലാണ് എന്റെ സന്തോഷം.
നരിവേട്ടയുടെ വിശേഷങ്ങള്‍..?
ഇന്ത്യന്‍ സിനിമ കമ്പനി നിര്‍മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയില്‍ ടോവിനോയുടെ പെയറാണ്. നാന്‍സിയെന്ന കഥാപാത്രം. കുറേ നാന്സിമാരെ നമ്മള് കണ്ടിട്ടുണ്ടാവും. നമ്മള് ചെയ്യുന്ന ഒരു കഥാപാത്രം കാണുമ്പോള്‍ കുറേപ്പേര്‍ക്ക് അവരുടെ ജീവിതത്തിലെ എന്തെങ്കിലുമൊക്കെ ഇതില്‍ റിലേറ്റ് ചെയ്യാനാവും എന്നറിയുമ്പോള്‍ ആ വേഷം അഭിനയിക്കുക ഏറെ രസമായിരിക്കും. അനുരാജ് മനോഹറിന്റെ ആദ്യത്തെ പടം ഇഷ്ക് ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. ഇഷ്കിനു ശേഷമാണ് തൊട്ടപ്പൻ ഇറങ്ങിയത്.

അദ്ദേഹത്തിന്റെ സിനിമയില്‍ എപ്പോഴെങ്കിലും ഒരു കഥാപാത്രം ചെയ്യാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം നരിവേട്ടയിലേക്കു വിളിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ചങ്ങനാശേരിയിലായിരുന്നു എന്റെ സീനുകളുടെ ഷൂട്ടിംഗ്. ഇതിലെ മിന്നല്‍ വള കൈയിലിട്ട എന്ന പാട്ട് ഇപ്പോഴേ ഹിറ്റാണ്. കൈതപ്രം സാറിന്റെ വരികൾ.
ജേക്സ് ബിജോയ് മ്യൂസിക്. സിദ് ശ്രീറാമിന്റെയും സിതാര കൃഷ്ണകുമാറിന്റെയും ആലാപനം. ഇതെല്ലാം ചേര്‍ന്ന മാജിക്കല്‍ പാട്ടാണത്. ഇത്തരത്തില്‍ വലിയ ആളുകള്‍ കൂടിച്ചേരുന്ന ഒരു സിനിമയിലും ആ പാട്ടിലും നമ്മള്‍കൂടി ഉണ്ടാകുന്നു എന്ന സന്തോഷമുണ്ട്. ചേരന്, ആര്യ സലിം തുടങ്ങിയവരും ഇതില്‍ അഭിനയിക്കുന്നുണ്ട്.
വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍..?
ടോവിനോ, രാജുവേട്ടന്, വിനയ് ചേട്ടന്, ഷറഫുദീന്‍... ഇവരുടെയൊക്കെ വര്‍ക്കുകള്‍ ഞാന്‍ സിനിമയില്‍ എത്തുംമുമ്പേ കണ്ടുതുടങ്ങിയതാണ്. അത്രയേറെ ആരാധന തോന്നിയ കഥാപാത്രങ്ങള്‍ അന്നേ ചെയ്ത അഭിനേതാക്കളാണിവര്‍.

ഇവരുടെ കുറേ കഥാപാത്രങ്ങള്‍ നമ്മള് ഒരിക്കലും മറക്കില്ല. ഏറെ അനുഭവസമ്പത്തുള്ള ഇവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് എനിക്ക് അതിലും വലിയ ഒരനുഭവം വേറെ കിട്ടാനില്ല. അതു നേരിട്ടുകാണുമ്പോള്‍ അതിലും വലിയൊരു പാഠപുസ്തകം മറ്റൊന്നില്ല.
ഒരു കട്ടില് ഒരു മുറിയിലെ മധുമിയ എത്രത്തോളം പ്രിയമുള്ള കഥാപാത്രമാണ്..?
എന്റെ ആദ്യ സിനിമയുടെ സംവിധായനാണ് ഷാനവാസ് കെ. ബാവക്കുട്ടി. അദ്ദേഹം എന്നെ വീണ്ടും വിളിച്ചു എന്നതും തൊട്ടപ്പനിലെ സാറയുമായി യാതൊരു ബന്ധവുമില്ലാത്ത മധുമിയ എന്ന കഥാപാത്രം വിശ്വസിച്ച് ഏല്‍പ്പിച്ചു എന്നതും ആ ഫിലിംമേക്കറില്നിന്നുള്ള അംഗീകാരമാണ്.
ഒന്നുമുതല്‍ പൂജ്യം വരെ, മൈ ഡിയര്‍ കുട്ടിച്ചാത്തന്, വാനപ്രസ്ഥം, പൊന്മുട്ടയിടുന്ന താറാവ്, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകളുടെ എഴുത്തുകാരന് രഘുനാഥ് പലേരി സാറാണ് ഈ പടം എഴുതിയത്. അദ്ദേഹം സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രമാകാൻ പറ്റുക എന്നത് ഏതൊരാക്ടറിന്റെയും സ്വപ്നമാണ്. ഒരിക്കലും ഞാന്‍ വിചാരിക്കാത്ത ഒരു കാര്യമാണ് ഒരു കട്ടില് ഒരു മുറിയിലൂടെ സംഭവിച്ചത്.
പൂര്‍ണിമ ചേച്ചി, ഹക്കീം, ഷമ്മി തിലകന് എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുമായി. ഏറെ രസകരമായ അച്ഛന് വേഷമാണ് ഷമ്മി തിലകന്. വിലായത്ത് ബുദ്ധയിലും ഷമ്മിച്ചേട്ടനുണ്ട്. വിലായത്ത് ബുദ്ധയുടെ ഷെഡ്യൂള്‍ ബ്രേക്ക് സമയത്താണ് ഒരു കട്ടില് ഒരു മുറി ഷൂട്ട് ചെയ്തത്. ഒരേ ആളുകള്‍തന്നെ രണ്ടു സിനിമകളില്‍ വെവ്വേറെ മീറ്ററുകളിലും ഡൈനാമിക്സിലുമുള്ള രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു രസകരമായ അനുഭവമാണ്.
സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്താണു മാനദണ്ഡം..?
ഒരവസരവും നിസാരമായിക്കണ്ട് കളയരുത്. എത്ര ചെറിയ കഥാപാത്രമായാലും നമ്മളെ വിശ്വസിച്ച് ഒരു ഡയറക്ടര്‍ കാസ്റ്റ് ചെയ്താല്‍ നമ്മള് പരമാവധി ആത്മാര്‍ഥത കാണിക്കണം. അതിനു മാനദണ്ഡം വയ്ക്കണമെന്നുപോലും എനിക്കു തോന്നുന്നില്ല. മുന്‍വിധികളില്ലാതെ കഥ കേള്‍ക്കുന്നു. ആ കഥാപാത്രത്തിനു ഞാനാണ് റൈറ്റ് ചോയ്സ് എന്ന് എനിക്കും തോന്നിയാല്‍ ഞാനതു ചെയ്യുന്നു.
അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കാസ്റ്റ് ചെയ്തതെന്നു ചോദിക്കുന്നു. എന്നിലേക്കു വരുന്നതു വളരെ കുറച്ചു സിനിമകളും കഥാപാത്രങ്ങളുമാണെങ്കിലും എല്ലാം നല്ല രസമുള്ളവയാണ്. നല്ല സംവിധായകര്‍ക്കും ആക്ടേഴ്സിനുമൊപ്പം വര്‍ക്ക് ചെയ്യാനുമാകുന്നു. അതെന്റെ ഭാഗ്യമാണ്.
വിലായത്ത് ബുദ്ധ റിലീസ് വൈകുന്നുണ്ടോ..?
ജി.ആര്. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവല്‍ സിനിമയാവുകയാണ്. അതു സമയമെടുത്തു ചെയ്യേണ്ട ഒരു സിനിമയാണ്. മാത്രമല്ല ഷൂട്ടിംഗിനിടെ രാജുവേട്ടനു ചെറിയ പരിക്കേറ്റിരുന്നു. ആ സിനിമയുടെ ഡബ്ബിംഗ് തുടങ്ങി. ഈ വര്‍ഷം റിലീസുണ്ടാകുമെന്നാണു പ്രതീക്ഷ. വലിയൊരു സ്വപ്നമാണ് എനിക്ക് ആ സിനിമ. സംവിധായകന് ജയന് നമ്പ്യാരാണ് അതിലേക്കു വിളിച്ചത്. അത്രയും ഗംഭീരമായ, മനോഹരമായ, അപാരമായി നില്ക്കുന്ന ഒരു കഥാപാത്രം എന്നിലേക്കു വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.