സ്ക്രിപ്റ്റ് ഡിറ്റക്ടീവ്
ടി.ജി. ബൈജുനാഥ്
Monday, October 20, 2025 10:56 AM IST
പ്രേമിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ ഡിറ്റക്ടീവാകുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന കോമഡി എന്റര്ടെയ്നര് "പെറ്റ് ഡിറ്റക്ടീവ്’ തിയറ്ററുകളില്‍. സംവിധാനം പ്രനീഷ് വിജയന്. ഷറഫുദീനും അനുപമ പരമേശ്വരനുമാണ് പ്രധാന വേഷങ്ങളില്‍.
"മധുരമനോഹര മോഹ'ത്തിന്റെ സഹ തിരക്കഥാകൃത്ത് ജയ് വിഷ്ണുവും ഹാപ്പി വെഡിംഗിന്റെ സഹ എഴുത്തുകാരൻ പ്രനീഷ് വിജയനും ചേര്‍ന്നെഴുതിയ തിരക്കഥ.
"ഇതു പെറ്റ് ഡിറ്റക്ടീവിന്റെ കഥയാണ്. അതിനാല്‍ പെറ്റ്സിനു കഥയില്‍ പ്രാധാന്യമുണ്ട്. എന്നാല്‍ പടം മുഴുവന്‍ പെറ്റ്സിന്റെ കഥയല്ലതാനും. പ്രണയവും ഫൈറ്റും ത്രില്ലിംഗ് സീക്വൻസുകളുമുള്ള അഡ്വഞ്ചര്‍ കോമഡിയാണിത്’ -ജയ് വിഷ്ണു സണ്‍ഡേ ദീപികയോടു പറഞ്ഞു.
"പെറ്റ് ഡിറ്റക്ടീവി’നെ വേറിട്ടുനിർത്തുന്നത്..?
എല്ലാവര്ക്കും പെറ്റ്സുണ്ടാവും. ചിലര്‍ക്കു പട്ടി, ചിലര്‍ക്കു പൂച്ച. ചിലര്‍ക്കു മറ്റു ജീവികള്‍. കാണാതാകുന്ന പെറ്റ്സിനെ കണ്ടുപിടിക്കുന്ന ഒരു ഡിറ്റക്ടീവ്. അയാളിലേക്കു വരുന്ന പെറ്റ്സ് മിസിംഗ് കേസുകള്‍. അതുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍. അങ്ങനെ പലപല കഥകള്‍ കോമഡി രീതിയില്‍ പറഞ്ഞുപോകുന്ന സിനിമയാണു പെറ്റ് ഡിറ്റക്ടീവ്.

ടോണി ജോസ് അലൂലയെന്ന ടൈറ്റില്‍ വേഷത്തില്‍ ഷറഫുദീന്‍. ടോണിയുടെ അച്ഛന് ജോസ് അലൂലയായി രഞ്ജി പണിക്കര്‍. ഇവരുടെ ഡിറ്റക്ടീവ് ഏജന്‍സിയില്‍ ഷറഫുദീന്റെ സഹായിയാണ് ജോമോന് ജ്യോതിറിന്റെ കഥാപാത്രം. ദാസനും വിജയനും, സിഐഡി മൂസ... കോമഡിയായതും അല്ലാത്തതുമായ ധാരാളം ഡിറ്റക്ടീവുകളെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. അതില്‍നിന്നെല്ലാം വലിയ വ്യത്യസ്തത എന്നൊന്നും അവകാശപ്പെടുന്നില്ല. 2025ല്‍ കൊച്ചിയില്‍ ജീവിക്കുന്ന ഒരു ഡിറ്റക്ടീവിന്റെയും അയാളുടെ സഹായിയുടെയും കഥയാണിത്.
ഈ സിനിമയുടെ എഴുത്തിലേക്ക് എത്തിയത്..?
കൊറോണക്കാലത്തു ഷറഫുദീനും സുഹൃത്തുക്കളും ഫ്ളാറ്റിലായിരുന്നപ്പോൾ അവരുടെ കൂട്ടത്തില്‍പ്പെട്ട ഒരാളുടെ പട്ടിക്കുട്ടിയെ കാണാതായി. നസ്റിയയും സൗബിനും ഉള്‍പ്പെടെയുള്ളവര്‍ അതിനെ കണ്ടുപിടിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.
അതിനെ പിന്നീടു തിരിച്ചുകിട്ടി. അത് കുറച്ചു കുട്ടികളുടെ കൈകളിലായിരുന്നു. ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷറഫിനു തോന്നിയ ഒരാശയമാണു "പെറ്റ് ഡിറ്റക്ടീവ്’. ആ സമയത്ത് ഷറഫ് പ്രനീഷുമായി വേറൊരു സിനിമയ്ക്കുള്ള ആലോചനകളിലായിരുന്നു.

ഷറഫിന്റെ ആശയം മുൻനിർത്തി പ്രനീഷ് ഈ കഥ എഴുതിത്തുടങ്ങുകയും ഒരു ഘട്ടത്തില്‍ എന്നെക്കൂടി അതിലേക്ക് എഴുതാന്‍ വിളിക്കുകയുമായിരുന്നു. പ്രനീഷ് നല്ല ഹ്യൂമര്‍ സെന്സുള്ള ആളായതിനാല്‍ ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ നല്ല വൈബാണ്.
ടോണി ജോസ് അലൂല...
ഏറെ എന്റര്ടെയ്നിംഗ് കഥാപാത്രം. ഫോഴ്സിലുള്ള ഒരാള്‍ക്കു മാത്രമേ പെണ്ണിനെ കൊടുക്കൂ എന്ന് ടോണി പ്രേമിക്കുന്ന പെണ്ണിന്റെ അച്ഛന് പറയുന്നു. ടോണിക്കറിയാവുന്ന ഫോഴ്സ് അച്ഛന്റെ ഡിറ്റക്ടീവ് ഫോഴ്സാണ്.
അങ്ങനെ ഡിറ്റക്ടീവായ ഒരാളാണു ടോണി ജോസ് അലൂല. അനുപമ പരമേശ്വരനാണ് ഷറഫിന്റെ പെയര്‍. ആര്‍ച്ചറി കോച്ചായ കൈകേയി മേനോന്- അതാണു കഥാപാത്രം. കൈകേയിയും ടോണിയും തമ്മിലുള്ള പ്രണയം കഥയുടെ മറ്റൊരു സൈഡാണ്. അലൂല പിന്നീടു നടത്തുന്ന കേസുകളും മറ്റുമാണ് പടത്തിന്റെ കഥ കൊണ്ടുപോകുന്നത്.
"പ്രേമ'ത്തിനുശേഷം ഷറഫുദീനും അനുപമയും..?
അതു നമ്മള് മനഃപൂര്‍വം ചെയ്തതല്ല. അത്ലറ്റിക് ബോഡിയുള്ള, എനർജറ്റിക്കായ, ഓടുകയും ചാടുകയും ചെയ്യുന്ന സുന്ദരിയായ ഒരു നടിയെയാണു പരിഗണിച്ചത്. അനുപമ കുറേക്കാലമായി മലയാളത്തില്‍ സിനിമകള്‍ ചെയ്തിരുന്നില്ല. അനുപമ ഷറഫിന്റെയും മറ്റും സുഹൃത്തായതിനാല്‍ സമീപിക്കാന്‍ എളുപ്പമായി. കഥ കേട്ടയുടനെതന്നെ പടം ചെയ്യാമെന്നു സമ്മതിച്ചു. തിരക്കഥ റെഡിയാകുംവരെ രണ്ടുമൂന്നു വര്‍ഷം കാത്തിരുന്ന് അനുപമ ഈ പടം ചെയ്തു.
ഇന്‍വെസ്റ്റിഗേഷന്‍, കഥയുടെ ഭാഗമാണോ..?
ഇന്‍വെസ്റ്റിഗേഷനുണ്ട്. പക്ഷേ, ബ്രില്യന്റ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന രീതിയിലല്ല അത്. കുട്ടികള്‍ക്കുകൂടി മനസിലാകുന്ന രീതിയില്‍, ഹ്യൂമര്‍ മൂഡില്‍ പോകുന്ന, എല്ലാവരും ഇഷ്ടപ്പെടുന്ന ഇന്‍വെസ്റ്റിഗേഷന്‍. ഇതിലെ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. ഒരുപാടു കഥാപാത്രങ്ങളിലൂടെ രസകരമായി പോകുന്ന ഇന്‍വെസ്റ്റിഗേഷന്‍. രജിത് മേനോന് എന്ന പോലീസ് വേഷത്തില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തില്‍ വിനായകനും സ്ക്രീനിലെത്തുന്നു. വിജയരാഘവന്, പ്രേമലുവിലെ ശ്യാംമോഹന്, യൂട്യൂബേഴ്സായ സഞ്ജു, ലക്ഷ്മി, രോമാഞ്ചം ഫെയിം ജഗദീഷ് തുടങ്ങിയവരുമുണ്ട്.
സിനിമയിലേക്കുള്ള യാത്ര...?
പത്തനംതിട്ട കുമ്പഴയാണു സ്വദേശം. എംബിഎയ്ക്കുശേഷം ബംഗളൂരുവിലും കേരളത്തിലുമായി ജോലിയിലായിരുന്നു. സിനിമയിലെത്തണമെന്ന മോഹം പൂര്‍ത്തീകരിക്കാനായി ജോലി രാജിവയ്ക്കുമ്പോള്‍ ഒരു കമ്പനിയുടെ കേരള സെയില്‍സ് ഹെഡ് ആയിരുന്നു. അന്വേഷണം, സാജന് ബേക്കറി, ചതുര്‍മുഖം എന്നിങ്ങനെ ചില സിനിമകളില്‍ അഭിനയിച്ചാണു തുടക്കം. അപ്പോഴേക്കും കൊറോണയായി, അഭിനയം മുടങ്ങി. എഴുതിയ സിനിമയും നടന്നില്ല.
ഷറഫുമായി മുന്‍പുള്ള പരിചയം ഞാന്‍ എറണാകുളത്തുവന്നശേഷം ദൃഢമായി. ഒരേ വൈബിലുള്ള, ഒരേപോലെ സിനിമ സംസാരിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള സൗഹൃദം. ഞാനും മഹേഷ് ഗോപാലും ചേര്‍ന്നെഴുതിയ ഒരു കഥ ഷറഫിന് ഇഷ്ടമായി. അതാണു "മധുരമനോഹര മോഹം'. അതു നല്ലരീതിയില്‍ ഓടി, ഹിറ്റായി. ആ സിനിമയ്ക്കൊപ്പം കമിറ്റ് ചെയ്തതാണ് പെറ്റ് ഡിറ്റക്ടീവും. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിനുവേണ്ടി ഞാന്‍ ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ഒപ്പം, ഇതിൽ കാട്ടാളന് സുനി എന്ന വേഷവും അഭിനയിച്ചു.
"മധുരമനോഹരമോഹ’ത്തിൽ പല സാമൂഹികവിഷയങ്ങളും വിവാദമാകാതെ പറയാനായത്..?

നമ്മള് കണ്ടിട്ടുള്ള കാര്യങ്ങള്‍ രസകരമായി കാണിച്ചുവെന്നേയുള്ളൂ. അതിനെ ഓവറാക്കാന്‍ ശ്രമിക്കുമ്പോഴോ അതിലേക്കു സ്ട്രസ് കൊടുക്കുമ്പോഴോ ആണ് വിവാദങ്ങളും പ്രശ്നങ്ങളുമാകുന്നത്. നമ്മള് ആരുടെയും ഫീലിംഗ്സ് മുറിപ്പെടുത്താനോ അതുവച്ച് പൊളിറ്റിക്സ് പറയാനോ സിനിമ ചെയ്യുന്നവരല്ലല്ലോ. എന്നാല്‍ കാണിക്കേണ്ടതു കാണിക്കുകയും വേണം. നമ്മള് പറഞ്ഞതിന്റെ ഉദ്ദേശ്യശുദ്ധി ആളുകള്‍ക്കു മനസിലാകുന്നുവെന്നത് നല്ലകാര്യമാണ്.
മധുര മനോഹരമോഹം ടീമിന്റെ പുതിയ സിനിമ വരുമോ..?

എല്ലാവരും ഓരോരോ വഴികളിലാണ്. സ്റ്റെഫി തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. കോ-റൈറ്റര്‍ മഹേഷ് ഗോപാല്‍ എഴുത്തിലാണ്. ഞാന്‍ എന്റേതായ എഴുത്തിലാണ്. എല്ലാവരും ഒരുമിച്ച് ഉടനെയൊന്നും ഉണ്ടാവില്ല.
ഇനിയും പത്തനംതിട്ടക്കഥകള് പ്ലാനുണ്ടോ..?
സുഹൃത്ത് ബിബിന്‍ മോഹനൊപ്പം എഴുതിയ "മധുവിധു’വില്‍ പത്തനംതിട്ടയ്ക്കു പ്രാധാന്യമുണ്ട്. നവംബര്‍-ഡിസംബറില്‍ റിലീസാകുന്ന ചിത്രം അടൂര്‍, തിരുവല്ല പശ്ചാത്തലത്തിലുള്ള ഫാമിലി കോമഡിയാണ്. സംവിധാനം വിഷ്ണു അരവിന്ദ്. അതിലും ഷറഫുദീനാണു നായകന്. പത്തനംതിട്ടയുടെ പശ്ചാത്തലത്തില്‍ ഇനിയും തിരക്കഥകള്‍ എഴുതുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, സിനിമയ്ക്കൊരു ഫ്രഷ് ഫീൽ കിട്ടും. പിന്നെ എനിക്ക് ഏറ്റവും അറിയാവുന്ന ഒരു പ്രദേശവുമാണല്ലോ. നമുക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഏറ്റവും നന്നായി എഴുതാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം.
തുടര്‍ന്നും കോമഡിചിത്രങ്ങളാണോ എഴുതുന്നത്?
എഴുതിയ മൂന്നു ചിത്രങ്ങളും ലൈറ്റ് ഹാര്‍ട്ടഡ് കോമഡിയാണെങ്കിലും ഞാന്‍ ആക്ഷന്‍ ത്രില്ലര്‍ ഫാനാണ്. മിഥോളജിയും ആക്ഷനും ത്രില്ലറുമൊക്കെ ചെയ്യാന്‍ താത്പര്യമുണ്ട്. ഒന്നുരണ്ടു വലിയ പടങ്ങളുടെ എഴുത്തിലും മറ്റു കാര്യങ്ങളിലുമാണ്. അടുത്ത വര്‍ഷംതന്നെ വലിയൊരു പടം ഉണ്ടാവട്ടെ എന്നാണ് ആഗ്രഹം.