കഥ പോലും കേൾക്കാതെ കൈ കൊടുത്തു
Monday, September 29, 2025 12:28 PM IST
1955ല്‍, മെറിലാന്‍ഡ് പി. സുബ്രഹ്മണ്യമാണു മലയാളത്തിലെ ആദ്യ ത്രില്ലര്‍ സിനിമ സിഐഡി നിര്‍മിച്ചത്. "സിഐഡി’ക്ക് 70 തികയുമ്പോള്‍ സുബ്രഹ്മണ്യത്തിന്റെ ചെറുമകന് വിശാഖും വിനീത് ശ്രീനിവാസനും ചേര്‍ന്നു നിര്‍മിച്ച "കരം' തിയറ്ററുകളില്‍. "തിര'യ്ക്കുശേഷം വിനീത് സംവിധാനംചെയ്ത ത്രില്ലര്‍. തട്ടിക്കൊണ്ടുപോകലും രക്ഷപ്പെടുത്തലുമാണു പ്രമേയം. വിശാഖ് സുബ്രഹ്മണ്യം സണ്ഡേദീപികയോടു സംസാരിക്കുന്നു.
കരത്തിന്റെ നിർമാതാവായത്...?

വാസ്തവത്തില്‍ കരം, നോബിള്‍ അഭിനയിച്ച്, സംവിധാനം ചെയ്യാനിരുന്നതാണ്. 2021ല്‍ നോബിള്‍ കരം എഴുതിത്തുടങ്ങി. 2023 ഏപ്രിലില്‍ ഫുള്‍ സ്ക്രിപ്റ്റുമായി സുഹൃത്തായ വിനീതിന്റെ അഭിപ്രായം തേടി. കഥയില്‍ ആവേശഭരിതനായ വിനീത്, ഒരു വര്‍ഷം കാത്തുനിന്നാല്‍ "വര്‍ഷങ്ങള്‍ക്കുശേഷം’ തിയറ്ററിലെത്തിക്കഴിഞ്ഞ് താന്‍ ഈ പടം സംവിധാനം ചെയ്യാമെന്നു നോബിളിനോടു പറഞ്ഞു.
അന്നുതന്നെ വിനീത് എന്നെ വിളിച്ച് ആ സ്ക്രിപ്റ്റിനെക്കുറിച്ചും അടുത്ത പ്രോജക്ടായി ഒരു ത്രില്ലര്‍ ചെയ്യാനുള്ള ആഗ്രഹവും പറഞ്ഞു. വിദേശരാജ്യങ്ങളിലാണ് ഷൂട്ടിംഗ്. ബജറ്റ് മുന്‍കൂട്ടി പറയാനാവില്ല. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യില്ല. അതിനൊത്ത ടെക്നീഷന്‍സ് വേണം. ഒപ്പം കാണുമല്ലോ എന്നു ചോദിച്ചപ്പോള്‍ കഥപോലും കേള്‍ക്കാതെ ഞാന്‍ ഓകെ പറഞ്ഞു.
മേക്കിംഗിലെ വെല്ലുവിളി..?
ആദ്യാവസാനം വെല്ലുവിളികൾ തന്നെയായിരുന്നു. ലൊക്കേഷന്‍ ഹണ്ടും യാത്രകളുമായി പ്രീ-പ്രൊഡക്ഷന്‍ ഒരു വര്‍ഷം. 2024 മാര്‍ച്ച് അവസാന ആഴ്ച മുതല്‍ ജൂണ്‍ ആദ്യ ആഴ്ച വരെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ്. പടത്തിന്റെ 95 ശതമാനവും ചിത്രീകരിച്ചത് ജോര്‍ജിയ, അസര്ബൈജാന്, റഷ്യന്‍ അതിര്‍ത്തി എന്നിവിടങ്ങളിൽ. മാക് എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന വിദേശ പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്നായിരുന്നു നിര്‍മാണം.

വിദേശത്ത് ഷൂട്ടിംഗിന് ഇന്ത്യയിലേതിനേക്കാള്‍ അഞ്ചാറിരട്ടി ചെലവുണ്ട്. നാട്ടിൽനിന്ന് കൊണ്ടുപോയ ടെക്നീഷന്സിനൊപ്പം 50 ശതമാനം പേരെ അവിടെനിന്ന് ക്രൂവില്‍ ഉള്‍പ്പെടുത്തണം. ഇവിടെ ഒരാൾക്കു 10 ദിവസം നല്കുന്ന ബാറ്റയാണ് അവിടെ ഒരുദിവസം കൊടുക്കേണ്ടിവരിക. ഉപകരണങ്ങളുടെ വാടക, ടെക്നീഷന്സിന്റെ പ്രതിഫലം എന്നിവയിലൊക്കെ വലിയ വ്യത്യാസമുണ്ട്. ചെലവേറിയപ്പോള്‍ നിര്‍മാണപങ്കാളിയായി വിനീതും ചേര്‍ന്നു.
നോബിളിനെ നായകനാക്കാനുള്ള ആത്മവിശ്വാസം..?

മലര്‍വാടിയിലൂടെ നിവിനെ സിനിമയില്‍ കൊണ്ടുവന്നത് വിനീതാണ്. തട്ടത്തിന് മറയത്ത് സമയത്തും നിവിന്‍ സ്റ്റാര്‍ ആയിട്ടില്ല. അതിനുശേഷമാണ് നിവിനു ഫാന്‍ ഫോളോയിംഗ് വന്നത്. ഹൃദയം കഴിഞ്ഞാണു പ്രണവിനു ഫാന്‍ ഫോളോയിംഗ് വന്നത്. തിരയിലൂടെയാണു ധ്യാനിനെ കൊണ്ടുവന്നത്. ഈ നാലു ചിത്രങ്ങളിലും കാന്‍വാസ് സ്റ്റാറുകളോ അന്നത്തെ ശ്രദ്ധേയ നടന്മാരോ ഇല്ല. അതേപോലെ വീണ്ടും ഒരു പരീക്ഷണം.
ഏതുതരം പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഈ സിനിമ..?
തിര 2 ചോദിക്കുന്നവര്‍ക്കു വേണ്ടിയാണ് വാസ്തവത്തില്‍ വിനീത് ഈ പടം ചെയ്തത്. നിര്‍മാതാവിനു ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയാണു തിര നല്‍കിയത്. അന്നത്തെ പ്രേക്ഷകര്‍ അത്തരം സിനിമാ അനുഭവങ്ങള്‍ക്കു തയാറെടുത്തിരുന്നില്ല. പക്ഷേ, പിന്നീട് ഏറ്റവുമധികം അഭിപ്രായം കിട്ടിയ പടം തിരയാണ്. ഓടിടി വന്നതോടെ ആളുകൾ വേറിട്ട ത്രില്ലറുകള്‍ ആസ്വദിക്കുന്ന ഇക്കാലത്ത് വിനീതിന്റെ പ്രേക്ഷകര്‍ക്കായി കൊണ്ടുവന്ന പടമാണു കരം.