ജീത്തൂസ് ഇവന്റ്ഫുൾ ത്രില്ലര്‍
ടി.ജി. ബൈജുനാഥ്
Monday, September 22, 2025 12:10 PM IST
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്ലര്‍, "മിറാഷ്’ തിയറ്ററുകളില്‍. ഇത് ഇമോഷണല്‍ ത്രില്ലര്‍ അല്ലെന്നും ഇവന്റ്ഫുള്‍ ത്രില്ലറാണെന്നും സംവിധായകന് പറയുന്നു. "ഇതില്‍ ഇമോഷനുകളെക്കാളും മുകളില്‍ നില്‍ക്കുന്നത് കുറച്ചു സംഭവവികാസങ്ങളാണ്.
ഇതിലെ ഇമോഷനുകള്‍ വേറൊരു രീതിയിലാവും ആളുകള്‍ക്കു ഫീല്‍ ചെയ്യുക. അവിടെയാണ് ഇതിന്റെ വ്യത്യസ്തത. പക്ഷേ, സാധാരണ ത്രില്ലറുകളിലെ ചില സമാനതകള്‍ ഇതിലുമുണ്ടാവാം’ ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
മിറാഷിലേക്ക് എത്തിയത്..?
ഇതു ഹിന്ദിയില്‍ സിനിമയാക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പു വന്ന സ്ക്രിപ്റ്റാണ്. അതില്‍ സ്ത്രീകേന്ദ്രീകൃതം എന്നു പറയാവുന്ന കഥാപാത്രമുള്ളതിനാല് അവിടെ പല നായകന്മാര്ക്കും ചെറിയ താത്പര്യക്കുറവുണ്ടായി.

നാലഞ്ചു വര്‍ഷം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഞാന്‍ ആസിഫിനോടു ചോദിച്ചു. തന്റേത് അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള വേഷമാണെങ്കില്‍ ഓകെ എന്ന് ആസിഫ്. അപര്‍ണ ആര്. താരാക്കടിന്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളിന്റെ ഹിന്ദി തിരക്കഥ. പിന്നീടു ഞങ്ങള്‍ ഒന്നിച്ചിരുന്നു തിരക്കഥയില്‍ വര്‍ക്ക് ചെയ്ത് മലയാളത്തിലേക്കു മാറ്റി.
മിറാഷ് എന്ന പേരിനു പിന്നില്‍..?

അപര്‍ണ അവതരിപ്പിക്കുന്ന അഭിരാമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്കു വരുന്ന ഒരു പ്രശ്നം. അതിന്റെ ഉത്തരം തേടിയുള്ള അഭിരാമിയുടെ യാത്രയില്‍ ഒപ്പം, അവളുടെ ഒരു സഹപ്രവര്‍ത്തകനുമുണ്ട്. ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ ആസിഫിന്റെ കഥാപാത്രം അശ്വിനും ഇടയ്ക്ക് അവര്‍ക്കൊപ്പം ചേരുന്നു.
ആ പ്രശ്നത്തിന്റെ കാരണവും പരിഹാരവും തേടിയുള്ള അവരുടെ യാത്രയാണു സിനിമ. ഓരോ പ്രശ്നത്തിന്റെയും അടുത്തേക്കു ചെല്ലുമ്പോള്‍ ഇവര്‍ ഉദ്ദേശിച്ചതും കാണുന്നതുമല്ല യഥാര്‍ഥ സംഭവം! നിരന്തരം മാറിക്കൊണ്ടിരിക്കുകയാണു യാഥാര്‍ഥ്യം. അതാണ് മിറാഷ് എന്നു പേരിട്ടത്.
എത്രത്തോളം കംഫര്‍ട്ടാണ് ആസിഫ് എന്ന നടന്..?
നമ്മളോട് എല്ലാ രീതിയിലും സഹകരിക്കുന്ന, നല്ല രീതിയില്‍ പ്രഫഷണലിസം കാണിക്കുന്ന ഒരു നടന്. തന്റെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ അതിനു സ്ക്രീന്‍ സ്പേസ് കുറവാണോ എന്നുള്ള ചിന്തകളില്ലാതെ, അതില്‍ തനിക്ക് എന്താണു ചെയ്യാനുള്ളത് എന്നുമാത്രമാണു നോക്കുക. അതുകൊണ്ടാണ് ആസിഫിനെ ഡെയറിംഗ് ആക്ടറെന്നു ഞാന്‍ പറയുന്നത്.
എന്തും ചെയ്യും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി. അതാണ് എനിക്ക് ആസിഫിലുള്ള ഇഷ്ടവും താത്പര്യവും. ഓരോ സിനിമ ചെയ്യുമ്പോഴും ഒരു നടന് പ്രത്യേകമായി പരി ശ്രമിച്ചാൽ സ്വാഭാവികമായും അയാളിലെ നടനപാടവം മിനുക്കിയെടുക്കാം. കൂമനില്‍ നിന്ന് മിറാഷിലെത്തുമ്പോള് ആ ഒരു വളര്‍ച്ച ആസിഫില്‍ കാണുന്നുണ്ട്.
അപര്‍ണ ബാലമുരളിയിലേക്ക് എത്തിയത്..?

കുറച്ചു തന്റേടമുള്ള, കരുത്താര്‍ന്ന കഥാപാത്ര സ്വഭാവമാണ് അഭിരാമിയുടേത്. അത്തരത്തില്‍ കഴിവുള്ള ഒരഭിനേത്രിക്കാവും ആ വേഷം അനായാസം, വിജയകരമായി പൂര്‍ത്തിയാക്കാനാവുക. അതുകൊണ്ടാണ് അപര്‍ണയെ കാസ്റ്റ് ചെയ്തത്. അപര്‍ണയാണ് കഥയുടെ കേന്ദ്രം. അപര്ണയിലൂടെയാണു കഥ പോകുന്നത്. ഹന്ന റെജി കോശി, തമിഴ് നടന് സമ്പത്ത്, ഹക്കീം ഷാ, ബിഗ് ബോസ് ഫെയിം അര്ജുന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
കഥപറച്ചിലില്‍ ഒരു സൈക്കോളജിക്കല്‍ സമീപനമുണ്ടോ..?
ഇതില്‍ അത്തരം അതിസങ്കീര്‍ണ സ്വഭാവവിശേഷങ്ങളുള്ള കഥാപാത്രങ്ങളില്ല. പച്ചയായ കുറേ മനുഷ്യര്‍, അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍, അത് അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതേയുള്ളൂ. എല്ലാവര്ക്കും വളരെ സിംപിളായി മനസിലാകുന്ന ഒരു സിനിമ തന്നെയാണ്. ജീവിതത്തില്‍ ഒരേതരം പ്രശ്നങ്ങള്‍ വരുമ്പോള്‍ ചിലര്‍ അതിനെ ബോള്‍ഡായി കൈകാര്യം ചെയ്യും, ചിലര്‍ പേടിച്ചു മാറിനില്‍ക്കും. ഇതില്‍ അപര്‍ണയുടെ കഥാപാത്രം കുറച്ചു ബോള്‍ഡായിത്തന്നെ അതു കൈകാര്യം ചെയ്യുന്നുണ്ട്.
വെല്ലുവിളി സ്ക്രിപ്റ്റിംഗിലാണോ..?
തീര്‍ച്ചയായും. നല്ല ഒരു സ്ക്രിപ്റ്റുണ്ടെങ്കില് സിനിമയുടെ 70 ശതമാനം ജോലി കഴിഞ്ഞുവെന്നു പറയാം. സാധാരണ സിനിമാ ഷൂട്ടിംഗിലുള്ള വെല്ലുവിളികള്‍ മാത്രമേ ഈ സിനിമയിലുമുള്ളൂ. കുടുംബവുമായി തിയറ്ററിലെത്തി രണ്ടര മണിക്കൂര്‍ രസിക്കാനാകുന്ന രീതിയിലാണു മേക്കിംഗ്.
സ്വന്തം സ്ക്രിപ്റ്റാണോ മറ്റൊരാളിന്റെ സ്ക്രിപ്റ്റാണോ സൗകര്യപ്രദം..?
രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. തനിയെ സ്ക്രിപ്റ്റ് എഴുതിയാൽ പിന്നീട് അതു ഷൂട്ട് ചെയ്യാനും മറ്റും എളുപ്പമാണ്. വേറൊരാളിന്റെ സ്ക്രിപ്റ്റ് എടുക്കുമ്പോള്‍ അതു മനസിലേക്കു ഫീഡ് ചെയ്തു കയറ്റി, അതു നമ്മുടേതായ രീതിയിലേക്കു കൊണ്ടുവരണം, പിന്നെയുമതു ഫീഡ് ചെയ്യണം...അങ്ങനെയൊക്കെയുള്ള പണികളുണ്ട്.
ദൃശ്യം 3 യുടെ പുതിയ വിശേഷം..?
ദൃശ്യം 3യുടെ തിരക്കഥ പൂര്‍ത്തിയായി. ഉടന്‍ തന്നെ ഷൂട്ടിംഗ് തുടങ്ങും. തമിഴില്‍ പാപനാശവും ദൃശ്യം 2 ന്റെ തെലുങ്കും ഞാനാണു സംവിധാനം ചെയ്തത്. പക്ഷേ, ദൃശ്യം 3 മറ്റു ഭാഷകളില്‍ അവിടത്തെ സംവിധായകരാവും ചെയ്യുക.
ദൃശ്യം 3യില്‍ കഥ അവസാനിക്കുമോ..?
ദൃശ്യം കഴിഞ്ഞപ്പോള്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യം 2 കഴിഞ്ഞപ്പോള്‍ മൂന്നാം ഭാഗം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. ചിലപ്പോള്‍ 3 ല്‍ തന്നെ തീരുമായിരിക്കാം. എന്തെങ്കിലുമൊക്കെ കഥ വന്നാല്‍ തുടരുമായിരിക്കാം. പല ഘടകങ്ങള്‍ പരിഗണിച്ചാണ് അതില്‍ തീരുമാനമുണ്ടാവുക.
വലതുവശത്തെ കള്ളന് എന്തായി..?
പോസ്റ്റ് പ്രൊഡക്ഷന്‍ തുടരുന്നു. ബിജു മേനോനും ജോജു ജോര്‍ജുമാണ് പ്രധാനവേഷങ്ങളില്‍. ഡിനു തോമസ് ഈലന്റേതാണു തിരക്കഥ.
ഫഹദ് ചിത്രം ചെയ്യുന്നുണ്ടോ..?
നേരിന്റെ തിരക്കഥാകൃത്ത് ശാന്തി മായാദേവിയുടെ തിരക്കഥയിലാണ് ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലുള്ള സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നത്. 2026 ആദ്യം ചിത്രീകരണം തുടങ്ങും.
ഒരു പ്രത്യേക ജോണറില്ത്തന്നെ സിനിമ ചെയ്യുക, പുതിയ താരങ്ങളെവച്ച് പരീക്ഷണങ്ങളിലേക്കു പോകാതിരിക്കുക എന്നിങ്ങനെ പ്രത്യേക താത്പര്യങ്ങളുണ്ടോ..?
കഥ കേള്‍ക്കുമ്പോള്‍ അതില്‍ രസകരമായതും താത്പര്യമുണര്‍ത്തുന്നതും എന്താണോ അതുവച്ച് സിനിമ ചെയ്യും, അത്രയേയുള്ളൂ. ഒരു കഥയുടെ ത്രഡ് കേട്ടപ്പോള്‍ രസം തോന്നി, ഒരു ഹ്യൂമര്‍ സിനിമ ചെയ്യാന്‍ നോക്കി. അതാണു നുണക്കുഴി. ആദ്യം ഞാന്‍ സബ്ജക്ടാണു നോക്കുക. പുതിയ ആക്ടേഴ്സിനു പറ്റിയ സബ്ജക്ട് വരുമ്പോള്‍ അതേപ്പറ്റി ചിന്തിക്കും.
സോഷ്യല്‍മീഡിയയില്‍ ജീത്തു ജോസഫ് സിനിമകളെക്കുറിച്ച് ഊഹാപോഹങ്ങൾ നിരവധിയാണല്ലോ...?
മമ്മൂട്ടിയെ നായകനാക്കി ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു എന്നൊക്കെ ഈയിടെയും വാർത്ത വന്നു. അതിനൊക്കെ ഞാന്‍ എന്തു മറുപടി പറയാനാണ്. ഡിറ്റക്ടീവ്, മെമ്മറീസ് എന്നിവയ്ക്ക് പാര്‍ട്ട് 2 ഞാന്‍ ചിന്തിച്ചിട്ടുമില്ല.
ഇന്ന ആക്ടര്‍, ഇന്ന ജോണര്‍ എന്നു പറഞ്ഞ് ഞാന്‍ സിനിമ ചെയ്യാറില്ല. എനിക്കു കഥയാണു മെയിന്‍. നല്ലൊരു കഥ വന്നാല്‍ അതു സെലക്ട് ചെയ്യും. എഴുതിക്കഴിയുമ്പോള്‍ അതിനു പറ്റിയ അഭിനേതാക്കള്‍ ആരെന്നു കണ്ടെത്തും. ഏതു ജോണറിലുള്ള കഥയെന്നു നോക്കി അതില്‍ സിനിമ ചെയ്യും. അതാണ് എന്റെ രീതി.